തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അധ്യാപകരുള്‍പ്പടെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം. ശമ്പളം നല്‍കുമെന്ന് ഒരു മാസം മുമ്പ് പറഞ്ഞ സാംസ്‌കാരിക മന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്ന് ജീവനക്കാര്‍ വിമര്‍ശിക്കുന്നു. കലാമണ്ഡലത്തില്‍ ശമ്പളം താളം തെറ്റിത്തുടങ്ങിയിട്ട് നാളുകളായെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ഗ്രാന്റ് ഇനത്തില്‍ തുക കൃത്യസമയത്തു കിട്ടാത്തതാണ് കാരണം. ശമ്പളയിനത്തിലും മറ്റു ചെലവുകളിലേക്കുമായി പ്രതിവര്‍ഷം 13.5 കോടിയോളം രൂപ വേണം. ഗ്രാന്റ് ഇനത്തില്‍ കിട്ടുന്നത് ഏഴര കോടിയും.
കലാണ്ഡലത്തില്‍ 132 സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും അടക്കം ഇരുന്നൂറിലധികം പേര്‍ ജോലി ചെയ്യുന്നു. 50 ലക്ഷം രൂപ കലാമണ്ഡലത്തിന്റേതായ പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ട്. ഈ തുകയില്‍ നിന്ന് ശമ്പളം കൊടുക്കാന്‍ കഴിയില്ല. തുക ട്രഷറിയില്‍ അടയ്‌ക്കണം. ഗ്രാന്റായി ലഭിക്കുന്ന തുകയെടുത്തേ ശമ്പളം നല്‍കാന്‍ കഴിയൂ. പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പിന് കത്തു നല്‍കിയിരുന്നു. സാംസ്‌കാരിക വകുപ്പ് ഗ്രാന്റ് അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും പണം മാത്രം കിട്ടിയിട്ടില്ല.
കഴിഞ്ഞമാസം ശമ്പളകുടിശിക ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രണ്ടു ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടന സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അറുന്നൂറോളം വിദ്യാര്‍ഥികള്‍ കലാമണ്ഡലത്തില്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്ക് സ്റ്റൈപ്പന്റായി പ്രതിമാസം 1500 രൂപ നല്‍കണം. ഇനിയും ശമ്പളം വൈകിയാല്‍ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ പോലും തടസപ്പെടും. അതിനിടെ കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമന വിവാദമുയര്‍ന്നിരുന്നു. അനുമതിയും അംഗീകാരവുമില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഓഡിറ്റ് വകുപ്പ് ജോ. ഡയറക്ടര്‍ സാംസ്‌കാരിക വകുപ്പിന് കത്ത് നല്‍കി. 2014 ലാണ് കല്‍പിത സര്‍വകലാശാലയായ കേരള കലാമണ്ഡലത്തില്‍, ബിരുദ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പുതിയ നിയമനം നടത്തണമെങ്കില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്റിലും വരേണ്ട ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തണം. ഇത് ലംഘിച്ചാണ് 2019 മുതല്‍ 2021 വരെ അംഗീകൃത തസ്തികകള്‍ക്ക് പുറത്ത് ഏഴ് നിയമനങ്ങള്‍ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായാണ് നിയമനം.
സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയിരുന്നു. ഏഴ് പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ ഏഴ് സ്ഥാനക്കയറ്റ സാധ്യതകള്‍ നഷ്ടമായി. കൂടാതെ ഏഴ് ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: