കുമരകം: ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ ഭാഗമായുള്ള രണ്ടാം ഷെർപ്പ യോഗത്തോടനുബന്ധിച്ച് ഹരിതവികസനം: 21-ാം നൂറ്റാണ്ടിനായുള്ള വികസനാത്മക കാഴ്ചപ്പാടിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. .
‘ഹരിത വികസന – സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിൽ, വികസനാത്മകവും സമഗ്രവും നിർണായകവും പ്രവർത്തനാധിഷ്ഠിതവുമായിരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’ – ഹരിത വികസനത്തിന്റെ കാര്യത്തില്‍ പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള ചര്‍ച്ചകൾക്കു തുടക്കമിട്ട് അമിതാഭ് കാന്ത് പറഞ്ഞു.
ജെഫ്രി സാക്സ് (കൊളംബിയ സര്‍വകലാശാലയിലെ സുസ്ഥിര വികസനകേന്ദ്ര ഡയറക്ടര്‍), അവിനാഷ് പെര്‍സോദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാർബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി; കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം), ഷാമിക രവി (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം), ബൊഗോളോ കെനെവെൻഡോ (ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉന്നതതല ഉപദേഷ്ടാവ്, ആഫ്രിക്ക ഡയറക്ടർ), ലില്ലി ഹാന്‍ (റോക്ഫെല്ലര്‍ ഫൗണ്ടേഷന് ഇന്നവേറ്റീവ് ഫിനാൻസ് ഡയറക്ടർ), അമര്‍ ഭട്ടാചാര്യ (സീനിയർ ഫെലോ, ഗ്ലോബൽ എക്കണോമി ആൻഡ് ഡെവലപ്മെന്റ്, സെന്റർ ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ്, ബ്രൂക്കിങ്സ്; കാലാവസ്ഥാധനകാര്യം സംബന്ധിച്ച സ്വതന്ത്ര ഉന്നതതല വിദഗ്ധ സമിതി എക്സിക്യൂട്ടീവ് സെക്രട്ടറി), അനിരുദ്ധദാസ് ഗുപ്ത (ലോക റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയും പ്രസിഡന്റും), നൈന ഫെന്റണ്‍ (യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ദക്ഷിണേഷ്യ മേഖലാ പ്രതിനിധി), ഒവായിസ് സമദ് (ഡെപ്യൂട്ടി എക്സിക്യൂട്ടീവ് സെക്രട്ടറി, യുഎൻഎഫ്സിസിസി), ശ്ലോക നാഥ് (ഇന്ത്യ ക്ലൈമറ്റ് കൊളാബറേറ്റിവ് സിഇഒ), ജോര്‍ജ് ഗ്രേ മൊളീന (യുഎൻ വികസനപരിപാടി നയ നിർവഹണമേധാവിയും മുഖ്യ സാമ്പത്തിക വിദഗ്ധനും), സ്റ്റീഫന്‍ വേഗുഡ് (അവീവ ചീഫ് റെസ്പോണ്സിബിള് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍) എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
‘ഹരിത വികസന – സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിൽ, വികസനാത്മകവും സമഗ്രവും നിർണായകവും പ്രവർത്തനാധിഷ്ഠിതവുമായിരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’ – ഹരിത വികസനത്തിന്റെ കാര്യത്തില്‍ പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള ചര്‍ച്ചകൾക്കു തുടക്കമിട്ട് അമിതാഭ് കാന്ത് പറഞ്ഞു.
‘എന്തായിരിക്കണം ജി20യുടെ ഹരിത വികസനത്തിന്റെ കാര്യപരിപാടി, പ്രത്യേകിച്ചും വളരെ പ്രധാന്യമര്‍ഹിക്കുന്നതും സുസ്ഥിരവുമായ സാമ്പത്തിക അന്തരത്തിന്റെ കൂടി സാഹചര്യം പരിശോധിക്കുമ്പോള്‍’ എന്ന് സുസ്ഥിരമായ ഹരിത വികസനം വിഷയത്തിൽ പാനല്‍ ചര്‍ച്ച നിയന്ത്രിച്ച ഷാമിക രവി ചോദിച്ചു. ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ ഉന്നമനത്തിനും സുസ്ഥിര വികസനത്തിനുമായി ഒരു ട്രില്യണ്‍ അമേരിക്കന്‍ ഡോളറെങ്കിലും വര്‍ഷംതോറും ലഭ്യമാക്കുന്നതിനായി ലക്ഷ്യമിടണമെന്നാണു ജെഫ്രി സാക്സ് പ്രതികരിച്ചത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നു യൂറോപ്യന്‍ യൂണിയന്റെ പങ്കു വിശദീകരിച്ച് നൈന ഫെന്റണ്‍ പറഞ്ഞു. വികസന മേഖലയില്‍ കോവിഡ് മഹാമാരിക്ക് ശേഷമുള്ള നിക്ഷേപങ്ങളില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ പ്രാധാന്യം നല്കി വേണം ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
ലോകം ഇപ്പോള്‍ തന്നെ 1.1 ഡിഗ്രി ആഗോള തപനത്തിലാണെന്നും ഇതുകാരണം നിരവധി ജീവനും ജീവനോപാധികളും നഷ്ടമാകുകയും ചെയ്യുന്നു എന്നും ഹരിത വികസനത്തില്‍ ബഹുമുഖ ഇടപെടലുകളുടെ ആവശ്യകതയെകുറിച്ച് സംസാരിച്ച ഒവായിസ് സമദ് പറഞ്ഞു. ജനകേന്ദ്രീകൃതമായ സമീപനമാണ് ഇത് പരിഹരിക്കാന്‍ വേണ്ടതെന്നും അതിലൂടെ വേണം ജി20 തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ‘ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന പ്രകൃതിയുടെ വാണിജ്യ മൂല്യത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുകയും യോജിപ്പ് കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്’ – ജി20യുടെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി ബൊഗോലോ കെനെവെൻഡോ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, ഹരിത വികസനം എന്നിവയെ രണ്ടായി കാണുന്നത് തെറ്റായ സമീപനമാണെന്ന് അവിനാഷ് പെര്‍സോദ് കൂട്ടിച്ചേർത്തു. പട്ടിണി, ദാരിദ്ര്യം, തുല്യതയില്ലായ്മ എന്നിവ ആഗോളതലത്തില്‍ വിജയകരമായി നേരിടാനും പ്രതിസന്ധികളെ തരണം ചെയ്യാനും ഇവ രണ്ടും ഒരുമിച്ച് കാണേണ്ടവയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയിലേക്ക് എത്തിച്ചേരാനായി കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ത്വരിതപ്പെടുത്തിയ കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായുള്ള ഏറ്റവും അഭിലഷണീയമായ ചില നയങ്ങളും നടപ്പാക്കുന്നതിലൂടെ സാമ്പത്തിക വളർച്ച സന്തുലിതമാക്കാൻ ഇന്ത്യയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനത്തിനും തുല്യമായ കാലാവസ്ഥാ പ്രവർത്തനത്തിനുമായി സാമ്പത്തിക ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനുള്ള ധീരമായ കാര്യപരിപാടി ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതിനാലും “പരിസ്ഥിതിസൗഹൃദ ജീവിതശൈലി (ലൈഫ്)” സമീപനത്തിലൂടെ ആഗോള സുസ്ഥിര ഉപഭോഗത്തിനുള്ള കാര്യപരിപാടി നിശ്ചയിക്കുന്നതിനാലും ഇത് പ്രസക്തമാണ്.
ഫലപ്രദമായ ഹരിത വികസനത്തിന് ആവശ്യമാകുംവിധം ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്:
· മാനുഷിക-പ്രകൃതി മൂലധനത്തിലെ ദീർഘകാല നിക്ഷേപങ്ങളുടെ വാണിജ്യമൂല്യം അംഗീകരിച്ചുകൊണ്ട്, സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ എന്നിവയില്‍ പരസ്പരബന്ധം സൃഷ്ടിക്കാന്‍ കഴിയണം.
· ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഊർജലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തിലുള്‍പ്പെടെ ജി20 നടത്തുന്ന പരിശ്രമങ്ങള്‍ക്കും ഇടപെടലുകള്‍ക്കും തുടര്‍ച്ചയുണ്ടാകണം. സുസ്ഥിരമായ നഗരങ്ങളും ജീവിത ശൈലിയും രൂപപ്പെടുത്തിയെടുക്കാനും കാര്‍ഷിക പരിഷ്കരണങ്ങള്‍ മുന്നോട്ടുവയ്ക്കാനും കഴിയണം. ഹരിതവികസനത്തിനായുള്ള പരിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം.
· തിരുത്തലിനുള്ള അവസരങ്ങള്‍ തിരിച്ചറിയുകയും ഒപ്പംതന്നെ പുനരുജ്ജീവനവും തുല്യതയും ഉറപ്പാക്കുന്നതിന് യോജിച്ച ശ്രമങ്ങള്‍ ഉണ്ടാകുകയും വേണം.
· വൈവിധ്യങ്ങളില്‍ ഊന്നി പങ്കാളികൾ തമ്മിൽ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയണം. ഇതിലൂടെ വികസ്വര രാജ്യങ്ങളിലേക്കുള്ള കാലാവസ്ഥാ-വികസന ധനസഹായ ഒഴുക്ക് ത്വരിതപ്പെടുത്തണം.
· സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാത്തരം മൂലധനത്തിലും നിക്ഷേപം ഗണ്യമായി വർധിപ്പിക്കുക. എംഡിബികൾ ലക്ഷ്യങ്ങൾക്ക് അനുയോജ്യമാക്കുക. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ദുർബലരാജ്യങ്ങൾക്കു കടത്തിൽ ഇളവിനും ധനസഹായത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ആവശ്യമാണ്.
· ആഗോളതലത്തിലുള്ള നയവും സാമ്പത്തികസഹകരണവും മെച്ചപ്പെടുകയും സമന്വയിപ്പിക്കുകയും വേണം. കൂടുതല്‍ ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുള്പ്പെടെ, സുസ്ഥിര-ഹരിത പരിവർത്തനങ്ങൾക്കായി മെച്ചപ്പെട്ട രാഷ്ട്രീയ – സാമ്പത്തിക സഹകരണവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: