കാസര്‍കോട്: കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും രാജ്യസഭാംഗവുമായ ഉഷയ്ക്ക് കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നത്. കേരള കേന്ദ്ര സര്‍വകലാശാല നല്കുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്.
ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍, തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ്, 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ അഞ്ച് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ തുടങ്ങി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് പി.ടി. ഉഷ. കിനാലൂരില്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിനും നേതൃത്വം നല്കുന്നു. 20 വര്‍ഷം പിന്നിടുന്ന ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ താരങ്ങള്‍ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് നേടിയത്. ദേശീയ മത്സരങ്ങളില്‍നിന്ന് അറുനൂറിലധികം മെഡലുകളും കരസ്ഥമാക്കി.
രാജ്യത്ത് കായിക സംസ്കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി. ഉഷയെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു പറഞ്ഞു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി. ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: