ചുവന്നു തുടുത്ത സ്ട്രോബറി പഴങ്ങള്‍ കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കും. മണവും രുചിയും കൊണ്ട് ആരെയും വശീകരിക്കും. രുചി നുണയാന്‍ ആരെയും പ്രേരിപ്പിക്കും. പക്ഷേ കുറെക്കാലമായി സ്ട്രോബറി പ്രേമികള്‍ക്ക് വലിയൊരു പരാതി. ബറികള്ക്ക് പഴയ മണമില്ല: പണ്ടേപ്പോലെ രുചിയില്ല, നുണഞ്ഞിറക്കുമ്പോള്‍ പഴയ സുഖമില്ല.
ഈ പരാതിയുടെ കാരണമറിയാനാണ് ചൈന കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ‘ജിന്‍ലിങ് ഡിയോ’യും സംഘവും ഇറങ്ങിത്തിരിച്ചത്. പഠനം മുന്നോട്ടു പോയതോടെ ‘ജിന്‍ലിങ്’ ആ സത്യം മനസ്സിലാക്കി. സ്ട്രോബറി പ്രിയര്‍ പറഞ്ഞത് നേരാണ്. ബറികളുടെ മണവും ഗുണവും രുചിയും വല്ലാതെ കുറഞ്ഞിരിക്കുന്നു. അതിനു കാരണക്കാര്‍ സാക്ഷാല്‍ കീടനാശിനികള്‍. സ്ട്രോബറി മൂത്ത് പഴുക്കും മുന്‍പേ ആക്രമിക്കാനെത്തുന്ന ഫംഗസുകളെ തുരത്താന്‍ പ്രയോഗിക്കുന്ന കുമിള്‍ നാശിനികള്‍.
കീടനാശിനികള്‍ ജീവനാശിനികളാണെന്നും അവ പഴത്തിലും പച്ചക്കറിയിലും അരിയിലും ഗോതമ്പിലും വരെ വിഷം നിറച്ച് മനുഷ്യരെ മഹാരോഗികളാക്കുമെന്നും കേരളത്തില്‍ താമസിക്കുന്ന ആര്‍ക്കും അറിയാം. നിയന്ത്രണങ്ങള്‍ കൊണ്ട് ഒരു പരിധിയില്‍ കൂടുതല്‍ ഈ അന്തക ഭക്ഷണങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും അറിയാം. പക്ഷേ അതിനുമപ്പുറം ഇവ വിളകളുടെ മണവും മധുരവും രുചിയും പോഷകഘടനയുംവരെ മാറ്റാന്‍ പര്യാപ്തമാണെന്ന അറിവാണ് ചൈനാക്കാരനായ ‘ജിന്‍ലിങ്’ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി ജേര്‍ണലിലൂടെ നമ്മളുമായി പങ്കുവയ്ക്കുന്നത്.
പ്രധാനമായും രണ്ട് കുമിള്‍നാശിനികളെ കേന്ദ്രീകരിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. ബോസ് കാലിഡ് (ബിഒഎസ്), ഡൈഫിനോ കൊണമ്പോള് (ഡിഐഎഫ്)എന്നിവ. ഇവയുടെ പ്രയോഗം സ്ട്രോബറികളിലെ തന്മാത്രാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍. ശത്രു കുമിളുകളുടെ കോശ-ജൈവ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാനായി രൂപപ്പെടുത്തിയ കുമിള്‍നാശിനികള്‍ കനികളുടെ രുചിയും മണവും മാത്രമല്ല അവയിലെ പോഷക സംയുക്തങ്ങളുടെ സാന്നിധ്യത്തെയും കുറയ്ക്കുന്നുവത്രേ.
ഒരേയിനത്തില്‍ പെട്ട സ്ട്രോബറി സസ്യങ്ങളെ മൂന്ന് സ്ഥലത്തായി ശാസ്ത്രജ്ഞര്‍ വളര്ത്തിയെടുത്തായിരുന്നു പരീക്ഷണം നടത്തിയത്. ഒരേ ചൂട്, ഒരേ വളം, ഒരേതരം വെള്ളം-എന്നിങ്ങനെ ഒരു വ്യത്യാസവും ഉണ്ടാവാത്ത തരത്തിലായിരുന്നു സ്ട്രോബറികള്‍ക്ക് നല്കിയ പരിരക്ഷ. ആദ്യത്തെ വിഭാഗത്തിന് ബറികള് ഉണ്ടായപ്പോള്‍ മുതല്‍ ബോസ്കാലിഡ് കൊണ്ട് കുമിളുകളില്‍ നിന്ന് സംരക്ഷണം. രണ്ടാമത്തെ വിഭാഗത്തിന് ഡൈഫിനോ കൊണസോള്‍. മൂന്നാമത്തെ വിഭാഗത്തിന് ഒരു കുമിള്‍നാശിനിയും നല്‍കിയില്ല. കാലമെത്തിയപ്പോള്‍ ബറികള് മൂത്തു പഴുത്തു. നല്ല വലിപ്പം, നല്ല നിറം. കാണാന്‍ നല്ല ചന്തം…
തുടര്‍ന്നു നടന്ന പരീക്ഷണങ്ങളാണ് കുമിള്നാശിനിയുടെ ക്രൂരകൃത്യങ്ങള്‍ വെളിവാക്കിയത്. ബറിയില്‍ ലയിച്ചിരിക്കുന്ന മധുരം കിനിയുന്ന സൂക്രോസും പ്രതിരോധ ശക്തി നല്കുന്ന സൂക്ഷ്മ പോഷകങ്ങളും കുമിള്‍നാശിനി പ്രയോഗിച്ച ബറികളില്‍ തീരെ കുറവ്. വിഷമില്ലാത്ത വിളകളില്‍ അവ ആവശ്യത്തിലേറെ. ചിലതരം പഞ്ചസാരകള്‍ക്ക് ആസിഡ് സ്വഭാവം കൈവന്നിരിക്കുന്നു. ‘ബോസ്കാലിഡ്’ പ്രയോഗിച്ച സ്ട്രോബറി പഴങ്ങളാണ് ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയതെന്നും ഗവേഷകര്‍ പറയുന്നു. ബറികളിലെ പഞ്ചസാര, ബാഷ്പീകൃത സംയുക്തങ്ങള്‍, പോഷകങ്ങള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവയുടെ ജനനത്തിനു കാരണക്കാരായ ജീനുകളുടെ പ്രവര്‍ത്തനത്തെ ഈ കുമിള്‍നാശിനി തടസ്സപ്പെടുത്തുന്നതായും ഗവേഷകര്‍ കണ്ടെത്തി.
കീടനാശിനികളുടെ ദുഷ്ടസ്വാധീനത്തെക്കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച നല്കുന്ന ഈ പഠനം ഭരണകര്‍ത്താക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കീടനാശിനികള്‍ രോഗം വിതറുന്ന ജീവനാശിനികള്‍ മാത്രമല്ല, രുചിയും മണവും കവര്‍ന്നെടുക്കുന്ന മഹാവിപത്തുകൂടിയാണെന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ അടുക്കളയിലെത്തുന്ന പാവയ്ക്കയും ഏത്തക്കയും വെണ്ടക്കയുമൊക്കെ പണ്ടേപോലെ രുചിയില്ലാതാവുന്നതിന്റെ പിന്നിലും ഈ രാസവിഷങ്ങള്‍ തന്നെയാവും.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്, കൃഷി വകുപ്പ് എന്നിവ 2022 ല്‍ പുറത്തുവിട്ട സര്‍വേ പ്രകാരം രാസകൃഷിക്ക് വിധേയമാക്കപ്പെടുന്ന 70 ശതമാനത്തിലേറെ കാര്‍ഷിക വിളകളിലും അപകടകരമായ രാസവിഷം അടങ്ങിയിരിക്കുന്നുവത്രേ. ഏറ്റവും കൂടുതല്‍ വിഷ പ്രയോഗം ഏറ്റുവാങ്ങിയതായി അവര്‍ കണ്ടെത്തിയത് സ്ട്രോബറി, ചെറി, ആപ്പിള്‍, ചീര (സ്പിനാഷ്), മുന്തിരി എന്നിവയിലും. കീടനാശിനികള്‍ക്കെതിരെ പെസ്റ്റിസൈഡ്സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് യൂറോപ്പിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് വിപണനത്തിനെത്തുന്ന ആപ്പിളില്‍ മൂന്നില്‍ ഒന്നും വിഷം കിനിയുന്നതാണെന്ന്. കറുത്ത മുന്തിരിയില്‍ പകുതിയുടെ അവസ്ഥയും ഇതുതന്നെ. അവ ആഹരിക്കുന്നവരില് ക്യാന്‍സറും കരള്‍-ഹൃദയരോഗങ്ങളും സൃഷ്ടിക്കപ്പെടുമെന്നും.
ഒരു സുന്ദര നിയമം
സ്പെയിന് മനോഹരമായ ഒരു പരിസ്ഥിതി നിയമം നടപ്പിലാക്കിയിരിക്കുന്നു. റോഡരികിലും ബീച്ചുകളിലും ചിതറിക്കിടക്കുന്ന സിഗരറ്റു കുറ്റികള്‍ പെറുക്കിയെടുത്ത് കൊണ്ടുപോയി സംസ്കരിക്കുന്ന ചുമതല ഇനി അതത് സിഗരറ്റ് നിര്‍മാതാവിനായിരിക്കും. മിക്ക സിഗരറ്റ് കുറ്റികളിലും ഒരുതരം ബയോപ്ലാസ്റ്റിക്കായ സെല്ലുലോസ് അസറ്റേറ്റ് ഫൈബര്‍ കൊണ്ടു നിര്‍മിച്ച ഫില്ട്ടറുകളാണുള്ളത്. അവ വിഘടനം സംഭവിക്കാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുന്നുവെന്ന നിരീക്ഷണവും നിയമത്തിനു പിന്നിലുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് തവികള്‍ സ്പൂണുകള്‍, പിഞ്ഞാണങ്ങള്‍, പ്ലാസ്റ്റിക് സ്ട്രോകള്‍, പോളിസ്റ്റിറൈന്‍ കപ്പുകള്‍ എന്നിവയുടെ ഉപയോഗവും പുതിയ പരിസ്ഥിതി റഗുലേഷനിലൂടെ സ്പെയിന് നിയന്ത്രിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: