ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 250 കോടിയുടെ വിദേശ മുതല്‍മുടക്കില്‍ വന്‍ മാള്‍ വരുന്നു. ലുലു ഗ്രൂപ്പും ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഉടമസ്ഥരായ എമാര്‍ ഗ്രൂപ്പും ചേര്‍ന്നാണ് ‘മാള്‍ ഓഫ് ശ്രീനഗര്‍’ പണിയുന്നത്.
ജമ്മു കശ്മീരിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയ്ക്ക് കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ തിങ്കഴാഴ്ച തറക്കല്ലിട്ടു. ലുലു ഇന്ത്യയുടെ സിഇഒ രജിത് രാധാകൃഷ്ണനും എമാര്‍ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ശ്രീനഗറിലെ സെംപോറയിലാണ് മാള്‍ വരുന്നത്. 2019ല്‍ മോദി സര്‍ക്കാര്‍ കശ്മീരിന്റെ സ്വതന്ത്ര പദവി എടുത്ത കളഞ്ഞ ശേഷം ഇവിടെ വിദേശനിക്ഷേപത്തില്‍ ഒരു പദ്ധതി വരികയാണ്.
10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഉയരുന്ന ഈ മാളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനാവും. ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപ മുതല്‍ മുടക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. 2023 ജനവരിയില്‍ ദുബായില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ച എന്ന നിലയിലാണ് കശ്മീരില്‍ മുതല്‍ മുടക്കുന്നത്.
ഈ മാളില്‍ 500 വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ജമ്മുവില്‍ വൈകാതെ ഒരു ഐടി ടവര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കശ്മീരില്‍ വികസനം കൊണ്ടുവരിക എന്ന മോദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്നും മാള്‍ കശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുമെന്നും കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: