കോട്ടയം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചട്ടില്ല. കടകംപള്ളിക്കും തോമസ് ഐസക്കിനും സ്വപ്നയ്ക്കെതിരെ മാന നഷ്ടക്കേസ് നല്കാന് പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും നിയമ നടപടികള്‍ ഉണ്ടായേക്കില്ലെനനുമാണ് സൂചന.
സിപിഎം പ്രതിഷേധ ജാഥയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് പിണറായി നേരത്തെ പറഞ്ഞതാണ്. അത് ശരിയാണ്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണികളുണ്ട്. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താന്‍ എത്ര വിചാരിച്ചാലും ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല. ആ ഉറപ്പുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ഇതോടെ ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി കേസ് നല്‍കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയമാണ്. അതൊന്നും ഗുരുതരമായതല്ല. തന്നെ പോലും അറിയാത്ത ആള് തന്നെ കുറിച്ച് പറഞ്ഞു എന്നാണല്ലോ പറയുന്നത്. സത്യസന്ധമായ കാര്യങ്ങള്‍ ആര് മൂടിവെച്ചാലും പുറത്ത് വരും. തനിക്കെതിരായ ആരോപങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗോവിന്ദന് വ്യക്തമാക്കി.
മറ്റുള്ളവര്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നത് അവരോടാണ് ചോദിക്കേണ്ടത്. തനിക്കെതിരെ ഉന്നയിച്ച ആരോപണം പോലെയല്ല തോമസ് ഐസക്കിനെതിരെയും കടകംപള്ളി സുരേന്ദ്രനെതിരേയും ഉന്നയിച്ചിരിക്കുന്നത്. അതിനൊന്നും ഒരു ഗൗരവവുമില്ല. നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി അവരെ അനുവദിച്ചിട്ടുണ്ട്. അവര്‍ക്ക് കേസ് കൊടുക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടില്ലെന്ന് ആരാണ് പറഞ്ഞത്. ഞങ്ങള്‍ക്കൊന്നും മൂടിവെയ്ക്കാനില്ല. ആരോപണങ്ങള്ക്കെതിര അവര്‍ കേസ് കൊടുക്കട്ടേ. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം സ്വപ്നയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് ആരോപണം ഉയര്‍ന്ന സമയത്ത് പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്.
കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ സ്വപ്ന ഉള്‍പ്പടെയുള്ള സ്വര്‍ണക്കടത്തുകാര്‍ക്കെതിരെ എടുത്ത കേസുമായി ഞങ്ങള്‍ക്കെന്താണ് പ്രശ്നം. ഞങ്ങള്‍ അതില്‍ എന്തില്‍ ഇടപടെണം. വെളിപ്പെടുത്താനുള്ളതൊക്കെ വെളിപ്പെടുത്തട്ടെ. ബ്രഹ്മപുരത്ത് സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ കാര്യക്ഷമമായി ഇടപ്പെട്ടിട്ടുണ്ട്. സഭാ തര്കത്തില് ആരെയും ശത്രുപക്ഷത്ത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. സുപ്രീം കോടതി വിധിയടക്കം എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ടു പോകുമെന്നും എം.വി.ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: