തൃശൂര്‍: പൂരം സംഘാടകരുടെ അഭ്യര്‍ത്ഥനയും പ്രതിഷേധവും അവഗണിച്ചു. പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ വര്‍ദ്ധിപ്പിച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡ്. പുതിയ നിരക്കനുസരിച്ച് മൂന്ന് കോടിയിലേറെ പൂരം പ്രദര്‍ശന നഗരിക്ക് സംഘാടകര്‍ വാടക നല്‍കേണ്ടി വരും. മുന്‍ വര്‍ഷം 40 ലക്ഷം നല്കിയ സ്ഥാനത്താണിത്.ഇത്രയും തുക നല്കി പൂരം നടത്താനാകില്ലെന്ന് പൂരം സംഘാടകര്‍ പറഞ്ഞു.
ചതുരശ്രയടിക്ക് ഒരു ദിവസത്തേക്ക് 2 രൂപ നിരക്കില്‍ 60 ദിവസത്തേക്ക് വാടക നിശ്ചയിച്ചാണ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. മുന്‍ വര്‍ഷം ചതുരശ്രയടിക്ക് 21 പൈസയാണ് ഈടാക്കിയിരുന്നത്. ഇതാണ് രണ്ടു രൂപയായി വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ നിരക്കനുസരിച്ച് ജിഎസ്ടി ഉള്‍പ്പെടെ മൂന്നു കോടിയിലേറെ രൂപ വരും.
കഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ നിന്ന് എട്ടു ശതമാനം വര്‍ധിപ്പിച്ച് നല്‍കാമെന്ന് പൂരം സംഘാടകര്‍ അറിയിച്ചിരുന്നു. പൂരം പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് 8 ഘടകക്ഷേത്രങ്ങള്ക്കു വേണ്ട ആനകളും, ചമയങ്ങളും നല്‍കുന്നത്.സുരക്ഷാ കാര്യങ്ങള്‍ക്കുളള ചിലവുകള്‍, താല്‍ക്കാലിക നിര്‍മ്മിതികള്‍, പോലീസിനുളള ഭക്ഷണം തുടങ്ങി മറ്റ് ചെലവുകളും ഇരു ദേവസ്വങ്ങളും വഹിച്ചു പോരുന്നത് ഇതില്‍ നിന്നാണ്. ഇതിനു പുറമേ മൂന്നു കോടിയോളം രൂപ വാടകയിനത്തില്‍ നഷ്ടപ്പെട്ടാല്‍ മറ്റു ചെലവുകള്‍ക്ക് പണമുണ്ടാകില്ലെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷത്തേക്കാള്‍ 375 ശതമാനം വര്‍ധനയാണ് ഇത്തവണത്തേത് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പൂരം നടത്തുന്നതിനുളള സാഹചര്യം സൃഷ്ടിക്കാന്‍ ഉത്തരവാദിത്വമുളള ബോര്‍ഡ് തന്നെ അതിന്റെ കടയ്ക്ക് കത്തിവെക്കുന്ന പോലെയാണ് പ്രദര്‍ശന ഗ്രൗണ്ടിനുളള വാടക വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. തൃശൂര്‍ കോര്പ്പറേഷന് വിവിധ ആവശ്യങ്ങള്‍ക്ക് കൊടുത്തിട്ടുളള സ്ഥലങ്ങള്‍ക്ക് വളരെ തുച്ഛമായ വാടക മാത്രമാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്.
3 ലക്ഷം ചതുരശ്ര അടിയുള്ള നെഹ്റു പാര്ക്കിന് വെറും ചതുരശ്രയടിക്ക് 19 പൈസയാണ് ഇതുവരെ പ്രതിവര്‍ഷം വാടക വാങ്ങുന്നത്. ഇത് ഇലപ്പാള്‍ പ്രതിവര്‍ഷം ഒരു രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 47,844 സ്ക്വയര്‍ ഫീറ്ററുള്ള ഇന്നര്‍ ഫുട്പാത്തിന് പ്രതിവര്‍ഷം 1500 രൂപയും, 41,151 സ്ക്വയര്‍ ഫീറ്റുള്ള വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പ്രതിവര്‍ഷം 2867 രൂപയും, 447 സ്ക്വയര്‍ ഫീറ്റുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പ്രതിവര്‍ഷം 200 രൂപയും ആണ് വാടകയായി ഈടാക്കുന്നത്.
പുതിയ നിരക്കനുസരിച്ച് ഇവക്ക് പ്രതിവര്‍ഷം ചതുരശ്ര അടിക്ക് ഒരു രൂപ എന്ന നിരക്കില്‍ മാത്രമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. നെഹ്റു പാര്‍ക്കിനും കോര്‍പ്പറേഷന്റെ മറ്റ് കാര്യങ്ങള്‍ക്കും പ്രതിവര്‍ഷം ഒരു രൂപാ നിരക്കില്‍ വാടക നിശ്ചയിച്ചു കൊടുക്കുമ്പോള്‍ വെറു 50 ദിവസം മാത്രം നടക്കുന്ന പൂരം പ്രദര്‍ശനത്തിന് പ്രതിദിനം 2 രൂപാ നിരക്കില്‍ 60 ദിവസത്തേക്ക് വാടക നിശ്ചയിച്ചാണ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വാടക നിരക്ക് കുറച്ചില്ലെങ്കില്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: