ന്യൂദല്‍ഹി::ഗൗതം അദാനി വിവാദത്തിൽ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുയര്‍ത്തി സ്മൃതി ഇറാനി. 2009ല്‍ ഒരു മാസികയില്‍ അച്ചടിച്ചു വന്ന ചിത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര ഗൗതം അദാനിയുടെ കൈ പിടിച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ സ്മൃതി ഇറാനി ഈ ചോദ്യം ഉയര്‍ത്തിയത്.
രാഹുല്‍ ഗാന്ധി അദാനിയ്‌ക്കെതിരെ ലോക്സഭയില്‍ വിമര്‍ശനം നടത്തുന്ന പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി മാഗസിനിലെ ചിത്രത്തില്‍ റോബര്‍ട്ട് വധേരയും ഗൗതം അദാനിയും സൗഹൃദം പങ്കുവെയ്‌ക്കുന്ന ചിത്രത്തെക്കുറിച്ച് ചോദ്യമുയര്‍ത്തിയത്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്‌ക്കൊപ്പമുള്ള ഗൗതം അദാനിയുടെ ചിത്രങ്ങൾ എങ്ങിനെ വന്നു? – സ്മൃതി ഇറാനി ചോദിച്ചു.
“രാജ്യം അദാനിക്ക് പതിച്ച് നൽകിയോ? രാജ്യം മുഴുവൻ അദാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ ബിസിനസ് രംഗത്തും അദാനിക്ക് മാത്രം വിജയിക്കാനാവുന്നത് എങ്ങനെയാണ്. അദാനിയുടെ വിജയത്തെപ്പറ്റി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 2014 മുതൽ അദാനിയുടെ സമ്പത്ത് കുത്തനെ കൂടി”- രാഹുൽ ഗാന്ധി അദാനിയുമായി മോദിക്കുള്ള ബന്ധത്തെക്കുറിച്ച് ലോക്സഭയിലും പുറത്തും ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളാണിത്.
” രാഹുല്‍ ഗാന്ധിയ്‌ക്ക് അദാനിയോട് പ്രശ്നമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സഹോദരിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേര അദാനിയ്‌ക്ക് കൈ കൊടുക്കുന്നത് ?”- സ്മൃതി ഇറാനി ചോദിച്ചു. മോദിയും അദാനിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ലോക് സഭയില്‍ ഉയര്‍ത്തിക്കാട്ടിയും രാഹുല്‍ അദാനി-മോദി ബന്ധത്തെ വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുകയാണ് അദാനിയും റോബര്‍ട്ട് വധേരയും സൗഹൃദത്തോടെ കൈപിടിച്ച് ഇരിക്കുന്ന ചിത്രം കാണിച്ച് ബിജെപി പ്രത്യാക്രമണം കടുപ്പിക്കുന്നത്. റോബര്‍ട്ട് വധേരയും ഗൗതം അദാനിയും നടന്നുപോകുന്ന ഒരു ചിത്രവും മഹേഷ് ജെത് മലാനി പുറത്തുവിട്ടു. ഇതിന് പുറമെ അദാനി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം ഇരിക്കുന്ന ചിത്രവും ശരത് പവാറും ഗൗതം അദാനിയും അടുത്തടുത്തിരിക്കുന്ന ചിത്രവും മഹേഷ് ജെത് മലാനി ട്വീറ്റ് ചെയ്തു. ക്രോണി ക്യാപിറ്റലിസം (ചങ്ങാത്ത മുതലാളിത്തം) എന്നതിന് തെളിവ് ഫോട്ടോയാണോ? എന്ന് ചോദിച്ചുകൊണ്ടാണ് മഹേഷ് ജെത് മലാനി ഈ ചിത്രങ്ങല്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: