തൃശൂര്‍: ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പാര്‍ട്ടി വനിതാ നേതാവിന്റെ മകൻ അമൽ കൃഷ്ണ (31) മരിച്ചു. സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി. സുധയുടെ മകനാണ് അമൽ കൃഷ്ണ. 46 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അമല്‍ മരണത്തിന് കീഴടങ്ങിയത്.
കഴുത്തിൽ ചവിട്ടേറ്റതിനെ തുടർന്ന് അമലിന്റെ സ്ഥിതി ഗുരുതരമായിരുന്നു. സ്ഥിതി മെച്ചപ്പെടാതെ വന്നതോടെ രണ്ട് ദിവസം മുൻപ് വീട്ടിലേക്കു കൊണ്ടുപോയിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്. അമല്‍കൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കം ഗുരുതര പരിക്കുണ്ടായിരുന്നു. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമല്‍കൃഷ്ണനെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.എൻ. ജ്യോതിലാൽ, ഏരിയ കമ്മിറ്റി അംഗം സുൽത്താൻ, ലോക്കൽ കമ്മിറ്റി അംഗം ഷെബി എന്നിവർ ചേർന്ന് മർദിച്ചെന്നാണ് കേസ്. അമല്‍ എക മകനാണ്. പിതാവ് ഉണ്ണിക്കൃഷ്ണന്‍ നേരത്തേ മരണപ്പെട്ടിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസ് അന്ന് മൊഴിയെടുത്തിരുന്നെങ്കിലും നിസാര വകുപ്പിട്ടാണ് കേസെടുത്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഏങ്ങണ്ടിയൂർ സഹകരണ ബാങ്കിൽ അമൽ കൃഷ്ണയ്‌ക്കു ജോലി നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ തന്റെ സഹോദരൻ ഷെബിന് ഈ ജോലി ലഭിക്കാനായി സുൽത്താൻ ശ്രമിച്ചിരുന്നെന്നാണ് വിവരം. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: