ഇരിങ്ങാലക്കുട: സ്വന്തം നര്‍മ്മം ജനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിച്ച മലയാളസിനിമയിലെ ചിരിയുടെ മഹാനടന് ഒടുവില്‍ ഇരിങ്ങാലക്കുടയിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. കൊച്ചിയില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് ശേഷം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി വീട്ടില്‍ എത്തിച്ച ഇന്നസെന്റിന്റെ മൃതദേഹം കാണാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുകയാണ്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംസ്കാരം.
കലാഭവന്‍ മണിയുടെ മരണശേഷമാണ് ഇത്രയ്ക്കും വലിയ ജനക്കൂട്ടം ഒരു നടന്റെ മരണശേഷം ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. കാണാന്‍ എത്തിയ പലരും തികട്ടിവരുന്ന ഓര്‍മ്മകളുടെ നനവില്‍ വിങ്ങിപ്പൊട്ടി. ഇന്നസെന്റിനൊപ്പം വെള്ളിത്തിരയില്‍ ഉണ്ടായിരുന്ന നടന് കുഞ്ചന്‍ അവസാനമായി കാണാനെത്തിയപ്പോള്‍ കരച്ചിലടക്കാനായില്ല. എന്തൊക്കെയോ ഓര്‍മ്മകളുടെ തിരത്തള്ളലിലായിരുന്നു കുഞ്ചന്‍. കുഞ്ചനെ സിബി മലയിലാണ് ആശ്വസിപ്പിച്ച് കൊണ്ടുപോയത്.
ഇന്നസെന്റിനെ അവസാനമായി കണ്ടമാത്രയില്‍ സത്യന് അന്തിക്കാട് ചുറ്റുമുള്ള ആള്‍ക്കൂട്ടത്തെ മറന്ന് കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി. മുന്‍മന്ത്രിയും അന്തിക്കാട്ടുകാരനുമായ വി.എസ്. സുനില്‍കുമാര്‍ സത്യേട്ടന് ആശ്വാസവാക്കുകളുമായി അരികിലുണ്ടായിരുന്നു.
അവസാന കൂടിക്കാഴ്ചയില്‍ സത്യന് അന്തിക്കാടിന്റെ മനസ്സിലേക്ക് ഓര്‍മ്മകള്‍ അണപൊട്ടുകയായിരുന്നു. ഇന്നസെന്റിന്റെ സാന്നിധ്യം പലപ്പോഴും സത്യന് അന്തിക്കാട് സിനിമകളുടെ വിജയഫോര്‍മുലയുടെ പ്രധാനഭാഗമായിരുന്നു. എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും മലയാള സിനിമാരംഗത്തെ ഏറ്റവും പഠിപ്പുള്ള ആള് ഇന്നസെന്റാണെന്ന് സത്യന് അന്തിക്കാട്. പലരുടെയും മാസ്റ്റര്‍ ഡിഗ്രികളേക്കാള്‍ എത്രയോ ഉയരത്തിലായിരുന്നു ഇന്നസെന്റിന്റെ അറിവ്. കാരണം അദ്ദേഹം വായിച്ചത് മനുഷ്യരെയായിരുന്നു. തിരക്കഥാരചനയുമായി താനും ശ്രീനിവാസനും ഇരിക്കുമ്പോള്‍ ഇന്നസെന്റിനെയും കൂട്ടുവിളിക്കുന്ന പതിവുണ്ടെന്നും സത്യന് അന്തിക്കാട്. ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ‘ഭീം സിങ്ങ് കാ ബെട്ട രാം സിങ്ങ്’ എന്ന പേരിട്ടത് ഇന്നസെന്റാണ്. കഥകള്‍ എഴുതാതിരുന്ന ബഷീറാണ് ഇന്നസെന്റെന്നും സത്യന് അന്തിക്കാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: