തൃശൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വരവേല്‍ക്കാനൊരുങ്ങി പൂരനഗരി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. പൊതുസമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനവും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. വേദിയിലും പരിസരത്തുമായി ഇന്നലെ ബോംബ് സ്ക്വാഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും കൊടിതോരണങ്ങളും നഗരത്തിലെങ്ങും ഉയര്‍ന്നിട്ടുണ്ട്. പൊതുയോഗത്തില്‍ അരലക്ഷം പേര് പങ്കെടുക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ തുടക്കമാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാനപ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എം.പി,സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്,ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീര്‍, സംഘടനാ സെക്രട്ടറി എം.ഗണേശ്, വക്താവ് നാരായണന് നമ്പൂതിരി,മേഖല സംഘടനാ സെക്രട്ടറി കെ.പി.സുരേഷ് തുടങ്ങിയവര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
അമിത്ഷായുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചക്ക് 12 മുതല്‍ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും വടക്കുന്നാഥ ക്ഷേത്ര മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാര്‍ക്കിങ്ങ് അനുവദിക്കില്ല. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുളള കോര്പറേഷന് പാര്‍ക്കിങ്ങ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തന് നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍, പടിഞ്ഞാറെക്കോട്ട നേതാജി ഗ്രൗണ്ട് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: