തൃശൂര്‍: കേരള നവോത്ഥാനമെന്നത് എല്ലവരുടെയും ശ്രമഫലമാണെന്നും ചിലയാളുകള്‍ തങ്ങളാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന നിലയില്‍ അട്ടിപ്പേറവകാശവുമായി രംഗത്തുവരുന്നത് ശരിയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. തൃശൂരില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആധ്യാത്മിക ആചാര്യന്മാരുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും നേതൃത്വത്തില്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്നു നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നവോത്ഥാനവും പരിവര്‍ത്തനവുമെല്ലാം. വൈക്കം സത്യഗ്രഹത്തിലും മറ്റും ജാതിഭേദമില്ലാതെ എല്ലാവരും പങ്കെടുത്തിരുന്നു. ഈ മുന്നേറ്റത്തിന്റെ ഫലമായാണ് 1936ല്‍ ഇവിടെ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകുന്നത്.
1939ല്‍ പിണറായിയില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന അവകാശവാദം തെറ്റാണെന്നും തില്ലങ്കേരി പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂര്‍ രാജകുടുംബം നടത്തിയ ഒരുപാട് വികസന പ്രവര്‍ത്തനങ്ങളുണ്ട്. തിരുവനന്തപുരത്ത് കാണുന്ന എല്ലാ ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാതന്ത്ര്യത്തിനു മുമ്പേ ഉള്ളതാണ്. അതിന്റെ തുടര്‍ച്ചയായ വികസനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അന്ന് തിരുവിതാംകൂര്‍ എന്നത് ആതുരശുശ്രൂഷയിലും വിദ്യാഭ്യാസ കാര്യത്തിലും ഭാരതത്തിനാകെ മാതൃകയായിരുന്നു. അങ്ങനെയൊരു മാതൃകയാണോ ഇന്നുള്ളതെന്നു കൂടി ചിന്തിക്കണം.
കേരളത്തില്‍ നമ്മള് ആഗ്രഹിക്കുന്ന തരത്തിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ലെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മികച്ച വിദ്യാഭ്യാസവും തൊഴിലും കിട്ടണമെങ്കില്‍ നമ്മുടെ കുട്ടികള്‍ പുറത്തുപോകേണ്ട സാഹചര്യമാണ്. ആരോഗ്യരംഗത്ത് പുരോഗതി അവകാശപ്പെടുമ്പോഴും ഇതര സംസ്ഥാനത്തു നിന്നും രാജ്യത്തു നിന്നും എത്രപേരാണ് ഇവിടേക്കു ചികിത്സയ്ക്കു വരുന്നത്? ഉയര്‍ന്ന വിദ്യാഭ്യാസ നിരക്ക് അവകാശപ്പെടുമ്പോഴും എത്രപേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു പഠിക്കാന്‍ വരുന്നത്? വളരെക്കുറവാണ് എന്ന് മനസിലാക്കണം.
നമ്മുടെ കുട്ടികള്‍ പഠിക്കാനും തൊഴിലെടുക്കാനും പുറത്തുപോവുകയാണ്. നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്ക് പരപ്പുണ്ട്. എന്നാല്‍ ആഴമില്ല. യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. ആഴം വര്‍ധിപ്പിക്കാന്‍ കൂട്ടായ പരിശ്രമങ്ങളും ചര്‍ച്ചകളും വേണം. വായ്ത്താരി കൊണ്ടൊന്നും കാര്യമില്ല. കേവല പ്രചാരണങ്ങളില്‍ മാത്രമല്ല, യാഥാര്‍ഥ്യങ്ങളിലും അതു പ്രതിഫലിക്കണമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
ദല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ 1500 മലയാളി വിദ്യാര്‍ഥികള്‍ ഡിഗ്രിക്ക് പ്രവേശനം നേടിയെന്നാണ് കഴിഞ്ഞ വര്‍ഷം വന്ന മാധ്യമ വാര്‍ത്തകള്‍. ഈ വര്‍ഷം അതേ കോളജ് ഒരു എന്‍ട്രന്‍സ് പരീക്ഷ നടത്തിയപ്പോള്‍ പത്തില്‍ താഴെ കുട്ടികളാണ് യോഗ്യത നേടിയത്. അടിസ്ഥാനപരമായ ഈ കുറവ് നാം തിരിച്ചറിയണം. കേരളം എല്ലാവരുടേതുമാണ്. കുറവുകളുണ്ടെങ്കില്‍ അത് എല്ലാവരുടേതുമാണ്. നേട്ടങ്ങളും എല്ലവരുടേതുമാണ്, വത്സന് തില്ലങ്കേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: