ലക്നൗ : ഒരു കടങ്കഥ പോലെയാണ് ഹാജി യാക്കൂബ് ഖുറേഷിയുടെ ജീവിതം. 1989 വരെ ഉന്തുവണ്ടിയിൽ നാരങ്ങ വിറ്റാണ് ജീവിതം ആരംഭിച്ചത്. ഇന്ന് ഹാജി യാക്കൂബ് ഖുറേഷിയ്‌ക്ക് ഇല്ലാത്തതായി ഒന്നുമില്ല. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന യാക്കൂബിന്റെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഭൂമിയുടെയും കെട്ടിടങ്ങളുടെയും രൂപത്തില്‍ 26 വസ്തുവകകൾ. 32 വാഹനങ്ങളുണ്ട്. ഇതിൽ 24 ല്‍ പരം ആഡംബര കാറുകളുണ്ട് .
ഭൂമിയും കെട്ടിടവുമായി കണ്ടെത്തിയ 26 വസ്തുവകകളിൽ 7 ആഡംബര വീടുകളും ഉൾപ്പെടുന്നു. മീററ്റിലെ വിവിധ സ്ഥലങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. യാക്കൂബ് ഖുറേഷിക്ക് 10 ഗ്രാമങ്ങളിൽ ഭൂമിയുണ്ട്. ഇവിടങ്ങളിൽ ചില നിർമാണങ്ങളും നടത്തിയിട്ടുണ്ട്. സരായ് ബഹ്ലിം കോട്വാലിയിൽ 2 വീടുകൾ സഞ്ജീദാ ബീഗത്തിന്റെ പേരിലാണ്. സാഹിദ്പൂരിൽ 6 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മെഴ്‌സിഡസ്, ജാഗ്വാർ, റേഞ്ചർ റോവർ തുടങ്ങിയ ആഡംബര വാഹനങ്ങളും സ്‌പോർട്‌സ് ബൈക്കുകളും യാക്കൂബിന്റെയും മക്കളായ ഇമ്രാൻ, ഫിറോസ് എന്നിവരുടെ പേരുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇന്നോവ, പെജീറോ, ബലേറോ, 5 സ്കോർപിയോ എന്നിവയുൾപ്പെടെ 23 വാഹനങ്ങളാണ് അൽഫാഹിം മീടെക്‌സ് കമ്പനിയുടെ പേരിൽ ഉള്ളത്. യാക്കൂബിന്റെ ഹാപൂർ റോഡിലെ സ്‌കൂൾ, ആശുപത്രി, ഇറച്ചി ഫാക്ടറി, പ്ലോട്ട്, സരായ് ബഹ്‌ലിമിലെ രണ്ട് വീടുകൾ, മറ്റ് അനധികൃത സ്വത്തുക്കൾ എന്നിവ പോലീസ് കണ്ടെത്തി.
അനധികൃത സ്വത്തുക്കളുടെ ഇതുവരെ കിട്ടിയ വിശദാംശങ്ങള്‍ അനുസരിച്ച് ഉത്തർപ്രദേശ് സര്‍ക്കാര്‍ ബിഎസ് പി നേതാവും മാംസവ്യാപാരിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ ഒമ്പത് കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടി.
മീററ്റ് പോലീസ് വ്യാഴാഴ്ച യാക്കൂബിന്റെ ഛത്തർപൂരിലെ വയലുകൾ അറ്റാച്ച് ചെയ്തിരുന്നു . യാക്കൂബിന്റെ ഭാര്യ സഞ്ജീദാ ബീഗത്തിന്റെ പേരിലാണ് ഇവ രണ്ടും. ഈ പാടങ്ങളുടെ മൂല്യം ഒമ്പത് കോടിയോളം വരും. ഇതിന് പുറമെ കണ്ടെത്തിയ 31 കോടി 77 ലക്ഷം രൂപയുടെ അനധികൃത സ്വത്തുക്കളിന്മേലും ഉടൻ നടപടിയുണ്ടാകും.
ഹാജി യാക്കൂബ് ഖുറേഷി 2023 ജനുവരി 7 മുതൽ സോൻഭദ്ര ജയിലിലാണ്. മക്കളായ ഇമ്രാനും ഫിറോസും ഇപ്പോൾ ജാമ്യത്തിലാണ്. യാക്കൂബ് ഖുറേഷിയും മക്കളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി .
പിന്നെ ശർക്കര വ്യാപാരത്തിലും , റിയൽ എസ്റ്റേറ്റിലും ഇറങ്ങി . പിന്നാലെ ബിഎസ് പിയിൽ ചേർന്നു. മായാവതി സർക്കാരുണ്ടാക്കിയപ്പോള്‍ മന്ത്രിയായി. ഇക്കാലയളവില്‍ ഇദ്ദേഹം സ്വത്തുക്കള്‍ വാരിക്കൂട്ടുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: