തിരുവനന്തപുരം: കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരസ്വീകരണത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായ ‘കുടുംബശ്രീ’യുടെ രജതജൂബിലി ആഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
പട്ടികജാതി പട്ടികവര്‍ഗ, യുവാക്കള്‍ക്കു തൊഴില്‍, സ്വയംതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയായ ‘ഉന്നതി’ക്കും രാഷ്ട്രപതി തുടക്കംകുറിച്ചു. മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത സാങ്കേതിക എന്‍ജിനിയറിങ് ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനത്തിനും രാഷ്ട്രപതി സാക്ഷ്യം വഹിച്ചു.
മനോഹരമായ ഈ സംസ്ഥാനത്തിന്റെ ഭാഷയാലും സംസ്കാരത്താലും കോര്‍ത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും കേരളത്തില്‍ സൗഹാര്‍ദത്തോടെ ഒന്നിച്ചു കഴിയുന്നു. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീപുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീസാക്ഷരതയിലുള്പ്പെടെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
കേരളത്തില്‍, സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇതു നിരവധി മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തില്‍ പ്രതിഫലിക്കുന്നു. ‘അമൃതകാല’ത്ത് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതില്‍ കേരളത്തിലെ വിദ്യാസമ്പന്നരും അര്‍പ്പണബോധമുള്ളവരുമായ യുവാക്കള്‍ വലിയ സംഭാവന നല്കുമെന്നു രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: