തലശ്ശേരി: രാജ്യത്ത് പൊതു സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സെമിനാറില്‍ സംസാരിച്ച ഐഎന്‍എല്‍ഡി സംസ്ഥാന സെക്രട്ടറി പി.ടി. ഖദീജ ടീച്ചര്‍ പറഞ്ഞു. മുസ്ലീം വനിതകളില്‍ 85 ശതമാനവും അടിമത്തത്തിലാണ് കഴിയുന്നത്. എന്നാല്‍ ഹിന്ദു വിഭാഗത്തില്‍ അത്തരക്കാര്‍ 20 ശതമാനം പോലും ഉണ്ടാവുമെന്ന് കരുതുന്നില്ല. ഇന്ത്യാ രാജ്യത്ത് പൊതു സിവില്‍ കോഡിന് തടസ്സമായി നില്‍ക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയക്കാരാണ്. നാല് വോട്ടിന് വേണ്ടിയാണ് പലരും നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നത്. മത യാഥാസ്ഥിതികരാവാട്ടെ തങ്ങളുടെ നിലനില്‍പ്പിന് ഭംഗം വരുമെന്ന് ഭയന്ന് നിയമത്തെ എതിര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും കാലതാമസം വരുത്തരുതെന്നും ഖദീജ ടീച്ചര്‍ പറഞ്ഞു.
സെമിനാറില്‍ അഡ്വ. ശ്രീപദ്മനാഭന് വിഷയാവതരണം നടത്തി. സാമൂഹ്യവും നിയമപരവുമായ പ്രശ്നമാണ് ഏകികൃത സിവില്‍ കോഡെന്നും അത് രാഷ്ട്രീയമായ പ്രശ്നമല്ലെന്നും വിഷയാവതരണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഭരണഘടന രൂപീകരണ സമയത്ത് ഈ നിയമം നടപ്പില്‍ വരാത്തതുകൊണ്ടാണ് ഇന്ന് അഭിപ്രായ വ്യത്യാസം ഉണ്ടാവാനും രാഷ്ട്രീയ പ്രശ്നമായി മാറാനും ഇടയായത്. സിവില്‍ അവകാശങ്ങള്‍ എല്ലാവര്ക്കും ഒരുപോല ആവണം എന്ന സങ്കല്‍പ്പമാണ് യൂണിഫോം സിവില്‍ കോഡ്. ഭരണകൂടത്തിന് വ്യക്തിപരമായ കാര്യങ്ങളിലും സാമൂഹ്യ വ്യവസ്ഥയ്ക്കെതിരായ കാര്യങ്ങളിലും ഇടപെടാന്‍ അധികാരമുണ്ട്. വിവിധ ആചാരങ്ങളെ മാറ്റാനുളള 252 എ വകുപ്പ് പ്രകാരം പൊതുധാര്‍മ്മിക മൂല്യങ്ങളെ നിയന്ത്രിക്കാം. അതൊടൊപ്പം സാമ്പത്തികവും രാഷ്ട്രീയവും നിയന്ത്രണവിധേയമാക്കാം.
ഒഴിവാക്കാന്‍ പറ്റാത്ത മതാചാരങ്ങളില്‍ കൈകടത്തരുത്. അവിടെ ഭരണഘടന സംരക്ഷണം നല്‍കണം. സ്വത്തവകാശം, ബഹുഭാര്യത്വം, സാമൂഹ്യപരിഷ്ക്കാരം തുടങ്ങിയവ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത സാമൂഹ്യനിരൂപകന് ഹമീദ് ചേന്ദമംഗലൂര്‍, ഐഎന്‍എല്‍ഡി സംസ്ഥാന സെക്രട്ടറി പി.ടി. ഖദീജ ടീച്ചര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി എന്നിവര്‍ പ്രസംഗിച്ചു. ജില്ല പ്രസിഡന്റ് ഡോ: വി.എസ്. ഷേണായ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പി.വി. ശ്യാം മോഹന്‍ സ്വാഗതവും ഹിന്ദു ഐക്യവേദി തലശ്ശേരി താലൂക്ക് രക്ഷാധികാരി സി. നിരൂപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: