കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിനായുള്ള ആരഷ് മീനാക്ഷി എന്‍വയറോ കെയറുമായുള്ള ഉപ കരാറില്‍ തന്റെ മകന് സാക്ഷിയായി ഒപ്പിട്ടതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍. തന്റെ മകന് വി. വിഘ്നേഷും ഉപകരാര്‍ നേടിയ കമ്പനി ഉടമയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ആരഷ് മീനാക്ഷി എന്‍വയറോ കെയര്‍ എന്ന കമ്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്നാണ് വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള രേഖകള്‍ പുറത്തുവന്നതോടെ ‘മകന് ഒപ്പിട്ടോ ഇല്ലയോ എന്നതില്‍ ഉറപ്പില്ലെന്ന് മാറ്റിപ്പറയുകയായിരുന്നു.
ഒരു കരാറില്‍ സാക്ഷി ആയി ഒപ്പിടുന്നത് ഒരിക്കലും തെറ്റല്ല. അതിനെക്കുറിച്ച് അവനോട് ചോദിക്കാനുമില്ല. കാരണം മകനും കമ്പനി ഉടമയും സുഹൃത്തുക്കളാണ്. സൗഹൃദത്തിന്റെ പേരില്‍ ഒപ്പിടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’. എന്‍ വേണുഗോപാല്‍ പറഞ്ഞു.
തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന് അകത്ത് തന്നെ നടക്കുന്ന ഗൂഢാലോചനയാണ്. തന്റെ മരുമകനെതിരെയാണ് നിലവില്‍ ആരോപണങ്ങള്‍ ഉയരുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു കോണ്‍ഗ്രസ് നേതാവാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതി നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ഇക്കാര്യം അറിയിച്ചെന്നും വേണുഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: