തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീവെച്ചത് 12 ദിവസം കൊണ്ട് കെടുത്തിയത് സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന രീതിയിലുള്ള മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ ഇരകളായ കൊച്ചിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് വെച്ച് അഴിമതി നടത്തുകയായിരുന്നു കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ചെയ്തത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് കൊച്ചി കോര്‍പ്പറേഷനിലെയും സംസ്ഥാനത്തെയും പ്രതിപക്ഷമായ യുഡിഎഫ് ചെയ്തത്. ബ്രഹ്മപുരം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും നോക്കുകുത്തിയായിരുന്നു. കേരള മോഡലിന്റെ പരാജയമാണ് കൊച്ചിയില്‍ കണ്ടത്.
മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദമാണ്. കേരളത്തിലെ നഗരങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനം സോന്‍ഡ കമ്പനിക്ക് നല്‍കിയത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബ്രഹ്മപുരത്തെ ദുരന്തത്തിന് കാരണക്കാരായ വിവാദ കമ്പനിയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി വിദേശത്ത് ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
കൊച്ചിയില്‍ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ ചെയ്യണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹായം തേടാന്‍ സംസ്ഥാനം ഇനിയും മടി കാണിക്കരുതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: