സ്വതന്ത്രഭാരതത്തെ നിരന്തരമായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന രണ്ടു പ്രശ്നങ്ങളാണ് ജനപ്പെരുപ്പവും പണപ്പെരുപ്പവും. പഞ്ചവത്സരപദ്ധതികള്‍ പലതു കഴിഞ്ഞിട്ടും ഈ ജനസംഖ്യാ വര്‍ദ്ധനവിനും വിലക്കയറ്റത്തിനും ശാശ്വത പരിഹാരം കാണാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു എന്നതാണ് സത്യം. രാജ്യത്ത് വര്‍ദ്ധിച്ചു വന്ന കള്ളപ്പണത്തിന്റെയും സമാന്തര സമ്പദ് വ്യവസ്ഥയുടെയും സ്വാധീനം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിധീരമായി നടപ്പിലാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ട് അസാധുവാക്കല്‍ ഒരു പരിധി വരെ കള്ളപ്പണത്തെയും പണപ്പെരുപ്പത്തെയും നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ള നയപരിപാടിയായിരുന്നു എന്നാണ് പൊതുവെയുള്ള ധാരണ.
സാമ്പത്തികശാസ്ത്ര ഭാഷയില്‍, സാങ്കേതികമായി നോക്കുമ്പോള്‍ പണപ്പെരുപ്പമെന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ ഏറെക്കാലം സുസ്ഥിരമായി നിലനില്‍ക്കുന്ന അവശ്യവസ്തുക്കളുടെയും, അത്യാവശ്യസേവനങ്ങളുടെയും പൊതു വിലനിലവാര നിരക്കിനെയാണ് സൂചിപ്പിക്കുന്നത്. ഇത് പണത്തിന്റെ മൂല്യം കുറയാന്‍ ഇടയാക്കുന്നു. ഈ അവസ്ഥയില്‍ ഒരു പാട് കാശുകൊടുത്താലെ നമുക്കു കുറച്ചു സാധനങ്ങള്‍ വിപണിയില്‍ നിന്നും ലഭിക്കുകയുള്ളു. ഉപഭോക്താക്കളുടെ ക്രയശേഷിയെ അത് കുറയ്ക്കുകയും വിലക്കയറ്റത്തിന് കാരണമാക്കുകയും ചെയ്യുന്നു.
പണപ്പെരുപ്പവും വിലക്കയറ്റവും
പണപ്പെരുപ്പവും വിലക്കയറ്റവും ഒരുമിച്ചു പോകുന്ന രണ്ട് സാമ്പത്തിക പ്രതിഭാസങ്ങളാണ്. മൊത്തവിലസൂചിക വര്‍ദ്ധനവും, ഉപഭോക്തൃ വിലസൂചിക വര്‍ദ്ധനവും ഒരു പോലെ പണപ്പെരുപ്പത്തിനും വിലവര്‍ദ്ധനവിനും കാരണമാകുന്നു. അന്താരാഷ്ട്ര ഇന്ധനവിലയിലെ വ്യതിയാനം മുഖ്യമായും മൊത്തവിലസൂചികയെ സ്വാധീനിക്കുന്നു. അവശ്യവസ്തുക്കളുടെ വിലയിലെ വര്‍ദ്ധന ഉപഭോക്തൃ വില സൂചികയെ സ്വാധീനിക്കുന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും വിലക്കയറ്റവും വിവിധ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യക്കും വലിയ പ്രശ്നമായിരുന്നു. മാഹാമാരി നല്കിയ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നുമുള്ള മോചനത്തില്‍ വന്ന കാലതാമസവും, ഒരു വര്‍ഷക്കാലം നീണ്ടു നിന്ന റഷ്യ ഉക്രയിന് യുദ്ധം സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കങ്ങള്‍, അതിര്‍ത്തി പ്രദേശങ്ങളിലെ അസ്വാരസ്യങ്ങള്‍ എന്നിവയും പ്രശ്നങ്ങളെ സങ്കീര്‍ണമായി തന്നെ തുടരാനിടയാക്കി.
എന്നാല്‍ തെല്ലൊരാശ്വാസത്തിന് വകനല്‍കിയാണ് വിലവര്ദ്ധനയെക്കുറിച്ചും പണപ്പെരുപ്പത്തിനെ കുറിച്ചുമുള്ള ധനമന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ മൊത്ത വിലനിലവാര സൂചികയായ 13.43 ശതമാനത്തില്‍ നിന്നും മൊത്തവില നാണ്യപ്പെരുപ്പം 3.85 ശതമാനമായി കുറഞ്ഞു എന്നത് ഏറെ ആശ്വാസപ്രദമാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2021 ന് ശേഷം ആദ്യമായി രേഖപ്പെടുത്തിയ ഈ കുറവ്, കഴിഞ്ഞ ഒമ്പത് മാസമായി തുടരുകയായിരുന്നു. ഈ മാസം ഉപഭോക്തൃ വിലസൂചിക രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ മുതലുള്ള നടപടികള്‍ കാരണമാക്കും എന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പണപ്പെരുപ്പത്തിലും, പലിശ നിരക്കിലും ഭൂമിവിലയിലും ഉണ്ടാകുന്ന കുറവ് വ്യവസായ കുതിപ്പിനു കാരണമാകുന്നതാണ്. കൂടുതലായി ബാങ്കിലെത്തിച്ചേരുന്ന പണം, സാമൂഹിക സുരക്ഷാപദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ സാധിക്കും. പണപ്പെരുപ്പത്തിലും സമാന്തര സമ്പദ് വ്യവസ്ഥയുടെ പണാധിപത്യത്തിലുംപെട്ട് നട്ടംതിരിയുന്ന സര്‍ക്കാരിന് അതൊരു ആശ്വാസമാകും എന്ന് വിശ്വസിച്ചവരായിരുന്നു ഏറെപ്പേരും.
നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള വിപണി പ്രത്യാഘാതം സാധാരണ ജനങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നതിനായാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. രാജ്യത്താകമാനം പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപസാധനങ്ങളുടെ വിലകുറയുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും ശ്രദ്ധിച്ചു. വിപണിയില്‍ കറന്‍സിയുടെ ധാരാളിത്തം ഇല്ലാതാകുന്നത് താല്‍ക്കാലികമായെങ്കിലും വിലക്കയറ്റം തടയും എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച വിശ്വാസം. ഈ സാഹചര്യം തുടര്‍ന്നാല്‍ പണപ്പെരുപ്പ നിരക്കും ഉപഭോക്തൃ വിലസൂചികയും നിശ്ചയമായും താഴുന്നതാണ് എന്നതായിരുന്നു വിശ്വാസം. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും ദശലക്ഷക്കണക്കിന് വ്യവസായ സേവന മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കാനുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചത്. കാരണം ഭക്ഷ്യവസ്തുക്കളുടെയും മറ്റു അവശ്യവസ്തുക്കളുടെയും വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുഷ്ക്കരമാക്കി തീര്‍ക്കുന്നതാണ് എന്ന ബോധം സര്‍ക്കാറിനുണ്ടായിരുന്നു.
നയപരിപാടികളും നടപടികളും
പണപ്പെരുപ്പവും വിലക്കയറ്റവും പലിശ നിരക്കിലെ വര്‍ദ്ധനയും ഏറെക്കുറെ ഒരേദിശയില്‍ സഞ്ചരിക്കുന്ന സാമ്പത്തിക പ്രതിഭാസമാണ്. റിസര്‍വ് ബാങ്കിന്റെ വായ്പാനയം പണപ്പെരുപ്പം നിയന്ത്രിക്കാനും വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതാണ്. റിസര്‍വ് ബാങ്കിന്റെ പണനയം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വലുതാണ്. വിപണിയിലെ നിരക്കുകള്‍ നിയന്ത്രിക്കുക വഴി നിത്യോപയോഗ സാധനങ്ങളുടെ വില മുതല്‍, കയറ്റുമതിയെയും ഇറക്കുമതിയെയും നിയന്ത്രിക്കാന്‍ വരെ റിസര്‍വ് ബാങ്കിന് സാധിക്കുന്നു. അടിസ്ഥാന സാമ്പത്തിക നിലകള്‍ മെച്ചപ്പെടുത്തിക്കൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. മൊത്ത വ്യാപാര വില സൂചികയും, റീട്ടൈല്‍ വിലസൂചികയും കണക്കിലെടുത്തുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ആര്‍ബിഐയുടെ പരിപാടി. ഇത് കാലാകാലമായി റിസര്‍വ് ബാങ്ക് തുടര്‍ന്നു വരുന്നു.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവില സ്ഥിരത പണപ്പെരുപ്പ തോത് കുറയാന്‍ സഹായകമാണ്. സംഘര്‍ഷ സമയത്ത് പോലും കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യാന്‍ ഭാരത0 നടപടി സ്വീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധന പണപ്പെരുപ്പ തോത് വര്‍ദ്ധിക്കാനിടയാക്കുന്നു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ ശ്രദ്ധിക്കുകയുണ്ടായി. രാജ്യം നേരിടുന്ന പണപ്പെരുപ്പ നിരക്ക് പിടിച്ചു നിര്‍ത്താനായി ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരണമെന്ന കേന്ദ്ര നിര്‍ദ്ദേശം സാമ്പത്തിക വിദഗ്ധര്‍ പൊതുവെ സ്വാഗതം ചെയ്ത നടപടിയായിരുന്നു.
കുതിച്ചുയരുന്ന പണപ്പെരുപ്പം പിടിച്ചു നിര്‍ത്തി രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം വര്‍ദ്ധിപ്പിക്കാനും ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും അവശ്യസാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താനും, സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സര്‍ക്കാരും രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു എന്നതാണ് മോദി സര്‍ക്കാരിന്റെ വിജയരഹസ്യം. പണപ്പെരുപ്പം ചെറിയ ഒറ്റ അക്കത്തില്‍ നിര്‍ത്തുക എന്നതായിരുന്നു സര്‍ക്കരിന്റെ ലക്ഷ്യം. പണപ്പെരുപ്പ തോത് സ്ഥിരമായി കുറഞ്ഞ അക്കത്തില്‍ നിര്‍ത്തത്തക്കവിധത്തിലുള്ള സാമ്പത്തിക ശാക്തീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ഫലം കണ്ടുതുടങ്ങി എന്നാണ് 2023 ഫെബ്രുവരി മാസത്തെ മൊത്ത വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പത്തിന്റെ നിരക്ക് വ്യക്തമാക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഈ അടുത്ത സമയത്തെ അവലോകനം സൂചിപ്പിക്കുന്നത് മൊത്തവില നാണ്യപ്പെരുപ്പം വര്‍ഷാരംഭത്തില്‍ 4.73 ശതമാനമെന്നത് ഫെബ്രുവരി മാസം 3.85 ശതമാനമായി കുറഞ്ഞു എന്നതാണ്. ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങി നിരവധി അവശ്യ വസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം കുറയാന്‍ കാരണമായത് എന്നാണ് വിദഗധാഭിപ്രായം. കഴിഞ്ഞ ഇരുപത്തിയഞ്ച് മാസത്തിനിടയില്‍ ആദ്യമായാണ് മൊത്തവില നാണയപ്പെരുപ്പം ഇത്രയും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിരന്തരമായ ഇടപെടലുകള്‍ കാരണം കഴിഞ്ഞ ഒമ്പത് മാസം തുടര്‍ച്ചയായി മൊത്ത വില താഴ്ന്നു വരികയായിരുന്നു എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉപഭോക്തൃ സൂചികയെ അടിസ്ഥാനപ്പെടുത്തിയ നാണ്യപ്പെരുപ്പവും കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യ നാളുകളില്‍, ഗ്രാമീണ മേഖലയില്‍ 6.85 ശതമാനമായിരുന്ന വിലക്കയറ്റം ഫെബ്രുവരിയില്‍ 6.72 ശതമാനമായി കുറഞ്ഞു. അവശ്യ വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്ളിവിലയില്‍ ഏകദേശം നാല്പതു ശതമാനത്തിന്റെ കുറവ് മൊത്തം പണപ്പെരുപ്പത്തില്‍ എറെ ആശ്വാസമാണുണ്ടാക്കിയത്. മൊത്ത വില സൂചികയിലെ ചാഞ്ചാട്ടം തുടരുമ്പോഴും മാര്‍ച്ച് മാസത്തില്‍ പണപ്പെരുപ്പത്തില്‍ രണ്ടു ശതമാനത്തോളം കുറവാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ആറു ശതമാനം എന്ന കരുതല്‍ പരിധിക്ക് പുറത്താണെങ്കിലും ഫെബ്രുവരി മാസത്തെ 6.73 ശതമാനം എന്ന മൊത്ത വില സൂചിക ആശ്വാസ പ്രദമാണ്. ഏപ്രില്‍ മാസത്തെ സാമ്പത്തിക അവലോകനത്തില്‍ ഒരു പക്ഷെ പലിശ നിരക്കില്‍ 25 ബിപിഎസ്സിന്റെ വര്‍ദ്ധന വരുത്താന്‍ ഇതിടയാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഹ്രസ്വകാല വായ്പാനിര്ക്കില് 225 ബിപിഎസ് പോയിന്റിന്റെ വര്‍ദ്ധനയാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നടപടി. റീട്ടെയില്‍ പണപ്പെരുപ്പം 2023 സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ 6.5 ശതമാനവും വര്‍ഷാവസാനം 5.7 ശതമാനവും ആകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ. അമൃതകാലത്ത് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന സാമ്പത്തിക നടപടിയുടെ ഭാഗമാണ് ഈ പണപ്പെരുപ്പ നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: