ശക്തന്റെ തട്ടകമായി അറിയപ്പെടുന്ന തൃശൂരിലെ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച ജനശക്തി റാലി ദേശീയ രാഷ്ട്രീയത്തിന്റെ പുതിയൊരു മുന്നേറ്റത്തെ കുറിക്കുന്നതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയും, തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ശില്പിയായി അറിയപ്പെടുന്ന വ്യക്തിയുമായ അമിത്ഷാ ഈ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ആവേശത്തിന്റെ കാവിത്തിരകളാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ അതിശക്തമായി വിമര്‍ശിച്ചും, കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്കുന്ന സഹായങ്ങള്‍ അക്കമിട്ടു നിരത്തിയും, സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും വോട്ടുബാങ്ക് രാഷ്ട്രീയത്തെ തുറന്നുകാണിച്ചും അമിത്ഷാ നടത്തിയ പ്രസംഗം ജനം ആഗ്രഹിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമായ വിഷപ്പുക സൃഷ്ടിക്കുന്ന ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടിത്തം പത്ത് ദിവസം കഴിഞ്ഞിട്ടും അണയ്ക്കാന്‍ കഴിയാത്തവര്‍ക്ക് കേരളത്തിനുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന അമിത്ഷായുടെ ചോദ്യം ഓരോ മലയാളിയുടെയും മനസ്സിലുള്ളതാണ്. ലൈഫ് മിഷന് അഴിമതിക്കേസിലും സ്വര്‍ണക്കടത്തുകേസിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് അമിത്ഷാ പറഞ്ഞതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വോട്ടുബാങ്കിന്റെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയത്താല്‍, ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയെ സിപിഎമ്മും കോണ്‍ഗ്രസ്സും പിന്തുണച്ചില്ല. രാജ്യദ്രോഹികളെ നേരിടുന്നതില്‍ ബിജെപിക്ക് വോട്ടുബാങ്ക് വിഷയമല്ലെന്ന് അമിത്ഷാ പറഞ്ഞത് കേരളം ആവശ്യപ്പെടുന്ന രാഷ്ട്രീയ നിലപാടാണ്.
കേരള രാഷ്ട്രീയം ഒരു മാറ്റത്തിന് തയ്യാറെടുത്തിട്ട് നാളേറെയായി. ഇടതു-വലതു മുന്നണി രാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ ഈ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ മുന്നണികള്‍ക്ക് നേതൃത്വം നല്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ഒരേപോലെ എല്ലാ സര്‍വ്വശക്തിയും ഉപയോഗിച്ച് ഈ മാറ്റത്തെ ചെറുക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമാണിത്. അപൂര്‍വം ചില സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യാ മഹാരാജ്യത്തെ എല്ലായിടങ്ങളില്‍നിന്നും ജനങ്ങള്‍ അധികാരത്തിനു പുറത്താക്കിയ ഈ പാര്‍ട്ടികള്‍ കേരളത്തെ അഭയകേന്ദ്രമായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും അവസരവാദവും മതവിഭാഗീയതയും ഒരേ അളവില്‍ കൈമുതലാക്കി മാറിമാറി അധികാരത്തില്‍ വരികയും പരസ്പരം സഹകരിക്കുകയും ചെയ്യുകയെന്ന നയമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പിന്തുടരുന്നത്. പശ്ചിമബംഗാളിലും അസമിലും ത്രിപുരയിലും ഇവര്‍ പരസ്യമായി സഖ്യത്തിലേര്‍പ്പെടുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പരോക്ഷ സഖ്യത്തിലാണ്. ദേശീയതലത്തില്‍ ഒരുമിച്ചു നില്ക്കുന്ന ഇവര്‍ കേരളത്തില്‍ ശത്രുത ഭാവിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ബിജെപിക്കെതിരെ സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതോടെ കേരളത്തിലും ഇതിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. മേഘാലയയും നാഗാലാന്റും പോലെ ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ സംസ്ഥാനങ്ങളില്‍പ്പോലും ബിജെപിക്ക് തുടര്‍ച്ചയായി അധികാരത്തില്‍ വരാന്‍ കഴിയുന്നത് കേരളത്തിലെ ജനങ്ങള്‍ കണ്ണുതുറന്നു കാണുകയാണ്.
അമിത്ഷായെ പങ്കെടുപ്പിച്ച് ബിജെപി തൃശൂരില്‍ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തുന്ന ജനകീയ പ്രതിരോധയാത്ര അതേ ദിവസം തൃശൂരില്‍ എത്തുന്നത് മുന്‍നിര്‍ത്തിയാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ബിജെപിയുടേത് സമ്മേളനവും സിപിഎമ്മിന്റേത് യാത്രയുമാണെന്ന വ്യത്യാസമുണ്ടെങ്കിലും രണ്ടും താരതമ്യം ചെയ്യാനുള്ള അവസരവും ജനങ്ങള്‍ക്ക് ലഭിച്ചു. ബിജെപി സമ്മേളനത്തില്‍ ജനസമുദ്രംതന്നെ ഒഴുകിയെത്തിയപ്പോള്‍ ‘പ്രതിരോധ നായകന്’ എം.വി. ഗോവിന്ദന് നടത്തുന്നത് മൈതാനപ്രസംഗങ്ങളാണ്. പാടത്ത് പണിയെടുക്കുന്നത് നിര്‍ത്തിവെപ്പിച്ചും, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയുമൊക്കെ തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. പല യോഗങ്ങളും ശുഷ്കമാണ്. ചിലയിടങ്ങളില്‍ പ്രസംഗം കേള്‍ക്കാന്‍ കൂട്ടാക്കാതെ ആളുകള്‍ എണീറ്റുപോകുന്നത് ഗോവിന്ദനെ ക്ഷുഭിതനാക്കുകയും ചെയ്യുന്നു. ബിജെപി വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ സംഘടിപ്പിച്ച സമ്മേളനവും ജില്ലയിലൂടെ കടന്നുപോയ സിപിഎം ജാഥയും തമ്മില്‍ താരതമ്യം ചെയ്യുന്ന ആര്‍ക്കും രണ്ട് പരിപാടികളിലെയും ജനപങ്കാളിത്തത്തിന്റെ വ്യത്യാസം മനസ്സിലാവും. സിപിഎം ജാഥ ജനങ്ങളില്‍ ഒരു പ്രതികരണവുമുണ്ടാക്കുന്നില്ല. പാര്‍ട്ടിയെ വെട്ടിലാക്കുന്ന ഗോവിന്ദന്റെ പ്രസംഗങ്ങളിലൂടെയാണ് യാത്ര മാധ്യമശ്രദ്ധ നേടുന്നത്. എന്നാല്‍ അമിത്ഷായും ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിയും നടത്തിയ പ്രസംഗങ്ങള്‍ വലിയൊരു തരംഗംതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. തൃശൂരിന്റെ ശില്‍പ്പിയായ ശക്തന് തമ്പുരാന് അമിത്ഷായ്ക്കൊപ്പം പ്രണാമമര്‍പ്പിക്കാന്‍ തൃശൂരിലെ പൗരപ്രമുഖരും സാംസ്കാരിക നായകരും എത്തിച്ചേര്‍ന്നത് പുതിയൊരു തുടക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: