അഡ്വ. കെ.കെ. ബാലറാം
(ആര്‍എസ്എസ് പ്രാന്ത സംഘചാലക്)
പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്ന ജന്മഭൂമി ഒരു സായാഹ്ന ദിനപത്രമായി ആരംഭിച്ചതാണ്. കംസന്റെ തടവറയില്‍ പിറന്ന ശ്രീകൃഷ്ണനെ പോലെ ശൈശവത്തില്‍ തന്നെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കേരളത്തിലെ ഒരേയോരു പത്രമാണ് ജന്മഭൂമി. കോഴിക്കോട് നിന്ന് പത്രം ആരംഭിച്ച് രണ്ടു മാസം തികയും മുമ്പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത പത്രങ്ങളെ നിയന്ത്രിക്കാനായി ഏതറ്റം വരെയും പോകാന്‍ അന്നത്തെ ഭരണകൂടം തയാറായി. കൊച്ചു പത്രമാണെങ്കിലും ജന്മഭൂമി നട്ടെല്ലുവളയ്ക്കാന്‍ തയാറായില്ല. 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിറ്റേ ദിവസം വലിയ വാര്‍ത്തയാക്കി ജനങ്ങളിലെത്തിച്ചത് അത്ഭുതത്തോടെയായിരുന്നു മാധ്യമലോകവും സഹജീവികളും വീക്ഷിച്ചത്.
ഒരാഴ്ച മാത്രമേ ഘനഗംഭീരമായ വാര്‍ത്തകളുമായി ജന്മഭൂമി ഇറക്കാന്‍ സാധിച്ചുള്ളൂ. ജൂലൈ 2ന് തന്നെ സായുധ പോലീസ് ജന്മഭൂമി ഓഫീസ് കൈയേറി അടിച്ചുതകര്‍ത്തു. പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, പ്രമോട്ടറായ യു. ദത്താത്രേയ റാവു, പി. നാരായണന് എന്നിവരെ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. ആ സമയം മറ്റ് മുഖ്യധാരാ പത്രങ്ങളും വിപ്ലവ പത്രങ്ങളും വാര്‍ത്തകളുമായി സെന്‍സര്‍ ഓഫീസറുടെ മുമ്പാകെ ഓച്ഛാനിച്ച് നിന്ന് അനുമതി വാങ്ങുകയായിരുന്നു. സത്യസന്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച് ജനങ്ങളെ അറിയിക്കണമെന്ന് അവര്‍ക്ക് നിര്ബന്ധമില്ലായിരുന്നു. അതുകൊണ്ടാണ്, ‘കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയാന്‍ തയാറായി’ എന്ന് ലാല്‍ കൃഷ്ണ അദ്വാനി അന്നത്തെ പത്രപ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 നവംബര്‍ 14ന് പ്രഭാതദിനപത്രമായി കേരളത്തിന്റെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും, ഗാന്ധിയനും, സര്‍വോദയ പ്രവര്‍ത്തകനുമായിരുന്ന എം.പി. മന്മഥന്റെ പത്രാധിപത്യത്തില്‍ പ്രഭാതദിനപത്രമായി പുനരാരംഭിച്ച ജന്മഭൂമി ഉറച്ച കാല്‍വയ്പ്പോടെ ഇന്നും പ്രയാണം തുടരുകയാണ്.
പത്രമേഖല നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ജന്മഭൂമി മുന്നോട്ട് പോകുന്നത് അതിന്റെ വായനക്കാരുടെ സഹായത്താലാണ്. വായനക്കാരും, വരിക്കാരും, അഭ്യുദയകാംക്ഷികളുമാണ് ജന്മഭൂമിയുടെ കരുത്ത്. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കൊള്ളരുതായ്മക്കെതിരെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പത്രം എന്ന നിലയില്‍ മാത്രമല്ല ജന്മഭൂമിയെ ജനങ്ങള്‍ കാണുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ചുള്ള ജാതി-മത-വര്‍ഗ്ഗീയ പ്രീണനത്തെ സധൈര്യം തുറന്നുകാട്ടി ദേശീയതയിലൂന്നിയുള്ള വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ജന്മഭൂമിക്ക് മാത്രമേ സാധിക്കു എന്ന ഉറച്ച വിശ്വാസമാണ് ജന്മഭൂമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വെളിവാക്കുന്നത്.
അത്തരം വായനക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുകൊണ്ടു ജന്മഭൂമിയെ ഒരു കരുത്തുറ്റ പത്രമായി ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ ഏപ്രില്‍ 10 വരെ ജന്മഭൂമിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ദേശ സ്നേഹികളായ എല്ലാവരും പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: