കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കുന്നത് അവസാനഘട്ടത്തിലേക്ക് കടന്നതായി ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ്. പ്ലാന്റില്‍ നിന്നും ഉയരുന്ന പുക 90 ശതമനത്തിന് മുകളില്‍ നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശങ്ങൡലേയും പുക അണയ്ക്കാനുള്ള ദൗത്യം നടന്നു വരികയാണ്. ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. എസ്കവേറ്റര്‍/ മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പ് ചെയ്ത് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റര്‍ ഓപ്പറേറ്റര്‍ മാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബിപിസിഎല്ലിലെ 6 പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്പ്പറേഷന് ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളും, 23 ഫയര്‍ യൂണിറ്റുകളും, 32 എസ്കവേറ്റര്‍/ ജെസിബികളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: