പാട്ന : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ബീഹാര്‍ ഉപ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് ഇത്തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ജോലിക്ക് പകരം ഭൂമി കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ മക്കളുടേയും ആര്‍ജെഡി നേതാക്കളുടേയും വീടുകളിലും ഓഫീസുകളിലും തെരച്ചില്‍ നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ തേജസ്വി യാദവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. അതിനാല്‍ ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കുകയായിരുന്നു. രാവിലെയെത്താനാണ് നിര്‍ദേശം നല്‍കിയതെങ്കിലും തേജസ്വി ഹാജരായില്ല. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലാണ്. അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ് തേജസ്വി യാദവ് സിബിഐയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ദല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു. ലാലുപ്രസാദിന്റെ മക്കളായ തേജസ്വി, രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മകള്‍ രാഗിണിയുടെ ഭര്‍ത്താവും എസ്പി നേതാവുമായ ജിതേന്ദ്ര യാദവിന്റെ വീട്ടിലും ആര്‍ജെഡി മുന്‍ എംഎല്‍എയും ലാലുവിന്റെ ഉറ്റസുഹൃത്തുമായ അബു ദോജനയുടെ വീട്ടിലും ഇഡി പരിശോധന നടത്തി.
തെരച്ചിലില്‍ യുഎസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും 53 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണക്കട്ടിയും ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും ലാലുപ്രസാദ് യാദവ് കുടുംബത്തില്‍നിന്ന് പിടിച്ചെടുത്തു. മറ്റു പ്രധാനപ്പെട്ട രേഖകളും ഉപകരണങ്ങളും പരിശോധന നടത്തിയ വീടുകളില്‍നിന്ന് കണ്ടെടുത്തതായും ഇഡി അറിയിച്ചിട്ടുണ്ട്. യുപിഎ മന്ത്രിസഭയില്‍ ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തതാണ് കേസിന് ആധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: