ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് പൊളിച്ചു കളയാന്‍ സുപ്രീം കോടതി ഉത്തരവ്. മസ്ജിദ് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവയ്‌ക്കുകയായിരുന്നു. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയായി മാറിയതെന്നും കോടതി ആരാഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വഖഫ് മസ്ജിദും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും 2017 നവംബറിലെ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. നിര്‍മ്മാണം പൊളിക്കാന്‍ ഞങ്ങള്‍ മൂന്ന് മാസത്തെ സമയം കൂടി നല്‍കുന്നു, ഇന്ന് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം നീക്കം ചെയ്തില്ലെങ്കില്‍, അവ നീക്കം ചെയ്യാനോ പൊളിക്കാനോ ഹൈക്കോടതി ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്ു.
1950കള്‍ മുതല്‍ പള്ളി അവിടെയുണ്ടെന്നും പള്ളി മാറ്റാന്‍ സാധിക്കില്ലെന്നും പള്ളിയുടെ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍, ഇത് തട്ടിപ്പാണെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു.
തുടര്‍ന്ന്, മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഈ ആവശ്യം ഉന്നയിച്ച് ലഭിക്കുന്ന അപേക്ഷ, നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ യുപി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: