കൊച്ചി: നിരോധനം മറികടക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്. ഇതിനായി പിഎഫ്ഐയുടെ ആസ്ഥാനമായ ആലുവ പെരിയാര്‍വാലി കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും രഹസ്യയോഗങ്ങള് ചേര്‍ന്നതായി ഐബി റിപ്പോര്‍ട്ട് നല്കി. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയെ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് രഹസ്യയോഗങ്ങളില്‍ പ്രധാനമായും നടക്കുന്നത്. രഹസ്യചര്‍ച്ചകളില്‍ പുതിയ സംഘടനാ രൂപീകരണമാണ് പ്രധാന വിഷയം. സംസ്ഥാന നേതാക്കളില്‍ പലരും അറസ്റ്റിലായതോടെ രണ്ടാംനിര നേതാക്കളെ മുന്‍നിര്‍ത്തിയാണ് രഹസ്യയോഗങ്ങള്.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് പിഎഫ്ഐയെ വീണ്ടും സജീവമാക്കാനുള്ള ആലോചനാ യോഗങ്ങള്‍ കണ്ടെത്താനായത്. പിഎഫ്ഐയുടെ മുഖ്യധാരയിലില്ലാത്തവരും എന്‍ഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിനു പുറത്തുള്ളവരുമായ നേതാക്കളെ ചുമതലയേല്‍പ്പിച്ച് മറ്റൊരു പേരില്‍ സംഘടന രൂപീകരിക്കാനാണ് നീക്കം.
മനുഷ്യാവകാശ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയിലൂടെ ജനകീയ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കും. സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തിയാകും പുതിയ മുഖംമൂടി അണിഞ്ഞ് സംഘടനയെത്തുക. സംഘടനയില്‍ ഇതര സമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സന്നദ്ധ സംഘടനകളുടെ രൂപീകരണത്തിലൂടെ വന്‍തോതില്‍ ഫണ്ട് സമാഹരിക്കാനും ലക്ഷ്യമിടുന്നു.
യുവജന, വിദ്യാര്‍ഥി സംഘടനയുടെ രൂപീകരണവും പിന്നാലെയുണ്ടാകും. ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാംനിര നേതാക്കളില്‍ പലരും ജയിലിലാണ്. നിരോധനത്തിനു പിന്നാലെ ഓഫീസുകള്‍ മുദ്രവച്ചു. ജയിലിലുള്ള നേതാക്കള്‍ക്കു ജാമ്യം ലഭിക്കുന്നതു വരെ മാത്രമാണ് സന്നദ്ധ സംഘടന രൂപീകരിച്ചുള്ള പ്രവര്‍ത്തനം. പിന്നീട് നേരത്തേയുണ്ടായിരുന്ന എന്‍ഡിഎഫ് മാതൃകയില്‍ പുതിയ ഭീകര സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടരാനാണ് തീരുമാനം.
മുസ്ലിം ഭീകര സംഘടനയായ സിമി 2001ല്‍ നിരോധിച്ചപ്പോഴാണ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ എന്‍ഡിഎഫ് എന്ന ഭീകര സംഘടന രൂപീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളും സമൂഹവും അംഗീകരിക്കാതെ വന്നപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ ദേശീയ തലത്തില്‍ പുതിയ സംഘടന രൂപീകരിച്ചത്. എസ്ഡിപിഐ എന്ന രാഷ്ട്രീയ സംഘടനയും രൂപീകരിച്ചിരുന്നു. ഇന്ത്യയില്‍ 2047ല്‍ ഇസ്ലാമിക ഭരണം നടപ്പാക്കാനായിരുന്നു പിഎഫ്ഐയുടെ ലക്ഷ്യം. ഇതിനായി സൈന്യത്തിലും ജുഡീഷ്യറിയിലും നുഴഞ്ഞുകയറാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ ദാറുല്‍ ഹുദ എന്ന പേരില്‍ സമാന്തര കോടതിയും പ്രവര്‍ത്തിച്ചിരുന്നു. ഇസ്ലാമിക തത്ത്വങ്ങളെ അടിസ്ഥാനമാക്കി പുതിയ ഭരണഘടന പ്രഖ്യാപിക്കാനും പദ്ധതിയിട്ടു. എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സ് പിഎഫ്ഐയുടെ നീക്കങ്ങളൊന്നും നിരീക്ഷിക്കുന്നില്ലെന്നത് വിചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: