കൊച്ചി : മൂന്ന് ജീവപര്യന്തത്തടവ് അനുഭവിക്കുന്ന കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് മകള്‍ കീര്‍ത്തി ജയാനന്ദന്റെ വിവാഹത്തിൽ പങ്കെടുക്കാം. ഹൈക്കോടതി തന്നെയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ റിപ്പര്‍ ജയാനന്ദന് പരോൾ അനുവദിച്ചത്.
റിപ്പര്‍ ജയാനന്ദന്റെ മകള്‍ അഡ്വ. കീര്‍ത്തി തന്നെയാണ് തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അച്ഛന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദിച്ചത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റിപ്പര്‍ ജയാനന്ദന്റെ ഭാര്യ തന്നെ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അമ്മയുടെ അപേക്ഷയിൽ ജയാനന്ദന്റെ മകളും അഭിഭാഷകയുമായ കീർത്തി ജയാനന്ദനാണ് പിതാവിനായി വാദിച്ചു. 15 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയോടെ മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. എന്നാൽ സർക്കാർ പരോളിനെ ശക്തമായി എതിർത്തു. അഭിഭാഷകയായിട്ടല്ല, മകളായി കണ്ട് തന്റെ വാദം പരിഗണിക്കണമെന്നാണ് കീർത്തി കോടതിയോട് ആവശ്യപ്പെട്ടത്.
ഇരുപത്തി രണ്ടാം തീയതിയാണ് കീർത്തിയുടെ വിവാഹം.വിവാഹത്തലേന്ന് പൊലീസ് സംരക്ഷണയില്‍ ജയാനന്ദനെ വീട്ടിലെത്തിക്കണമെന്നും, പിറ്റേന്ന് അഞ്ച് മണിവരെ ചടങ്ങുകളിൽ പങ്കെടുക്കാനും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. നിരവധി പേരെ ചുറ്റികയില്‍ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതിയാണ് റിപ്പര്‍ ജയാനന്ദന്.
റിപ്പര്‍ ജയാനന്ദന് എന്ന ക്രൂരനായ കൊലയാളി കൊന്നു തള്ളിയത് ഏഴ് പേരെയാണ്. വളമോഷ്ടിക്കാനുള്ള തിരക്കില്‍ ഒരിയ്ക്കല്‍ ഒരു സ്ത്രീയുടെ കൈ തന്നെ വളയടക്കം മുറിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: