കണ്ണൂര്‍: സിപി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് മറുപടിയുമായി തലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. റബറിന്റെ വില എന്നുപറയുന്നത് നിസാരവിഷയമായി എം.വി ഗോവിന്ദന് തോന്നുന്നുണ്ടാകാം. എന്നാലത് മലയോര കര്‍ഷകര്‍ക്ക് നിസാരകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റബര്‍ മാത്രമാണോ ക്രിസ്‌ത്യാനിയുടെ പ്രശ്നമെന്നും വേറെയും നിരവധി പ്രശ്നങ്ങള്‍ ക്രിസ്‌ത്യാനിയ്‌ക്കുണ്ടെന്നുമായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.
താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണ്. അവർക്ക് ആകെയുള്ള വരുമാനം റബർ കൃഷിയിൽ നിന്നുമാണ്. മറ്റ് രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല റബറിനെ ആരാണോ പിന്തുണയ്‌ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത്. മറിച്ച് കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ്. അതിനെ സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. കര്‍ഷകരുടെ കൂടിയാലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. അവരുടെ പൊതുവികാരം പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തത്. സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
ഇപ്പോള്‍ ഞങ്ങളെ സഹായിക്കുന്നതിനായി നയം രൂപീകരിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയ്‌ക്ക് സാധിക്കും. അതിനാലാണ് റബറിന്റെ ഇറക്കുമതി തീരുവയെക്കുറിച്ച് തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്‌ക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്ന് പറഞ്ഞത്. അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്നുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: