കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൈമലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ബ്രഹ്മപുരത്തെ തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി.രാജീവ്. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ചയില്‍ വരെ തീയുണ്ടായിരുന്നു, കത്തിയ മാലിന്യം പുറത്തെടുത്താണ് തീയണച്ചത്. സമാനതകളില്ലാത്ത തീ പിടിത്താണ് ബ്രഹ്മപുരത്ത് ഉണ്ടയതെന്നും മന്ത്രി.
അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും സമാനതകളില്ലാത്തതുമായ പ്രവര്‍ത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിനായി രാപ്പകലില്ലാതെ നടന്നുവരുന്നതെന്നും മന്ത്രി. സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ മുന്നോറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റിലായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. തീ നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് പുക ഉയരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 80 ശതമാനം പ്രദേശത്തെ പുകയും പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പുകയണയ്ക്കാന്‍ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളില്‍ കടമ്പ്രയാറില്‍ നിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് നാല് അടി താഴ്ച്ചയില്‍ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂര്‍ണ്ണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയര്‍ ടെന്‍ഡറുകളും ഉണ്ട്. ഒരു ഫയര്‍ ടെന്‍ഡറില്‍ അയ്യായിരം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ട്. ഫയര്‍ ടെന്‍ഡറുകള്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളില്‍ വെള്ളം അടിക്കുന്നത്. ചെയിന്‍ഡ് എസ്കവേറ്ററാണ് ചവര്‍ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി 270 അഗ്നിശമന സേനാ ജീവനക്കാര്‍, 70 മറ്റു തൊഴിലാളികള്‍, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റര്‍മാര്‍, 31 ഫയര്‍ യൂണിറ്റുകള്‍, 4 ഹെലികോപ്റ്ററുകള്‍, 14 ഓളം അതിതീവ്ര മര്‍ദ്ദ ശേഷിയുള്ള ജലവാഹക പമ്പുകള്‍, 36 ഹിറ്റാച്ചി ജെസിബികള്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം നടത്തുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പില്‍ നിന്ന് 6 പേരും പോലീസും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലന്‍സുകളും ക്യാമ്പ് ചെയ്യുന്നു. ഇന്നലെ രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. തുടര്‍ച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്. ഭാവിയില്‍ ഇത്തരമൊരു പ്രശ്നം ഉണ്ടാവാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും സ്ഥലത്ത് നേരിട്ടെത്തിയ മന്ത്രി പിന്നീട് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നിലയ്ക്കാതെ ഉയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. രാത്രിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല് വെള്ളമൊഴിച്ചു കെടുത്താനാണു ശ്രമം. ഹെലിക്കോപ്റ്ററില്‍നിന്ന് ആകാശമാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്. അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: