ന്യൂദല്‍ഹി:ലണ്ടനില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം. ഇതിന്റെ ഭാഗമായി രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക് വെള്ളിയാഴ്ച കത്ത് നല്കി.
സമാനമായ രീതിയില്‍ 2005-ല്‍ രൂപീകരിച്ച പ്രത്യേക സമിതി 11 എംപിമാരുടെ അംഗത്വം റദ്ദാക്കിയ നടപടി ചൂണ്ടിക്കാണിച്ചാണ് ദുബെയുടെ ആവശ്യം. പാര്‍ലമന്ററി കാര്യ നടപടിച്ചട്ടത്തിലെ 223ാം ചട്ടപ്രകാരമാണ് നിഷികാന്ത് ദുബെ രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാഹുലിനെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമര്‍ശങ്ങളിലൂടെ രാഹുല്‍ രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും അന്തസ്സ് നഷ്ടപ്പെടുത്തിയതായി ദുബെ ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ സഭയില്‍ നിന്നും പുറത്താക്കിയാല്‍ മാത്രമേ, ഇനി മറ്റൊരു നേതാവും ഇന്ത്യയുടെ അന്തസ്സിനെയും ഇന്ത്യയിലെ സ്ഥാപനങ്ങളുടെ അന്തസ്സിനെയും തരംതാഴ്ത്തുന്ന നടപടികളില്‍ നിന്നും മാറിനില്‍ക്കുകയുള്ളൂ.
രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കണമെന്നും അതിനു ശേഷമേ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ എന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാല്‍ അദാനി വിഷയം ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: