തൃശൂര്‍: 2019ല്‍ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയില്‍ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് ‘തൃശൂര്‍ ഇങ്ങെടുക്കു വാ’ എന്ന അപേക്ഷ എന്ന് നടന് സുരേഷ് ഗോപി. തൃശൂരില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത ജനശക്തി റാലി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“അമിത് ഷായുമായി തൃശൂരില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. 2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് ആശ്ലേഷിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം പിരിയുന്ന വേളയില്‍ അമിത് ഷാ എന്നോട് പറഞ്ഞു….”ജീത് കെ ആന… മാരോ”. ആ ആശ്ലേഷത്തെ തുടര്‍ന്ന് എന്റെ ഹൃദയത്തില്‍ നിന്നും വന്ന അപേക്ഷയായിരുന്നു….തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ എന്നത്. ഏത് ഗോവിന്ദന് വന്നാലും ശരിതന്നെ…ഗോവിന്ദാ….തൃശൂര്‍…ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു തൃശൂര്‍ക്കാരെ..തൃശൂര്‍ എനിക്ക് തരണം. നിങ്ങള്‍ തന്ന് ഹൃദയം കൊണ്ട് ഞാന്‍ എടുക്കും. “- സുരേഷ് ഗോപി പറഞ്ഞു.
“കൂലിക്കെഴുതാന്‍ വേണ്ടി, കോടികള്‍ നല്കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള അന്തം കമ്മികള്‍….ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍…വരൂ…ട്രോള്‍ ചെയ്യൂ…അന്ന് ആ മൂന്ന് വരികള്‍ (തൃശൂര്‍ ഇങ്ങ് എടുക്കുവാ) എന്റെ ജീവിതത്തിലേക്ക് നിങ്ങള്‍ നല്കിയ ഒരു വലിയ ടാഗ് ലൈനാണ്.” – ഇടത് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ബ്രഹ്മപുരം ഇന്നത്തെയും ഇന്നലത്തെയും സംഭവമാണ്. അത് നാളത്തെ സംഭവമാകാതിരിക്കട്ടെ. ബ്രഹ്മപുരം കേരള സര്‍ക്കാരെ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി കേന്ദ്രത്തോട് ആവശ്യപ്പെടൂ. ഈ നിമിഷം ആവശ്യപ്പെടൂ. ഒന്നുകില്‍ നിങ്ങള്‍ ഇവിടെ (തൃശൂരില്‍) വന്ന് അപേക്ഷിക്കൂ. അല്ലെങ്കില്‍ അവിടെ (ദില്ലിയില്‍) പോയി അപേക്ഷിക്കൂ. കേരളത്തിന്റെ കൊച്ചിയെന്ന് പറയുന്ന കേരളത്തിന്റെ മുംബൈയാണ്. കേരളത്തിന്റെ വികസനത്തിന്റെ ഒരു ചക്രമാണ്. – സുരേഷ് ഗോപി പറഞ്ഞു.
പറയുന്ന കാര്യങ്ങള്‍ ഞാന്‍ വളരെ വ്യക്തമായാണ് പറയുന്നത്. ഈയിടെ ഞാന്‍ പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞു. ദൈവത്തിലും പ്രാര്ത്ഥനയിലുമൊന്നും വിശ്വാസമില്ലാത്ത, വിശ്വാസത്തിന്റെ ചട്ടയെടുത്തണിഞ്ഞ് വിശ്വാസത്തെ തിരിഞ്ഞുകൊത്തിയ കോമരങ്ങളെയാണ് ഞാന്‍ വിമര്‍ശിച്ചത്. അല്ലാതെ നിരീശ്വരവാദികളെ വിമര്‍ശിക്കാനുദ്ദേശിച്ചല്ല. ഈ ശക്തന് തമ്പുരാന്റെ മണ്ണില്‍ കാലൂന്ന് നിന്ന്, ഹൃദയമൂന്നി നിന്ന് പറയുന്നു- ഇതാണ് സത്യം. – സുരേഷ് ഗോപി ഈയിടെ ചില മാധ്യമങ്ങള്‍ ഉണ്ടാക്കിയ അനാവശ്യവിവാദത്തെക്കുറിച്ച് വ്യക്തമാക്കി.
ചാരിറ്റി രാഷ്ട്രീയപ്രവര്‍ത്തനം ആക്കാന്‍ പാടില്ലെങ്കില്‍, ഗോവിന്ദാ കള്ളത്തരം, അല്ലെങ്കില്‍ വഞ്ചന ആണോ രാഷ്ട്രീയ പ്രവര്‍ത്തനം. ഇരട്ടച്ചങ്കുണ്ടായത് ‘ലേല’ത്തിലാ(സുരേഷ് ഗോപിയുടെ സിനിമ). അതിന് ശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞിരിക്കുന്നത്. ഒരു നരേന്ദ്രന് വടക്ക് നിന്ന് ഇറങ്ങി വന്ന് കേരളം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ആ കേരളം എടുത്തിരിക്കും. അത് എന്ന് എന്നുള്ളതിന് നിങ്ങളുടെ ചെയ്തികള്‍ തന്നെയാണ് കാരണമാവുക. നിങ്ങള്‍ ഉപയോഗിച്ച സര്‍ക്കാര്‍ സംവിധാനങ്ങളുടെ നെറികേട്, ജനങ്ങളോടുള്ള നിങ്ങളുടെ നെറികേട് ഒന്നും മറന്നിട്ടില്ല. അല്ലെങ്കില്‍ ഗോവിന്ദാ നിങ്ങളുടെയൊക്കെ അടിത്തറയിളക്കണം. – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ഞാന്‍ അടിച്ചു പറയുന്നു. 2024ല്‍ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ആ വിജയം സംഭവിക്കണേ. തൃശൂര്‍, അല്ലെങ്കില്‍ കണ്ണൂര്‍….ഞാന്‍ അമിത് ഷാ കേള്‍ക്കാന്‍ പറയുന്നു. ജയമല്ല പ്രധാനം. നിങ്ങളുടെയൊക്കെ അടിത്തറയിളക്കണം. എങ്കില്‍ കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്. – സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: