ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന് നടക്കാനിരിക്കെ പിസിസി അധ്യക്ഷന്‍ ഡി. ശിവകുമാര്‍ നോട്ടു വിവാദത്തില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രജ ധ്വനി പ്രചാരണ റാലിയില്‍ ശിവകുമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞതാണ് വന്‍ വിവാദമായത്.
മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ 500 രൂപയുടെ നോട്ടുകള്‍ വാരിയെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ബേവിനഹള്ളിക്ക് സമീപം കോണ്‍ഗ്രസ് സംഘടിപ്പിച്ച രഥഘോഷയാത്രയുടെ ഭാഗമായി എത്തിയ ആളുകള്‍ക്കിടയിലേക്കാണ് തുറന്ന വാഹനത്തില്‍ നിന്നുകൊണ്ട് ശിവകുമാര്‍ കറന്‍സി വാരിയെറിഞ്ഞത്. മറ്റുകോണ്‍ഗ്രസ് നേതാക്കളും ഈ സമയം ശിവകുമാറിനോടൊപ്പം ഉണ്ടായിരുന്നു.
ഇതോടൊപ്പം നേരത്തെ വിവാഹ ചടങ്ങില്‍ നര്‍ത്തകിക്ക് നേരെ കറന്‍സി നോട്ടുകള്‍ വാരിയെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറലായിരുന്നു. ധര്‍വാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ ശിവശങ്കര്‍ ഹംപാനാവര്‍ എന്ന നേതാവാണ് നോട്ടുകള്‍ നര്‍ത്തകിക്ക് നേരെ വാരിയെറിഞ്ഞത്. കന്നഡ ഗാനത്തിന് ചുവടുവയ്ക്കുന്ന നര്‍ത്തകിക്കൊപ്പം നേതാവും നൃത്തം ചെയ്തു. ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കോണ്‍ഗ്രസിന്റെ സംസ്കാരമാണ് നേതാവിലൂടെ പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല കോണ്‍ഗ്രസ് നേതാക്കളും കുക്കര്‍, സാരി, ഫാന്‍, പണം ഉള്‍പ്പെടെ പലതും നല്കി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. പല മണ്ഡലങ്ങളും കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിപ്പിച്ച സമ്മാനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് വോട്ടര്‍മാരുടെ വീടുകളില്‍ എത്തിച്ച് വോട്ടഭ്യര്‍ത്ഥിക്കുന്നത്.
രൂക്ഷ വിമര്‍ശനവുമായി ബസവരാജ് ബൊമ്മെ
ഡി.കെ.ശിവകുമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് കറന്‍സി നോട്ടുകള്‍ വാരിയെറിയുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ തന്നെ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.കെ. ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്.
ആള്‍ക്കൂട്ടത്തിനിടയിലേക്ക് പണമെറിഞ്ഞതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കരുതുന്നത് കര്‍ണാടകയിലെ ജനങ്ങള്‍ യാചകരാണെന്നാണ്. ഇതേ ജനങ്ങള്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: