തിരുവനന്തപുരം: ചെങ്കല്‍ചൂള രാജാജിനഗറിലെ ദുരിതജീവിതത്തിന് പരിഹാരം കാണാന്‍ നടന് സുരേഷ്ഗോപിയെത്തി. രാജാജിനഗറിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സുരേഷ്ഗോപിയെ കണ്ടതോടെ ടിന്‍ഷീറ്റുകള്‍ പാകി തകര്‍ന്നുവീഴാറായ വീടുകളില്‍ ദുര്‍ഗന്ധപൂരിതമായ പരിസരത്ത് ദുരിതജീവിതം നയിക്കേണ്ടിവന്നവരുടെ സങ്കടങ്ങള്‍ അണപൊട്ടി. അന്‍പതുവര്‍ഷത്തിലേറെയായി തങ്ങള്‍ക്ക് കിട്ടിയ ഫല്‍റ്റുകള്‍ ആള്‍താമസത്തിന് പറ്റാത്തവിധം മേല്‍ക്കൂര അടര്‍ന്നുവീഴുന്നതായും ചിലര്‍ പരാതിപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ അര്‍ബന്‍ ഡവലപ്മെന്റ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട് രാജാജിനഗര്‍നിവാസികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി ഗ്രൗണ്ട്റിയാലിറ്റി മനസിലാക്കാനാണ് തന്റെ സന്ദര്‍ശനമെന്നും സുരേഷ്ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 269 കുടുംബങ്ങള്‍ക്ക് ഫല്‍റ്റുപണിയാനാണ് ആദ്യനിര്‍ദ്ദേശമുണ്ടായതെങ്കിലും അതിപ്പോള്‍ 151 ആയി ചുരുങ്ങിയിരിക്കുന്നു. അതുപോലും ഇഴഞ്ഞുനീങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും.
ഇവരുടെ ജീവിതനിലവാരത്തില്‍ കാര്യമാത്രപ്രസക്തമായ നടപടികള്‍ സ്വീകരിക്കാനാകുമോ എന്നന്വേഷിക്കും. 12 ഏക്കറോളം വരുന്ന കോളനി പൂര്‍ണമായും നവീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്നും അതിനായി അടുത്തടുത്തുള്ള 10 വീടുകള്‍ക്ക് ഒരാളെന്ന നിലയില്‍ 1500 ഓളം കുടുംബങ്ങളില്‍ നിന്നായി ഒരുപ്രതിനിധിസഭ രൂപീകരിച്ച് തന്നെ അറിയിക്കണമെന്നും സുരേഷ്ഗോപി രാജാജി നഗര്‍ നിവാസികളോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇവരുമായി നേരിട്ട് സംസാരിച്ച് വേണ്ടതുചെയ്യാമെന്നും അതിനായി വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ഓരോരുത്തരായി തങ്ങളുടെ ആശങ്കകകള്‍ പങ്കുവച്ചു.മൂന്നരഏക്കറോളം സ്ഥലത്ത് നഗരസഭ തങ്ങള്‍ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി പുതിയതായി ഫല്‍റ്റ് പണിതുതരാമെന്ന് വാക്കുനല്കിയിരുന്നെങ്കിലും നടപടികളാകുന്നില്ല. സ്വന്തംനിലയ്ക്ക് സ്ഥലത്തുനിന്ന് മാറിത്താമസിക്കണമെന്നും രണ്ടരവര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ പുതിയ ഫല്‍റ്റ് പൂര്‍ത്തിയാകുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ പണിപൂര്‍ത്തിയാകുന്നതുവരെ തങ്ങളെ പുനരധിവസിപ്പിക്കാന്‍ നഗരസഭ തയ്യാറാകാത്തത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.
കൂടാതെ പുതിയതായി തയ്യാറാക്കിയ പട്ടികയില്‍ കൂടുതലും സിപിഎം അനുഭാവികളാണ് ഇടംപിടിച്ചിരിക്കുന്നതും. ഇതോടെ കുടിയൊഴിപ്പിക്കല്‍ നടത്തി പാര്‍ട്ടിക്കാര്‍ക്ക് വീതംവച്ചുനല്കാനാണ് നീക്കമെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. കൂടാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി പണി ആരംഭിച്ച ശ്രീമൂലംറോഡ്നിര്മ്മാണം ഇഴഞ്ഞുനീങ്ങുന്നതും സ്ഥലത്തുനിന്ന് മാറുന്നതിനോടുള്ള എതിര്‍പ്പിന് കാരണമായിട്ടുണ്ട്. നടപടികള്‍ നീണ്ടുപോയാല്‍ ഫണ്ടുതന്നെ ലാപ്സാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടതോടെയാണ് സുരേഷ്ഗോപിയുടെ സഹായംതേടിയത്. ബിജെപി മണ്ഡലം സെക്രട്ടറി നടരാജ്കണ്ണന്‍ ചാല, ഏര്യാജനറല്‍സെക്രട്ടറി ദിലീപ്കുമാര്, വൈസ്പ്രസിഡന്റ് രവിചന്ദ്രന്‍, മഹിളാമോര്‍ച്ച് മണ്ഡലം ഭാരവാഹി സൗമ്യ, കണ്‍വീനര്‍ മനു രാജാജിനഗര്‍ എന്നിവരും സുരേഷ്ഗോപിയോടൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: