ഇംഫാല്‍: കിര്‍ഗിസ്ഥാനെയും പരാജയപ്പെടുത്തി ഇന്ത്യന്‍ ഫുട്ബോളിന് ത്രി രാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള കിര്‍ഗിസ്ഥാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും കീഴടക്കിയത്. ഇന്ത്യക്കായി സന്ദേശ് ജിങ്കനും നായകന് സുനില്‍ ഛേത്രിയുമാണ് ഗോള്‍ നേടിയത്.
തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഇന്ത്യ 34-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ബ്രണ്ടണ് എടുത്ത കിക്ക് ഫാര്‍ പോസ്റ്റില്‍ എത്തിയ ജിങ്കന് വലയില്‍ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് ആദ്യപകുതിയില്‍ ഇന്ത്യ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ കിര്‍ഗിസ്ഥാനും ലീഡ് ഉയര്‍ത്താന്‍ ഇന്ത്യയും മികച്ച പ്രകടനം നടത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി. മഹേഷിനെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍റ്റി സുനില്‍ ഛേത്രി ലക്ഷ്യത്തില്‍ എത്തിക്കുക ആയിരുന്നു.
ഛേത്രിയുടെ ഇന്ത്യക്കായുള്ള 85-ാം ഗോളായിരുന്നു ഇത്. ഈ ഗോളോടെ ഇന്ത്യ വിജയമുറപ്പിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മ്യാന്മാറിനെയും പരാജയപ്പെടുത്തിയിരുന്നു. കോച്ച് സ്റ്റിമാച്ചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. നേരത്തെ ഇന്ത്യ സാഫ് കപ്പും സ്റ്റിമാച്ചിന്റെ കീഴില്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: