ഇടുക്കി : അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നാറിലെ ഉന്നതതലയോഗം ചേര്‍ന്നു. 26,27 തിയതികളിലാണ് നിലവില്‍ അരിക്കൊമ്പനെ പിടിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. മൂന്നാറിലെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ചിന്നക്കനാലിലേയും ശാന്തന്‍പാറയിലേയും ജനപ്രതിനിധികളേയും ജനങ്ങളേയും ബോധ്യപ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പോരായ്മകള്‍ പരിഹരിക്കാനുമായി ചിന്നക്കനാലില്‍ യോഗം ചേര്‍ന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്നാര്‍ എസിഎഫ് സാന്‍ട്രി ടോം, ദേവികുളം റേഞ്ച് ഓഫീസര്‍ പി.വി. വെജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സി. രാജേന്ദ്രന്, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ശാന്തന്‍പാറ സിഐ ബി. പങ്കജാക്ഷന്, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ കുടികളിലെ മൂപ്പന്മാര്, എസ്സി പ്രൊമോട്ടര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം ദൗത്യത്തിനോടനുബന്ധിച്ച് ചിന്നക്കനാല്‍ പഞ്ചായത്തില്‍ പൂര്‍ണമായും ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്നുമുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കും. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് കര്‍ശന നടപടിയെടുക്കും. നിരോധനാജ്ഞയുള്ള മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കില്ല. ആളുകള്‍ ഭക്ഷണവും അവശ്യവസ്തുക്കളും കരുതണം.
സിങ്കുകണ്ടം, സൂര്യനെല്ലി, ചിന്നക്കനാല്‍, ബി.എല്‍.റാവ്, പെരിയകനാല്‍ മേഖലകളിലെ 13 പോയിന്റുകളില്‍ റോഡുകള്‍ പൂര്‍ണമായും അടയ്ക്കും. ദൗത്യത്തിന് മുന്നോടിയായി പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്കാന് 25-ന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കും. 26- ലെ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ പള്ളി വികാരിമാര്‍ക്ക് പഞ്ചായത്ത് കത്തുനല്‍കും. തോട്ടങ്ങളിലെ പണിക്ക് ആ ദിവസങ്ങളില്‍ തൊഴിലാളികളെ ഇറക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ദൗത്യം 27-ലേക്ക് നീണ്ടാല്‍ അന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.
മേഖലയിലെ സ്കൂളുകളിലെ എല്‍പി., യുപി പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. മേഖലയിലെ സിബിഎസ്ഇ സ്കൂളിന് അവധി പ്രഖ്യാപിക്കും. കൊളുക്കുമല ട്രെക്കിങ് നിര്‍ത്തിവെയ്ക്കും. അങ്കണവാടികള്‍ക്കും അവധിയായിരിക്കും.
കുങ്കിയാനകള്‍ എത്താന്‍ വൈകുന്നത് കൊണ്ടാണ് ദൗത്യം 26ലേക്ക് മാറ്റിയത്. ഇതിനായുള്ള മോക്ക് ഡ്രില്‍ 25-ന് നടത്തും. സുരേന്ദ്രന്, കുഞ്ചു എന്നീ കുങ്കിയാനകളെയാണ് എത്തിക്കാനുള്ളത്. ഇവയെ എത്തിക്കാനുള്ള ലോറികളിലൊന്ന് കഴിഞ്ഞയാഴ്ചയുണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ചയെ ലോറി വിട്ടുകിട്ടൂ. ഡ്രൈവര്‍ക്ക് ജാമ്യവും കിട്ടണം. ലോറിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്നെസും ലഭിക്കണം. ഇതിനുശേഷമേ ഈ ലോറിയില്‍ കുങ്കിയാനയെ ചിന്നക്കനാലിലേക്ക് എത്തിക്കാനാകൂ. ലോറി വിട്ടുകിട്ടാന്‍ താമസിച്ചാല്‍ ദൗത്യം നീണ്ടുപോകാനും സാധ്യതയുണ്ട്.
അരിക്കൊമ്പന് ദൗത്യം വിലയിരുത്താന്‍ മന്ത്രി എ.കെ .ശശീന്ദ്രന് 25ന് ഇടുക്കിയിലെത്തും. അന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 26ന് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ന് ദൗത്യം പൂര്‍ത്തിയായില്ലെങ്കില്‍ ഭാവി കാര്യങ്ങള്‍ കൂടി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: