കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായ ശേഷമുള്ള ആദ്യ മഴ പെയ്തൊഴിഞ്ഞെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ലെന്ന് വിദഗ്ധര്‍. ഇനി പെയ്യുന്ന രണ്ടോ മൂന്നോ വേനല്‍ മഴയെക്കൂടി കരുതിയിരിക്കണമെന്ന് കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോടു പറഞ്ഞു. ഈ മഴ എല്ലാ ജീവജാലങ്ങള്‍ക്കും ദോഷമാകുമെന്നും അദ്ദേഹം തുടര്‍ന്നു. വിഷാംശമുള്ള സൂക്ഷ്മ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്നത് വ്യവസായ മേഖലകളില്‍ പതിവാണ്. ഇവയ്ക്ക് ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിക്കാനുമാകും. മഴയിലൂടെ ഇവ ഭൂമിയിലെത്തും. അന്തരീക്ഷത്തില്‍ നൈട്രിക് ആസിഡും സള്‍ഫ്യൂരിക് ആസിഡുമുണ്ടെങ്കില് മഴവെള്ളത്തിലും ഇവയുടെ സാന്നിധ്യമുണ്ടാകും. ഈ മഴ ശരീരത്തില്‍ നേരിട്ടു പതിക്കുന്നത് വ്രണങ്ങള്‍ക്കും അലര്‍ജിക്കും കാരണമാകും. ശക്തമായ മഴ പെയ്ത് ഒഴിഞ്ഞെങ്കിലേ അന്തരീക്ഷത്തില്‍ രാസ മാലിന്യത്തിന്റെ അളവില്‍ കുറവുണ്ടാകൂ. ഈ വിഷയത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഴവെള്ളത്തില്‍ അമ്ല സാന്നിധ്യമുണ്ടോ എന്നറിയുന്നതിന് ലിറ്റ്മസ് പേപ്പര്‍ കൊണ്ടുള്ള പരിശോധന ഒട്ടും ശാസ്ത്രീയമല്ലെന്ന് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പരിസ്ഥിതി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സുജ പി. ദേവിപ്രിയ പറഞ്ഞു. വിശദമായ പരിശോധന വേണം. സാധാരണ മഴവെള്ളത്തിന്റെ പിഎച്ച് മൂല്യം 5.5-5 ആണ്. അമ്ല മഴയാണെങ്കില്‍ ഇത് 4.5-4 ആയിരിക്കും. വാതകങ്ങളും പൊടിപടലങ്ങളും അമ്ലമാകുന്ന അവസ്ഥ ഡ്രൈ ഡെപ്പോസിഷന്‍. മഴയിലൂടെ ഭൂമിയിലെത്തുന്ന ഈ ആസിഡ് നിക്ഷേപം ജലാശയങ്ങളെ അമ്ലമയമാക്കുമെന്ന് അവര്‍ പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായതിന്റെ പിറ്റേന്ന് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാര സൂചിക 295 ആയി ഉയര്‍ന്നിരുന്നു. ഇന്നലെ ഇത് 75 ആയി. ഒറ്റ മഴയില്‍ത്തന്നെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: