കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം നാളെ രാവിലെ 10 മണിക്ക് നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാസ് സര്‍ക്കാര്‍ മുഖ്യ അതിഥിയായി പങ്കെടുക്കുകയും ബിരുദദാന പ്രഭാഷണം നടത്തുകയും ചെയ്യും.
കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് വിശിഷ്ട അതിഥിയായി പരിപാടിയില്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. 2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 1947 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്.
രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, പരീക്ഷാ കണ്ട്രോളര് ഇന്‍ ചാര്‍ജ് പ്രൊഫ. എം.എന്‍. മുസ്തഫ, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സ്കൂളുകളുടെ ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
പരിപാടിക്ക് മുന്നോടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാസ് സര്‍ക്കാര്‍ അധ്യാപകര്‍ക്കായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സുകളുടെയും ഹോസ്റ്റലുകള്‍ക്ക് പ്രത്യേകമായി നിര്‍മ്മിച്ച ഭക്ഷണശാലകളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. ശേഷം സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള ശില്പവും അദ്ദേഹം അനാഛാദനം ചെയ്യും.തുടര്‍ന്ന് കേരള കേന്ദ്ര സര്‍വ്വകലാശാലയും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ജ്ഞാനോത്സവം 1198 ന്റെ ബ്രോഷറും മന്ത്രി പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: