പാലക്കാട്: വിവാഹശേഷം ഭാര്യയെ പഠിപ്പിച്ച് അധ്യാപികയാക്കി… പെണ്മക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കി…. പക്ഷേ, ഇപ്പോള്‍ ഇവര്‍ക്ക് ഈ വൃദ്ധനെ വേണ്ട…. എല്ലാരുമുണ്ടായിട്ടും ഇയാള്‍ ഇന്നിപ്പോള്‍ അനാഥനാണ്. ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ സംരക്ഷണവും ചിലവിനുള്ള വകയും തേടി വര്‍ഷങ്ങളായി അലയുന്ന രാമചന്ദ്രന് എന്ന 70 കാരന് ഒടുവില്‍ കടുത്ത അവശതയും രോഗവും കാരണം ഒറ്റപ്പാലം താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായി. രണ്ടാഴ്ച മുമ്പാണ് ഈ വയോധികന് ശാരീരിക അവശത കാരണം ഇവിടെ ചികിത്സ തേടിയെത്തിയത്. പരസഹായത്തിന് ആരുമില്ലാത്തതിനാല്‍ മറ്റു രോഗികളുടെ കൂടെയുള്ളവരാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്.
ഭാര്യയാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട ഇദ്ദേഹം വര്‍ഷങ്ങളായി നെല്ലായയില്‍ ഒറ്റക്കാണ് താമസം. ആശ്രമ ജീവിതമാണ് രാമചന്ദ്രന്റേത്. അമ്പലത്തില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനവും വല്ലപ്പോഴും കിട്ടുന്ന വാര്‍ദ്ധക്യ പെന്‍ഷനുമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതമാര്‍ഗം. മക്കള്‍ ഉദ്യോഗസ്ഥരും ഭാര്യ റിട്ട. അധ്യാപികയുമാണ്. എന്നാല്‍ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍ മുമ്പാകെ ഇവര്‍ മൊഴി നല്കിയിട്ടുള്ളതായും രാമചന്ദ്രന് പറയുന്നുണ്ട്. സ്വത്തു വകകള്‍ ഭാര്യയും മക്കളും ചേര്‍ന്ന് കോടതി വഴി അറ്റാച്ച് ചെയ്യിച്ചതു കൊണ്ട് ക്രയവിക്രയം തടസപ്പെട്ടതായും പരാതിയുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ തേടി ജില്ലാ കളക്ടര്‍, സാമൂഹ്യ നീതി വകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്കൊക്കെ പരാതി നല്കി മടുത്തുവെന്നും തനിക്കു നീതി ലഭിക്കുന്നില്ലെന്നും ഈ വയോധികന് പരിതപിക്കുന്നു. വാര്‍ദ്ധക്യ കാലത്തെങ്കിലും മക്കളുടെ താങ്ങും തണലും ഈ മനുഷ്യന് പ്രതീക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: