ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഗീത നാടക അക്കാദമി, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഉസ്താദ് ബിസ്മില്ല ഖാന് യുവ പുരസ്കാര ജേതാക്കള്‍ പങ്കെടുത്ത ‘അമൃത് യുവ കലോത്സവ് 2021’ എന്ന കലാവിസ്മയത്തിന് ആതിഥ്യം വഹിച്ചത് ശങ്കരജന്മഭൂമിയായ കാലടിയാണ്.
മാര്‍ച്ച് 2 മുതല്‍ 4 വരെ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ വിഹായസം ഓഡിറ്റോറിയം, കലാനിവേശം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കൂത്തമ്പലം എന്നീ വേദികളില്‍ അരങ്ങേറിയ കലാപ്രകടനങ്ങള്‍ ഭാരതത്തിന്റെ സാംസ്കാരിക തനിമയുടെ പരിച്ഛേദങ്ങളായി. ആസ്വാദകര്‍ക്ക് ആത്മഹര്‍ഷത്തിന്റെ അനിര്‍വചനീയ നിമിഷങ്ങള്‍ സമ്മാനിച്ചാണ് അമൃത് യുവ കലോത്സവ് സമാപിച്ചത്. ആ കാഴ്ചാനുഭവങ്ങളിലൂടെ ഒരു യാത്ര.
മാന്ഡലിനിലെ മാന്ത്രിക സ്പര്‍ശം
മാന്‍ഡലിന്‍ സംഗീതം പുതുമഴപോല്‍ പെയ്തിറങ്ങിയ മുഹൂര്‍ത്തം. മാന്‍ഡലിനില്‍ വിരലുകള്‍ കൊണ്ട് മാന്ത്രികത തീര്‍ത്ത് വേദിയില്‍ ഉപ്പുലപ്പു നാഗമണിയും മകന് യു. ജയവിഗ്നേശ്വറും. വിരലുകളുടെ ഗതിവേഗങ്ങള്‍ക്കൊപ്പം നാദധാരയുടെ അണമുറിയാത്ത പ്രവാഹം. ഒപ്പം മൃദംഗത്തില്‍ സായ് ഗിരിധറും ഘടത്തില്‍ ഡോ. തൃച്ചി മുരളിയും വിസ്മയം തീര്‍ത്തു. ‘കലിയുഗ വരദന് കണ്‍കണ്ട ദൈവമായ് കാഴ്ചി അഴൈപ്പത് ‘എന്ന കീര്‍ത്തനം മാന്ഡലിനിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ നിര്‍ത്താത്ത കരഘോഷം. മാന്‍ഡലിന്‍ സംഗീതാര്ച്ചനയിലൂടെയാണ് അമൃത് യുവ കലോത്സവിന് സമാരംഭം കുറിച്ചത്.
നാടോടി സംഗീതത്തില്‍ രേഷ്മ ഷാ
ആസ്വാദനത്തിന് ഭാഷയുടെ അതിര്‍വരമ്പുകളില്ലെന്ന് പറയാറുണ്ട്. കാരണം മനുഷ്യന്റെ ജീവിത പരിസരങ്ങള്‍ ഏതാണ്ട് എല്ലായിടത്തും ഒരേപോലെ തന്നെ. നാടോടി കലാരൂപങ്ങളിലാണ് ആ സാമ്യം കൂടുതല്‍ അനുഭവവേദ്യമാകുന്നത്. ഉത്തരാഖണ്ഡിന്റെ നാടോടി സംഗീതം കേരളത്തിലുള്ളവര്‍ക്കും ശ്രവണസുഖം നല്‍കുന്നതും അതിനാലാണ്. ഉത്തരാഖണ്ഡ് സ്വദേശിനി രേഷ്മ ഷായും സംഘവും നാടോടി സംഗീതവുമായെത്തിയാണ് അരങ്ങുതകര്‍ത്തത്.
ഉത്തരാഖണ്ഡ് സമ്മാന്‍, ഉത്തരാഖണ്ഡ് ഗൗരവ് സമ്മാന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ഈ നാടോടി സംഗീതത്തെ സംരക്ഷിച്ച് നിര്‍ത്തുന്നതിന് രേഷ്മയ്ക്ക് കിട്ടിയ അംഗീകാരങ്ങളാണ്. ഉത്തരാഖണ്ഡ് സംസ്കൃതിയെയാണ് നാടോടി ഗാനങ്ങളിലൂടെ അവര്‍ പാടിപ്പുകഴ്ത്തിയത്.
സുന്ദരം, വശ്യം ഈ നടനം
കുച്ചിപ്പുടിയില്‍ പാരമ്പര്യവഴി പിന്തുടരുന്ന അവിജിത്ത് ദാസിന്റെ പ്രകടനം അത്ര പെട്ടന്നൊന്നും ആസ്വാദകരുടെ മനസിനെ വിട്ടൊഴിയില്ല. ശാന്തമായ നദിയില്‍ കുഞ്ഞലകള്‍ ഓളം തല്ലുന്നതുപോലെ പതിഞ്ഞ പാദചലനങ്ങളുമായി കൃഷ്ണഭാവത്തില്‍ അവിജിത്ത് വേദിയില്‍ നിറഞ്ഞാടി. ലാസ്യ, ശൃംഗാര രസങ്ങള്‍ ആ ചലനങ്ങളെ കൂടുതല്‍ ദീപ്തമാക്കി. വിഷ്ണുവിന്റെ ദശാവതാര രൂപങ്ങളും അവിജിത്ത് വേദിയില്‍ അവതരിപ്പിച്ചു.
ഹിന്ദുസ്ഥാനി സംഗീതമധുരം
നാവിലിട്ടാല്‍ അലിഞ്ഞുപോകുന്ന മിഠായിപോലെ ഹൃദയങ്ങളെ അലിയിച്ചു ആ ഹിന്ദുസ്ഥാനി സംഗീതം. ആലാപനത്തില്‍ തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയ ഹിന്ദുസ്ഥാനി സംഗീതജ്ഞ ജാനകി മിഠായിവാലയെ രണ്ടാമതൊന്ന് ആലോചിക്കാതെ ആസ്വാദകര്‍ ഇതിനോടകം ചേര്ത്തുവച്ചിട്ടുണ്ടാകും. അത്ര ഹൃദ്യമായിരുന്നു അരമണിക്കൂര്‍ നീണ്ടു നിന്ന ജാനകിയുടെ ഹിന്ദുസ്ഥാനി സംഗീതം. ഗംഭീരം എന്ന് പലകുറി മനസില്‍ പറഞ്ഞുപോയിട്ടിണ്ടാകും ശ്രോതാക്കള്‍. വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ആ സ്വരമാധുരിയെ ഇനി ആസ്വാദകര്‍ പിന്തുടരുമെന്നതും നിശ്ചയം.
കേരളത്തിന്റെ സ്വന്തം വിഷ്ണു ദേവ്
അമേരിക്കയിലെ സോഫ്റ്റ് വെയര്‍ ജോലി സംഗീത ഉപാസനയ്ക്കുവേണ്ടി ഉപേക്ഷിച്ച കര്‍ണാടക സംഗീതജ്ഞന്. ആ തീരുമാനം പൂര്‍ണമായും ശരിവയ്ക്കും വിധമാണ് അമൃത് യുവ കലോത്സവിന്റെ വേദി കെ.എസ്. വിഷ്ണുദേവ് കീഴടക്കിയത്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശിയായ വിഷ്ണുദേവ് ഒമ്പതാം വയസ്സില്‍ തുടങ്ങിയതാണ് സംഗീത സാധന. നിന്നുവിന മരിഗലതാ എന്ന രീതിഗൗള രാഗത്തിലുള്ള കീര്‍ത്തനത്തിലൂടെ ശുദ്ധ സംഗീതത്തിന്റെ അവാച്യാനുഭൂതി ആസ്വാദകരിലേക്ക് സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗായകന്റെ രാഗവിസ്താരത്തിനൊപ്പം പക്കമേളവും ഇഴുകിച്ചേര്‍ന്നതോടെ കച്ചേരി അതിഗംഭീരം.
അരേ വാഹ് കഥക്
നൂപുര ധ്വനി, മഴയായും കുതിരക്കുളമ്പടിയായും തെരുവിന്റെ ഭാവവും ഒക്കെയായി കഥക് നൃത്തത്തിലൂടെ പരിവര്‍ത്തനപ്പെടുന്ന അത്ഭുതം. ഉത്തര്‍പ്രദേശിന്റെ തനത് കലാരൂപമായ കഥക്കിലൂടെ വേദിയില്‍ നിറഞ്ഞാടുകയായിരുന്നു രുദ്ര ശങ്കര്‍ മിശ്ര. തുടക്കം ശിവസ്തുതിക്കൊപ്പമുള്ള ദ്രുത ചലനങ്ങളിലൂടെ. ഒപ്പമുയര്‍ന്നത് നിര്‍ത്താതെയുള്ള കരഘോഷം. കഥക്കിലെ പ്രഖ്യാത ശൈലിയായ ബനാറസ് ഖരാന പിന്തുടരുന്ന രുദ്ര ശങ്കര്‍ കഥക്കിന്റെ സാങ്കേതിക വശങ്ങള് വിശദീകരിച്ചുകൊണ്ട് നടത്തിയ അവതരണം പ്രേക്ഷകര്‍ക്കും നവ്യാനുഭവമായി.
അമൃത് യുവ കലോത്സവത്തിന്റെ രണ്ടാം ദിനം സുനില്‍ സുങ്കര അവതരിപ്പിച്ച കഥക്കും പ്രേക്ഷക പ്രീതി നേടി. ബ്രഹ്മ ആരാധനയോടെ ആരംഭിച്ച് ഗാന്ധാരിയുടെ കഥ പറഞ്ഞുകൊണ്ടാണ് സുനില്‍ വേദിയോട് വിടപറഞ്ഞത്. ഗാന്ധാരിയുടെ ആത്മസംഘര്‍ഷവും ആനന്ദവും പൂര്‍ണമായും പകര്‍ന്നാടുകയായിരുന്നു അദ്ദേഹം. കഥക്കിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കാണികള്‍ക്ക് സമ്മാനിക്കാന്‍ ഈ കലാകാരന്മാര്ക്ക് സാധിച്ചു.
സാംസ്കാരിക വിനിമയം കലയിലൂടെ
ബൃഹത്തായ സംഘാടനത്തിലൂടെയാണ് അമൃത് യുവ കലോത്സവ് സംഘടിപ്പിച്ചത്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നായി വന്ന മുന്നൂറോളം കലാകാരന്മാരാണ് മൂന്ന് വേദികളെയും ധന്യമാക്കിയത്. കേന്ദ്ര സംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായമായിരുന്നു അമൃത് യുവ കലോത്സവത്തിന്റെ ചാലകശക്തി. ക്ലാസിക്കല്‍ കലകള്‍ മാത്രമല്ല, നാടോടി കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. സംസ്കാരിക മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടായി എന്നതാണ് വിജയത്തിന് ആധാരം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലായി 75 യുവ കലോത്സവങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് ഉസ്താദ് ബിസ്മില്ല ഖാന് യുവ പുരസ്കാര്‍ ലഭിച്ച കലാകാരന്മാരുടെ ഉത്സവം കാലടിയില്‍ സംഘടിപ്പിച്ചത്. കാലടി സംസ്കൃത സര്‍വകലാശാലയുടെ ഭാഗത്തുനിന്നും ഊര്‍ജ്ജസ്വലമായ ഇടപെടലാണ് ഉണ്ടായത്. രണ്ടാഴ്ചത്തെ പ്രയത്നമാണ് ഇതിന് പിന്നില്‍.
ഝാര്‍ഖണ്ഡില്‍ നിന്നുവന്ന നാടോടി കലാകാരന്മാരുടെ പ്രകടനം മികവുറ്റതായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ ഇതുപോലുള്ള കലാകാരന്മാര്ക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള വേദികൂടിയായി അമൃത് യുവ കലോത്സവ് 2021. സംസ്കാരത്തിന്റെ ഒരു വിനിമയമാണ് ഇവിടെ നടന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാമിയോ ലൈറ്റ് അക്കാദമിയിലെ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോകോത്തര നിലവാരമുള്ള വേദി സജ്ജമാക്കിയത്.
ഡോ.കണ്ണന് പരമേശ്വരന്
(സംഗീത നാടക അക്കാദമി
കൂടിയാട്ടം കേന്ദ്രം ഡയറക്ടര്‍, തിരുവനന്തപുരം)
സാധനയുടെ പൂര്‍ണ്ണത
പവിത്രകൃഷ്ണ ഭട്ടിന്റെ ഭരതനാട്യം അതിഗംഭീരമായിരുന്നു. ഓരോ കലാകാരന്മാരും വ്യത്യസ്തരാണ്. സാധനയിലൂടെ സാധിച്ചെടുക്കുന്ന ഒരുപാട് സംഗതികളുണ്ട്. അത് പവിത്ര കൃഷ്ണ ഭട്ടിന്റെ പ്രകടനത്തിലും പ്രതിഫലിച്ചു. അദ്ദേഹത്തിന്റെ സാധനയും അര്‍പ്പണമനോഭാവവും എല്ലാ കലാകാരന്മാര്ക്കും സ്വീകരിക്കാവുന്ന ഒന്നാണ്.
കേരളീയരുടെ ഡാന്‍സ് പഠനത്തിന്റെ പ്രധാന ഉദ്ദേശ്യം കലോത്സവങ്ങളാണ്. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് നൃത്തത്തെ ഗൗരവത്തോടെ സമീപിക്കുന്ന പ്രതിഭകള്‍ ഉയര്‍ന്നുവരാത്തത്. പരിചയ സമ്പന്നനായിട്ടു കൂടി പക്കമേളക്കാര്‍ക്കൊപ്പം നിരവധി തവണ റിഹേഴ്സല്‍ ചെയ്തിട്ടാണ് പവിത്ര വേദിയിലെത്തിയത്.
ഗീത പത്മകുമാര്‍
(കുച്ചിപ്പുടി നര്‍ത്തകി)
പുല്ലാങ്കുഴലിലൂടെ ഹൃദയങ്ങളിലേക്ക്
പുല്ലാങ്കുഴലിന്റെ മാന്ത്രിക സംഗീതത്തിലൂടെ ഹിന്ദുസ്ഥാനി വാദ്യകലാരംഗത്ത് ശ്രദ്ധേയരായ രാജേഷ് പ്രസന്നയും ഋഷഭ് പ്രസന്നയും സൃഷ്ടിച്ച മാസ്മരിക വലയത്തില്‍ നിന്ന് വേഗത്തില്‍ സ്വതന്ത്രമാവുക അസാധ്യം. കണ്ണന്റെ വൃന്ദാവനത്തിലെത്തിയ ഗോപീഗോപന്മാരെപ്പോലെ സര്‍വ്വതും മറന്ന് ലയിച്ചുപോയ നിമിഷം. പുല്ലാങ്കുഴല്‍ കച്ചേരി ശ്രവിച്ച ഓരോരുത്തരും ആ ആനന്ദ സംഗീതം നിലയ്ക്കരുതേ എന്ന് ഒരുമാത്ര സങ്കല്‍പ്പിച്ചിരിക്കാം. അത്രയും മനോഹരമായിരുന്നു ഈ സഹോദരന്മാരുടെ പ്രകടനം. വാദ്യോപകരണങ്ങളായ സ്വരമണ്ഡലും തബലയും കൂടിച്ചേര്‍ന്നപ്പോള്‍ കച്ചേരി മ്റ്റൊരു തലത്തിലേക്ക് ഉയര്‍ന്നു.
ലളിതാപരമേശ്വരിയെ സ്തുതിച്ച് പവിത്ര
അമ്മ, കണ്‍തുറന്ന് ജഗത്തിനെ പ്രകാശപൂരിതമാക്കുന്നത് കാണുവാന്‍ കാളിയും വാണിയും ശ്രീയും പ്രതീക്ഷയോടെ വാദ്യങ്ങളില്‍ നിന്ന് ശ്രവണാനന്ദകരമായ സംഗീതം ഉതിര്‍ത്തുകൊണ്ട് പ്രതീക്ഷയോടെ നില്‍ക്കുകയാണ്. ത്രിപുരങ്ങളേയും തന്റെ വിദ്യുത്കാന്തികൊണ്ട് ഭാസിപ്പിക്കുന്ന ത്രീപുരസുന്ദരി ശ്രീരാജരാജേശ്വരി ലളിതാപരമേശ്വരി ആയിരിക്കുന്ന അല്ലയോ അമ്മേ കണ് തുറക്കൂ എന്ന് ശങ്കരഭഗവത് പാദര്‍ ലളിതാപഞ്ചകത്തിലൂടെ അപേക്ഷിക്കുന്ന രംഗം നയനാനന്ദകരമായി വേദിയില്‍ പകര്‍ന്നാടുകയായിരുന്നു കര്‍ണാടക പുത്തൂര്‍ സ്വദേശിയായ പവിത്ര കൃഷ്ണ ഭട്ട്. ഇത്രയും ഹൃദ്യമായ ഭരതനാട്യം അടുത്തെങ്ങും ആസ്വദിച്ചിട്ടില്ലെന്ന് ആസ്വാദകരും ഒരുപോലെ പറയുന്നു. പവിത്ര ആടിക്കഴിഞ്ഞപ്പോഴുള്ള നിര്‍ത്താതെയുള്ള കരഘോഷം അതിന് തെളിവ്.
എന്ത് നല്ല ‘തമാശ’
മഹാരാഷ്ട്രയിലെ പരമ്പരാഗത കലാരൂപമായ തമാശയിലൂടെ വൈശാലി ജാദവും സംഘവും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കലാരൂപത്തെയാണ് പരിചയപ്പെടുത്തിയത്. പ്രേക്ഷകരില്‍ മിക്കവരും ഈ കലാരൂപം ആദ്യമായി കാണുകയായിരുന്നു. മലയാളത്തില്‍ പ്രയോഗത്തിലുള്ള തമാശയല്ല മഹാരാഷ്ട്രയുടെ തമാശ. മറാത്തി നൃത്ത നാടകമാണ് തമാശ. ഇതിന് മഹാരാഷ്ട്രയില്‍ പ്രചുരപ്രചാരമുണ്ട്. ഈ കലാരൂപത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളാണ് വൈശാലി ജാദവ്. അറിയപ്പെടുന്ന ലാവണി നര്‍ത്തകിയുമാണവര്‍.
കഥകളിയിലെ ആദിത്യശോഭ
പയ്യന്നൂര്‍ സ്വദേശിയായ ഇ.എസ്. ആദിത്യനാണ് വേദിയിലെത്തിയ മറ്റൊരു മലയാളി പ്രതിഭ. കലാമണ്ഡലം ഗോപിയുടേയും കലാമണ്ഡലം എംപിഎസ് നമ്പൂതിരിയുടേയും കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റേയും കലാമണ്ഡലം കൃഷ്ണകുമാറിന്റേയും പ്രിയ ശിഷ്യന് നളനായാണ് വേദിയിലെത്തിയത്. നളചരിതം കഥകളിയിലൂടെ പ്രേക്ഷകരിനേക്ക് നളഭാവങ്ങള് സന്നിവേശിപ്പിക്കാന്‍ ആദിത്യന് സാധിച്ചു.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള നാടോടി നൃത്ത കലാകാരന് ബിനോദ് മഹ്തോ, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള സംഗീത നൃത്ത കലാകാരി ഒലി ജരങ്ക്, ഒഡീസി നര്ത്തകന് വിനോദ് കെവിന് ബച്ചന്, നാടോടി സംഗീതത്തിലൂടെ പി.സുരേഷ്, സിന്ധി സാരംഗി വാദകന്‍ അസിന് ഖാന് തുടങ്ങിയവരിലൂടെ ഇന്ത്യന്‍ സംസ്കൃതിയുടെ വൈഭവം വേദിയില്‍ നിറഞ്ഞു. ദുര്ഗദേവ്.വിയും സംഘവും അവതരിപ്പിച്ച ഭാഗവതം (തീയേറ്റര്‍) ആയിരുന്നു ശ്രദ്ധേയമായ മറ്റൊരിനം. ജി. ചന്ദ്രശേഖര ശര്‍മയുടെ ഘടം വാദനവും വേദിയെ ആമോദത്തിലാഴ്ത്തി. നാടകവും, അഭിനയവും പാവകളിയുമൊക്കെയായി സമഗ്രമായൊരു കലാവിരുന്നാണ് അമൃത് യുവ കലോത്സവ് സമ്മാനിച്ചത്.
ഇന്ത്യയിലെ ഏതാണ്ട് ഒട്ടുമിക്ക സംസ്ഥാനങ്ങളുടേയും കലയും സാംസ്കാരിക തനിമയും ഒന്നുചേര്‍ന്ന മൂന്ന് ദിനരാത്രങ്ങള്‍. ആദി ശങ്കരന്റെ നാമത്തില്‍ സ്ഥാപിതമായ ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ ക്യാമ്പസ്സില്‍ നൂപുര ധ്വനികളും അമൃത സംഗീതവും ഉയര്‍ന്നപ്പോള്‍ കലയിലൂടെ പൂര്‍ണത തേടുന്നവര്‍ക്കുള്ള അനുഗ്രഹമെന്നപോല്‍ തൊട്ടടുത്ത് പൂര്‍ണാ നദി നിശബ്ദയായി ഒഴുകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: