ന്യൂദൽഹി: തീരദേശ നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകുവെന്ന് കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി. വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു.
പൂർണ്ണമായും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ചീഫ്‌സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. ഇരുപത്തിയെട്ടാം തീയ്യതിക്കുള്ള പൂർണമായും പൊളിച്ചു നീക്കണമെന്ന് നേരത്തെ നൽകിയ നിർദേശം സുപ്രിംകോടതി ഇന്നും ആവർത്തിച്ചു.
റിസോർട്ടിലെ 54 വില്ലകളും പൊളിച്ച് നീക്കിയെന്നും പ്രധാന കെട്ടിടം മാത്രമേ ഇനി പൊളിക്കാൻ ഉള്ളൂവെന്നും സംസ്ഥാന സർക്കാറിന് വേണ്ടി കോടതിയിൽ ഹജരായ സംസ്ഥാന സ്റ്റാൻ്റിംഗ് കൗൺസിൽ സി. കെ ശശി സുപ്രീംകോടതിയെ അറിയിച്ചു. തീരപരിപാലന നിയമം ലംഘനം ചുണ്ടികാട്ടി മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമ പോരാട്ടത്തിനൊവിലാണ് റിസോർട്ട് പൊളിക്കണമെന്ന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടത്. കൊവിഡ് കാരണം വൈകിയ പൊളിക്കൽ നടപടി ,2022 സെപ്റ്റംബർ 15 നാണ് ആരംഭിച്ചത്.
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അഭിഭാഷകരായ കെ പരമേശ്വർ, എ.കാർത്തിക്ക് എന്നിവർ ഹാജരായി. ഇതേത്തുടർന്ന് റിസോർട്ട് പൊളിക്കുമ്പോൾ പരിസ്ഥിതി വിഷയങ്ങൾ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നെടിയതുരുത്തിലാണ് കാപികോ റിസോർട്ട് സ്ഥിതിചെയ്യുന്നത്. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: