ആലപ്പുഴ: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ് ഡിപിഐ ബന്ധം ആരോപിച്ച് ആലപ്പുഴ സിപിഎമ്മിൽ ഒരു കൂട്ടം അംഗങ്ങള്‍ കൂടി രാജിവെച്ചു. ചെങ്ങന്നൂർ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ് ഡിപിഐയുമായുള്ള ബന്ധമാണ് വിവാദത്തിലായിരിക്കുന്നത്. ഇപ്പോള്‍ പുതുതായി 14 സി പി എം അംഗങ്ങളാണ് പാർട്ടി വിട്ടത്.
ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ 14 അംഗങ്ങളാണ് രാജി നൽകിയത്. രാജി നൽകിയവരിൽ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിർന്ന പാർട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. നേരത്തെ, ഫെബ്രുവരി ഒന്നിന് 38 പേർ ഇതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ചിരുന്നു.
ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ് ഡിപിഐ നേതാവുമായി ബിസിനസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് കൂടുതൽ പ്രവർത്തകരുടെ രാജി ഉണ്ടായിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദ് തയാറായില്ലെന്ന് ആരോപണമുണ്ട്. ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ് ഡിപിഐയുമാണ് എന്നാണ് നേരത്തെ രാജിവച്ചവർ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: