തിരുവനന്തപുരം: വാഴനാരില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി വാഴത്തണ്ടിന്റെ വിതരണം ശക്തിപ്പെടുത്തുന്നതിനായുള്ള സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ആദ്യത്തെ വാഴപ്പഴ വിതരണ ശൃംഖല സൃഷ്ടിച്ച അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക്. ആഭ്യന്തര, ആഗോള വിപണികളില്‍ ഈ ഉത്പന്നങ്ങള്‍ക്കുള്ള ആവശ്യം കണക്കിലെടുത്ത് സംരംഭകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വാഴത്തണ്ടിന്റെ വിതരണം ആവശ്യാനുസരണം ഗ്രീനിക്ക് ഉറപ്പാക്കും.
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ചെറുകിട സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നതിനും വാഴനാരുകള്‍ വിപണിയില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഗ്രീനിക്ക് (www.greenikk.com) ഇതിനകം ചെയ്തിട്ടുണ്ട്. വാഴനാരില്‍ നിര്‍മ്മിച്ച ഹാന്‍ഡ്ബാഗ്, ടോട്ട് ബാഗ്, ക്ലച്ചുകള്‍, പായ, മേശവിരി, ടീ കോസ്റ്റര്‍, സെര്‍വിംഗ് ട്രേ, ഫ്രൂട്ട് ബാസ്ക്കറ്റ്, ഫ്ളവര്‍വെയ്സ്, വിളക്ക്, ഷേഡുകള്‍, ചുമര് അലങ്കാരങ്ങള്‍ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളിലും അലങ്കാര വസ്തുക്കളിലും ഗ്രീനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫ്രാന്‍സ്, സ്പെയിന്, യുഎസ്എ അടക്കമുള്ള വിദേശ വിപണികളില്‍ ഇത്തരം പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങള്‍ക്ക് വലിയ ആവശ്യക്കാരുണ്ട്.
വിപണിയിലെ അടിസ്ഥാനപ്രശ്നങ്ങള്‍ മനസ്സിലാക്കി വാഴനാര് ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് ഗ്രിനീക്ക് സ്ഥാപകരായ ഫാരിഖ് നൗഷാദും പ്രവീണ്‍ ജേക്കബ്ബും പറഞ്ഞു. ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ആവശ്യാനുസരണം ലഭ്യമാക്കുക എന്നതാണ് പ്രധാന കാര്യം. ഏഴ് കിലോ നാര് വേര്‍തിരിച്ചെടുക്കാന്‍ പ്രതിദിനം 70 മുതല്‍ 80 വരെ വാഴത്തണ്ടുകള്‍ സംസ്ക്കരിക്കണം. അസംസ്കൃത വസ്തുക്കള്‍ മതിയായ തോതില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഒന്നോ രണ്ടോ യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന യൂണിറ്റ് ലാഭകരമാകില്ല. ഉത്പന്നങ്ങളുടെ മികവ് നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളുടെയും നിര്‍ദേശങ്ങളുടെയും അഭാവമാണ് മറ്റൊരു പ്രശ്നം. ഓരോ യൂണിറ്റും ലഭ്യമായ വാഴനാരിന്റെ നിറം, ടെന്‍സൈല്‍ ശക്തി, സെല്ലുലോസ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത ഗുണനിലവാരമുള്ള ഫൈബര്‍ തെരഞ്ഞെടുക്കുന്നു. വിപണി കണ്ടെത്തുന്നതിലെ പ്രയാസം, പരിശീലനത്തിനും രൂപകല്‍പ്പനയ്ക്കുമുള്ള പിന്തുണക്കുറവ് എന്നിവയും പ്രതികൂല ഘടകങ്ങളാണ്. നാല് പതിറ്റാണ്ടായി വാഴനാര് കൊണ്ടുള്ള ഹാന്‍ഡ്ബാഗ് നിര്‍മ്മിക്കുന്ന എറണാകുളത്തെ ഒരു യൂണിറ്റിന് അസംസ്കൃത വസ്തുക്കളുടെ ക്ഷാമം കാരണം ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ടി വന്നതായും ഗ്രീനിക്ക് സ്ഥാപകര്‍ കൂട്ടിച്ചേര്‍ത്തു.
റെഷമാന്‍ഡി, എക്സ്ട്രാവീവ് തുടങ്ങിയ വിപണിയിലെ പ്രമുഖരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഗ്രീനിക്ക് ദക്ഷിണേന്ത്യയിലെ പ്രധാന വാഴപ്പഴ ഉത്പാദന മേഖലയായ തമിഴ്നാട്ടിലെ തേനിയിലെ ഗവേഷണ-വികസന മാതൃക വികസിപ്പിച്ചുകൊണ്ടാണ് വിപണിയിലെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. 45 ലേറെ ഇനം വാഴപ്പഴങ്ങള്‍ ഉപയോഗിച്ച് ഗ്രീനിക്ക് പരിശോധന നടത്തി. അവയുടെ നിറം, ടെന്‍സൈല്‍ ശക്തി, സെല്ലുലോസ് എന്നിവ അടിസ്ഥാനമാക്കി മൂന്ന് ഫൈബര്‍ ഇനങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. വാങ്ങുന്നവരുടെ ആവശ്യകത പ്രധാനമായും ഈ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. 12 വ്യത്യസ്ത വ്യവസായങ്ങളില്‍ വാഴനാരിന്റെ ആവശ്യകതയില്‍ വര്‍ധനവുണ്ടാക്കാന്‍ ഈ ശ്രമങ്ങള്‍ കാരണമായി.
ആഗോള ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിലും നാരുകളുടെ വിതരണം ഉറപ്പാക്കുന്നതിന് വാഴകൃഷി മേഖലകളില്‍ ചെറുകിട സംരംഭകരെ പരിശീലിപ്പിക്കുന്നതിലും ഗ്രീനിക്ക് ശ്രദ്ധവയ്ക്കുന്നു. 600-ലധികം വനിതാ കരകൗശല വിദഗ്ധരുമായി ഗ്രീനിക്ക് സഹകരിക്കുന്നുണ്ട്. ഒരു ഡിസൈന്‍ ടീമിന്റെ സഹായത്തോടെ ആഗോള വിപണിയില്‍ ഉത്പന്നങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ വികസിപ്പിക്കുന്നു. ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും greenikk.shop എന്ന പേരില്‍ പുതിയ ഡി2സി (ഡയറക്ട് ടു കണ്‍സ്യൂമര്‍) ഇന്‍സ്റ്റഗ്രാം പേജും സജ്ജമാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം വാഴപ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യയില്‍ വര്‍ഷം മുഴുവന്‍ കൃഷിചെയ്യുന്ന 120 ഓളം ഇനങ്ങള്‍ ഉണ്ടെന്നും വിളവെടുപ്പിനു ശേഷം 20 കോടിയോളം വാഴത്തണ്ട് കത്തിക്കുകയോ പാഴാകുകയോ ചെയ്യുകയാണെന്നും ഫാാരിഖ് നൗഷാദും പ്രവീണ്‍ ജേക്കബ്ബും പറഞ്ഞു. പാഴ്വസ്തുക്കളില് നിന്നുള്ള മൂല്യവര്‍ധന എന്നത് എല്ലാവരും ചെയ്യുന്നതാണ്. എന്നാല്‍ വാഴനാര് കൊണ്‍ണ്ടുള്ള ഉത്പന്നങ്ങള്‍ക്കായി വാഴത്തണ്ടണ്‍ിന്റെ സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആദ്യം നടപ്പാക്കുന്നത് ഗ്രീനിക്ക് ആണ്. വിപണി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് വിവിധ പങ്കാളികളെ ഉത്പാദനത്തിന് പ്രാപ്തരാക്കുന്ന വ്യത്യസ്ത സമീപനമാണ് ഗ്രീനിക്കിന്റേതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: