ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തത്തെക്കുറിച്ച് നിയമസഭയില്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതുവരെ ഇക്കാര്യത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയായി ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി. അല്‍പ്പം വൈകിയാണെങ്കിലും സര്‍ക്കാര്‍ ശരിയായ നടപടിയെടുത്തിരിക്കുന്നു എന്നു വരുത്താനാണ് ശ്രമം. പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും വിജിലന്‍സുമൊക്കെയാണ് അന്വേഷിക്കുക. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കുമെന്നും മറ്റും മുഖ്യമന്ത്രി പറയുമ്പോള്‍ കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അഴിമതിയുടെ കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ട്രാക് റെക്കോര്‍ഡും, അഴിമതികള്‍ ഒതുക്കുന്നതിന് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന സാമര്‍ത്ഥ്യവും മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഉള്ളുകളികള്‍ പിടികിട്ടും. ബ്രഹ്മപുരത്തുനിന്ന് ഉയര്‍ന്നതിനെക്കാള്‍ വലിയ പുകമറയാണ് സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് തിരിച്ചറിയാനാവും. അധികൃതരുടെ അനാസ്ഥകൊണ്ടു മാത്രം സംഭവിച്ച ഒരു പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച് എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ ഭരണത്തലവനായ മുഖ്യമന്ത്രി നീണ്ട പത്ത് ദിവസം പ്രതികരിക്കാതിരുന്നത് എന്ന ചോദ്യത്തിന് വളരെ വൈകി മാത്രം പ്രഖ്യാപിച്ച ഇപ്പോഴത്തെ അന്വേഷണം മറുപടിയാവുന്നില്ല. ഗ്യാസ് ചേമ്പര്‍ ദുരന്തമെന്ന് ഹൈക്കോടതിപോലും വിശേഷിപ്പിച്ച ഈ അത്യാഹിതത്തെ വെറും മാധ്യമ സൃഷ്ടിയായി ചിത്രീകരിക്കുകയാണല്ലോ മന്ത്രിമാര്‍പോലും ചെയ്തത്. ഇക്കാര്യത്തില്‍ ജനങ്ങളോട് സമാധാനം പറയാന്‍ സര്‍ക്കാരും കോര്‍പ്പറേഷനും ഭരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അന്വേഷണ പ്രഖ്യാപനം ഇതിന് പകരമാവുന്നില്ല.
ബ്രഹ്മപുരം അഗ്നിബാധയെക്കുറിച്ച് നിയമസഭയില്‍ നടത്തിയ അന്വേഷണ പ്രഖ്യാപനത്തിന് ശ്രദ്ധിച്ചുനോക്കിയാല്‍ ഒരു ആവര്‍ത്തന സ്വഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതായി പറയപ്പെടുന്ന സ്വര്‍ണക്കടത്തിന്റെ വെളിപ്പെടുത്തലുണ്ടായപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് കത്തെഴുതിയ ശേഷം അധികാരം ഉപയോഗിച്ച് ആസൂത്രിതമായും സംഘടിതമായും അതിന്റെ തെളിവുകള്‍ നശിപ്പിച്ച കാര്യം ആരും മറന്നുപോയിട്ടുണ്ടാവില്ല. ലൈഫ്മിഷന്‍ അഴിമതിക്കേസിന്റെ തെളിവുകള്‍ സിബിഐക്ക് ലഭിക്കുമെന്നായപ്പോള്‍ വിജിലന്‍സിനെ ഇറക്കി ഫയലുകള്‍ തട്ടിക്കൊണ്ടുപോയതും ജനങ്ങളുടെ ഓര്‍മയിലുണ്ട്. അപ്പോഴൊക്കെ മുഖ്യമന്ത്രി അന്വേഷണത്തിന്റെ പക്ഷത്തായിരുന്നുവെന്ന് ഓര്‍ക്കണം. അതേ മുഖ്യമന്ത്രിയും അതേ പോലീസും വിജിലന്‍സുമൊക്കെയാണ് ബ്രഹ്മപുരവും അന്വേഷിക്കാന്‍ പോകുന്നത്. പ്രമുഖ സിപിഎം നേതാവിന്റെ മരുമകന്റെ കമ്പനിക്ക് യോഗ്യതയില്ലാതിരുന്നിട്ടും കോടികളുടെ കരാര്‍ നല്‍കിയതില്‍ ക്രമക്കേടുകളില്ലെന്നും, സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ബ്രഹ്മപുരത്തും മറ്റിടങ്ങളിലും ഈ കമ്പനി കാഴ്ചവയ്‌ക്കുന്നതെന്നും മന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കെ ഇതിനപ്പുറം ഒന്നും അന്വേഷിച്ചു കണ്ടെത്താന്‍ പോകുന്നില്ല. സംഭവം അന്വേഷിക്കാന്‍ പോകുന്ന ഏജന്‍സികള്‍ക്കുള്ള നിര്‍ദേശമാണ് മന്ത്രി നല്‍കിയതെന്നുപോലും കരുതാവുന്നതാണ്. സിപിഎം നേതാക്കള്‍ ആരോപണവിധേയരായ സഹകരണബാങ്കിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ‘പ്രകടനം’ നാട്ടുകാര്‍ കണ്ടതാണല്ലോ. പിണറായി വിജയന്റെ സ്വകാര്യ സേനയെപ്പോലെയാണ് ക്രൈംബ്രാഞ്ചും വിജിലന്‍സുമൊക്കെ പ്രവര്‍ത്തിക്കുന്നത്. പ്രത്യേക സംഘത്തിന്റെ രൂപീകരണം തന്നെ വേണ്ടപ്പെട്ടവരെ ഉല്‍പ്പെടുത്തിക്കൊണ്ടാവും.
അതിനിടെ വിഷപ്പുക നിറഞ്ഞ കൊച്ചിയിലേക്ക് ഡോക്ടര്‍മാരുടെ വിദഗ്‌ദ്ധ സംഘത്തെ അയയ്‌ക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ജനങ്ങളുടെ ആശങ്കയകറ്റാനും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതിരിക്കാനും മുന്‍കയ്യെടുക്കുന്നതിനു പകരം അഴിമതിക്ക് മറയിടാനുള്ള വഴികളെക്കുറിച്ചാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്‌കരണത്തിന് ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ കരങ്ങളുണ്ടെന്ന് കരുതാന്‍ ഇതിനോടകം പുറത്തുവന്ന തെളിവുകള്‍ ധാരാളമാണ്. വിവാദകമ്പനിക്ക് കണ്ണൂരില്‍ കരാര്‍ നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അവിടുത്തെ കോര്‍പ്പറേഷന്‍ മേയര്‍ പ്രസ്താവിച്ചിരുന്നു. സോണ്ടയ്‌ക്കുവേണ്ടി കോഴിക്കോട് കോര്‍പ്പറേഷനിലും മുഖ്യമന്ത്രി ഇടപെട്ടു എന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നു. അപ്പോള്‍ ഇതേ കമ്പനിക്ക് ബ്രഹ്മപുരത്ത് കരാര്‍ ലഭിച്ചത് സ്വാഭാവികമല്ലെന്ന് വ്യക്തം. വിവാദ കമ്പനിയുടെ പ്രതിനിധികള്‍ക്കൊപ്പം മുഖ്യമന്ത്രി നെതര്‍ലാന്‍ഡ്‌സ് യാത്ര നടത്തിയതിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നു. ഈ വിവരങ്ങളൊക്കെ വെളിപ്പെടുമെന്ന് മുന്‍കൂട്ടി കണ്ടാണ് നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ് കമ്പനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നു വേണം കരുതാന്‍. സംസ്ഥാന സര്‍ക്കാര്‍ എത്ര അന്വേഷണം പ്രഖ്യാപിച്ചാലും ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. അഴിമതിക്കാര്‍ നടത്തുന്ന അന്വേഷണം ഒരിക്കലും അവര്‍ക്ക് എതിരാവില്ലല്ലോ. പ്രശ്‌നത്തില്‍ ഹൈക്കോടതി ശക്തമായാണ് ഇടപെട്ടിരിക്കുന്നത്. ഇതുവഴി പല കള്ളക്കളികളും പുറത്താവുമെന്നു കരുതാം. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ, കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണമോ ആണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: