കൊച്ചി : ലൈഫ് മിഷന് കേസിലെ കള്ളപ്പണ ഇടപാടിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതാണെന്നും കോടതിയില്‍ ഇഡി അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു.
ലൈഫ് മിഷന് കേസിലെ കള്ളപ്പണ ഇടപാടിലൂടെ സ്പോണ്‍സേര്‍ഡ് തീവ്രവാദത്തിനുള്ള ശ്രമങ്ങളാണ് പ്രതികള്‍ നടത്തിയത്. ശിവശങ്കറാണ് ഇടപാടിന്റെ കേന്ദ്രബിന്ദു. ലോക്കറില്‍ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. അതിനാല്‍ ശിവശങ്കറിനെ ജാമ്യത്തില്‍ വിടരുത്. ഇതിനുമുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞാണ് ശിവശങ്കര്‍ ജാമ്യം നേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ ജോലിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ ജാമ്യം നല്‍കണമെന്ന വാദം നിലനില്‍ക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
എന്നാല്‍ സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി ഇഡി ശിവശങ്കറിനെ നേരത്തെ അറസ്റ്റുചെയ്തതല്ലേയെന്നും ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസ് എടുക്കുന്നതെന്നും കോടതി ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷന് അഴിമതി ബോധ്യപ്പെട്ടതായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കേസില്‍ വാദം നാളേയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: