ആലപ്പുഴ: അല്‍ഫോണ്‍സ (22) ഡോക്ടറായി വരുന്നത് കാത്തിരിക്കുകയായിരുന്നു കടപ്പുറത്തെ മക്കള്‍. എന്നാല്‍ ബൈക്കപകടത്തില്‍ അല്‍ഫോണ്‍സയുടെ ജീവന് നഷ്ടപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ ആലപ്പുഴ പുന്നപ്ര വടക്കുപഞ്ചായത്തിലെ നാട്ടുകാര്‍ക്കും ഇനിയും ഈ ദുഖത്തില്‍ നിന്നും മോചനം നേടാനായിട്ടില്ല.
പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളെജില്‍ മെറിറ്റില്‍ അല്‍ഫോണ്‍സയ്ക്ക് സീറ്റ് കിട്ടിയപ്പോള്‍ അവളുടെ അപ്പനും അമ്മയുമായ നിക്സനും നിര്‍മ്മലയും സ്വപ്നം കണ്ടത് ഏറെയാണ്. മകള്‍ സ്നേഹമ്മാള് (അല്‍ഫോണ്‍സയുടെ വിളിപ്പേര്) ഡോക്ടറായി വരുന്നതായിരുന്നു അവരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കിയത്.
എന്നാല്‍ മെയ് 20 തിങ്കളാഴ്ച മലപ്പുറം തിരൂര്‍ക്കാട് ദേശീയപാതയില്‍ അല്‍ഫോണ്‍സ് യാത്ര ചെയ്തിരുന്ന ബൈക്ക് എതിരെ വന്ന ബസുമായും ബൈക്കുമായും കൂട്ടിയിടിക്കുകയായിരുന്നു. അല്‍ഫോണ്‍സ് തല്‍ക്ഷണം മരിച്ചു. ബൈക്കോടിച്ചിരുന്ന സുഹൃത്തും തൃശൂര്‍ സ്വദേശി അശ്വിന് പരിക്കുകളോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച അശ്വിനെ ഡിസ്ചാര്‍ജ് ചെയ്തു.
സ്റ്റെതസ്കോപ്പും മാറില്‍ ധരിച്ച് വെള്ളക്കോട്ടുമിട്ട് മകളുടെ വരവും കാത്തിരുന്ന നിക്സനും നിര്‍മ്മലയും ഇനി സാക്ഷ്യം വഹിക്കുക പറവൂര്‍ സെന്റ് ജോസഫ് ഫെറോന പള്ളിയിലെ സംസ്കാരച്ചടങ്ങിന്.
അശ്വിന് ഓടിച്ചിരുന്ന ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നറിയുന്നു. കോഴിക്കോട് നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു അശ്വിനും അല്‍ഫോണ്‍സയും. ഇരുവരും അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. വളവ് ശ്രദ്ധിക്കാതെ ബൈക്കോടിച്ചതിനാലാണ് എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: