ജോണ്സണ് റോച്ച്. എം
(ലേഖകന്‍ കെഎസ്ആര്‍ടിസി പെന്‍ഷനറാണ്)
കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളുടെ വേതനം അംഗീകൃത യൂണിയനുകളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ 5നു മുന്‍പ് നല്‍കുമെന്നാണ് തീരുമാനമുണ്ടായതാണ്. കേരള ഹൈക്കോടതിയുടെ ഉത്തരവും 5 നകം ശമ്പളം കൊടുക്കണമെന്നാണ്. ഇതിനെയെല്ലാം തൃണവല്ക്കരിച്ചുകൊണ്ട് മന്ത്രിയും മാനേജ്മെന്റും ഓരോന്ന് പറയുകയും മറ്റ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. നിയമസഭയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ ”തൊഴിലാളി യൂണിയനുകള്‍ പറയുന്നത് നടപ്പിലാക്കലല്ല മാനേജ്മെന്റിന്റെ ജോലി”യെന്ന് പറഞ്ഞ് മന്ത്രി തന്റെ ദാര്‍ഷ്ട്യം പ്രകടിപ്പിക്കുകയും ചെയ്തു. ജോലി ചെയ്തവന്റെ കൂലി ടാര്‍ഗറ്റ് തികച്ചാലേ കൊടുക്കൂവെന്ന് പ്രഖ്യാപിക്കുന്നു. പിന്നീട് ഓരോ ഡിപ്പോയിലും ടാര്‍ഗറ്റ് തികയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം വിതരണം ചെയ്യുമെന്ന് പറയുന്നു. ഇപ്പോള്‍ പറയുന്നു ഗഡുക്കളായി വിതരണം ചെയ്യുമെന്ന്. ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ഈ സ്ഥാപനത്തിന്റെ പ്രശ്നം തൊഴിലാളികളാണെന്ന് പൊതുജനമദ്ധ്യേ വരുത്തിതീര്‍ക്കുന്നു.
കെഎസ്ആര്‍ടിസിയുടെ ശരാശരി മാസവരുമാനം 210 കോടിയാണ്. ശമ്പളത്തിനായി 82 കോടി രൂപ വേണം. ഇന്ധനത്തിനായി 100 കോടിരൂപയോളവും സ്പെയര്‍ പാട്സിനായി 11കോടിയോളവും വേണ്ടി വരും. ഈ കണക്ക് പരിശോധിച്ചാല്‍ 17 കോടി കെഎസ്ആര്‍ടിസി പ്രവര്‍ത്തനലാഭത്തിലാണ്. കാലാകാലങ്ങളില്‍ നിലനിന്നിരുന്ന സര്‍ക്കാരുകളെടുത്ത തീരുമാനങ്ങളും നയങ്ങളുമാണ് കെഎസ്ആര്‍ടിസിയെ വന്‍ കടബാധ്യതയില്‍ കൊണ്ടെത്തിച്ചത്. എന്നിട്ട്, നിലവിലെ എല്ലാ ബാധ്യതകളും ഇപ്പോള്‍ പണിയെടുക്കുന്നവന്റെ ചുമലില്‍ കയറ്റി വെച്ച് അവനെ പീഡിപ്പിക്കുന്നു. 210 കോടി അദ്ധ്വാനിച്ചുകൊണ്ടു വന്ന് എത്തിക്കുന്നവരെ തൃപ്തിപ്പെടുത്തിയിട്ടുവേണം മറ്റ് ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ബസുകളുടെ
റണ്ണിംഗ് ചെലവുകളും ശമ്പളവും 193 കോടി കിഴിച്ച് നോക്കിയാലും 17 കോടി രൂപ ലാഭത്തിലാണ് ഈ സ്ഥാപനം. ഈ 17 കോടിയും പരസ്യം, വാടകയിനം മുതലായവയില്‍ കിട്ടുന്ന തുകയും സര്‍ക്കാര്‍ ധനസഹായവും കൊണ്ട് കടങ്ങള്‍ അടയ്ക്കുകയും മറ്റ് ചെലവുകള്‍ നിര്‍വ്വഹിക്കുകയും വേണം. അതു ചെയ്യാതെ ലോണെടുക്കാനും മറ്റ് ചെലവുകള്‍ക്ക് പ്രാധാന്യം നല്‍കുകയും അദ്ധ്വാനിക്കുന്നവന്റെ ശമ്പളം ഗഡുക്കളായും ടാര്‍ഗറ്റിന്റെ അടിസ്ഥാനത്തിലും വിതരണം ചെയ്യുമെന്ന് പറയുന്നത് ശരിയാണോയെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ചിന്തിക്കണം. മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് ശമ്പളം വൈകിപ്പിച്ച് തൊഴിലാളികളെ മുന്നില്‍ നിറുത്തി സര്‍ക്കാരിനോടു വിലപേശുന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ പൊതുജനമദ്ധ്യേ തൊഴിലാളികളെയും സര്‍ക്കാരിനെയും മാനേജ്മെന്റ് അപഹാസ്യരാക്കുന്നു.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ് കഴിഞ്ഞ് വരുമാനം നേടിയിരുന്ന ദീര്‍ഘദൂര സര്‍വ്വീസുകളെ ‘സ്വിഫ്റ്റ്’ എന്ന മറ്റൊരു സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ ഈ സ്ഥാപനം വലിയ തോതില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനും മാനേജ്മെന്റിനു കഴിയുന്നു. ഇതെല്ലാം എന്തിനു വേണ്ടിയുള്ള പുറപ്പാടാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖയെ ഇല്ലാതാക്കുന്നുവെന്ന് പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന ഒരു സര്‍ക്കാരാണ് കെഎസ്ആര്‍ടിസിയെ പടിപടിയായി ഇല്ലാതാക്കുന്ന അടവുനയങ്ങള്‍ സ്വീകരിച്ചു വരുന്നത്. കെഎസ്ആര്‍ടിസിയെ ഈ പരുവത്തിലാക്കാന്‍ പ്രധാനപങ്ക് വഹിച്ചത് മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഓരോ ബജറ്റിലും സര്‍ക്കാര്‍ ആയിരം ബസിറക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനെ ക്കുറിച്ച് നിയമസഭയില്‍ വാചാലമായി സംസാരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അക്കാലയളവിലെ അഞ്ചു ബജറ്റുകളിലും 5000 ബസ്സ് സര്‍ക്കാര്‍ ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും 4666 ബസ് അന്ന് പുതിയതായി ഇറക്കുകയും ചെയ്തു. എന്നാല്‍, ബജറ്റുകളില്‍ പ്രഖ്യാപിച്ച ബസ്സുകള്‍ ഇറക്കാനായി സര്‍ക്കാര്‍ ഒരു പൈസപോലും മുടക്കിയതുമില്ല. അതിനായി കെഎസ്ആര്‍ടിസിയെ കൊണ്ട് 18 ശതമാനം പലിശയ്ക്ക് കെടിഡിഎഫ്സിയില്‍ നിന്നും കടമെടുപ്പിച്ചു. അങ്ങിനെ ബജറ്റില്‍ പ്രഖ്യാപിച്ചത് സര്‍ക്കാര്‍ നടപ്പിലാക്കിയതായി അന്നത്തെ ധനമന്ത്രി ഊറ്റം കൊള്ളുകയും ചെയ്തു. സര്‍ക്കാരിന്റെ ബഡ്ജറ്റിലെ വകയിരുത്തല്‍ നടപ്പിലാക്കാനുള്ള ചെപ്പടിവിദ്യയെന്ന നിലയ്ക്ക് കെഎസ്ആര്‍ടിസിയെ കൊണ്ട് തോമസ് ഐസക് എടുപ്പിച്ച ലോണും പലിശയുമാണ് ഈ സ്ഥാപനത്തെ ഇന്ന് വലിയൊരു കടബാദ്ധ്യതയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതിലൂടെ ഈ സ്ഥാപനം പ്രതിസന്ധിയിലാകുകയും കെടിഡിഎഫ്സി തടിച്ചുകൊഴുക്കുകയും ചെയ്തു.
ഈ സ്ഥാപനത്തിലെ ഇന്നുവരെയുള്ള പ്രവര്‍ത്തനത്തിനിടയില്‍ സര്‍ക്കാര്‍-രാഷ്ട്രീയ- ഉദ്യോഗസ്ഥ മാനേജ്മെന്റ് മേധാവിത്വത്തിന്റെ പ്രവര്‍ത്തനഫലമായി പലതരം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പാപഭാരമെല്ലാം ഇപ്പോള്‍ പണിയെടുക്കുന്നവന്റെ ചുമതലില്‍ കയറ്റിവയ്ച്ച്, അവന്റെ ശമ്പളം കൊടുക്കുവാന്‍ വൈകിപ്പിക്കുന്നു. നാളിതുവരെയുള്ള സര്‍ക്കാരുകളുടെയും മാനേജ്മെന്റുകളുടെയും പിടിപ്പുകേട് കൊണ്ട് ഉണ്ടായിട്ടുള്ളതാണ് ഈ സ്ഥാപനത്തിന്റെ കടങ്ങളും അവയുടെ തിരിച്ചടവുകളുമെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച് തൊഴിലാളികളും അവരുടെ ശമ്പളവുമാണ് ഈ സ്ഥാപനത്തിന്റെ പ്രശ്നമെന്ന് മാനേജ്മെന്റ് വരുത്തി തീര്‍ക്കുന്നു. ഒരു മാസം മുഴുവന്‍ ജോലി ചെയ്യുക എന്നിട്ട്, അതിന്റെ കൂലിക്കായി കാത്തിരിക്കുക!. എന്തൊരു പീഡനമാണ് ഇത്.
കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ എന്ന ഉടമസ്ഥന്റെ നയങ്ങളും താല്പര്യങ്ങളും നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെ ഇമേജ് നിലനിര്‍ത്താനുള്ള ഷെഡ്യൂളുകള്‍ അവരുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങുന്നു. ഇങ്ങനെ തുടങ്ങുന്ന ഉള്‍പ്രദേശങ്ങളിലെ സര്‍വ്വീസുകള്‍ മിക്കതും നഷ്ടത്തിലാണ്. യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണ്. വിവിധതരം സൗജന്യയാത്രാപാസുകള് നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും സര്‍ക്കാരാണ്. സര്‍ക്കാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സംവിധാനമാണ് ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ്. ഇത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ്. സര്‍ക്കാരിന്റെ നയങ്ങളും താല്പര്യങ്ങളും നടപ്പിലാക്കാനാണ് മാനേജ്മെന്റ് ശ്രദ്ധിക്കുന്നത്. ഈ സ്ഥാപനത്തില്‍ കൂലിക്ക് വരുന്ന ജീവനക്കാര്‍ക്ക് ഏതെങ്കിലും തീരുമാനം സ്വയമെടുത്ത് നടപ്പിലാക്കാന്‍ അവകാശമുണ്ടോ? അവര്‍ക്ക് നിശ്ചയിച്ചുകൊടുക്കുന്ന ജോലി, നിശ്ചയിച്ചു നല്കിയ സമയത്ത് നിര്‍വ്വഹിച്ചിട്ട് ജീവനക്കാര്‍ പോകുന്നു. അതില്‍ വീഴ്ച വന്നാല്‍ ജീവനക്കാരുടെ മേല്‍ നടപടിയുണ്ടാകുന്നു. ഈ തൊഴിലാളികള്‍ക്കാണ് വേതനം ഗഡുക്കളായി ഒരു ഔദ്യാര്യമെന്നോണം വിതരണം ചെയ്യുമെന്ന് പറയുന്നത്.
ലാഭം മാത്രം നോക്കി ഒരു പബ്ലിക്ക് യൂട്ടിലിറ്റി സ്ഥാപനം നടത്തിക്കൊണ്ടു പോകാനാകില്ല. ലോകത്ത് ഒരിടത്തും ആര്‍ടിസികള്‍ ലാഭത്തിലല്ല. അങ്ങനെയാണെങ്കില്‍ പോലീസും സ്കൂളുകളും സര്‍ക്കാര്‍ ആഫീസുകളും സര്‍ക്കാര്‍ ആശുപത്രികളും ലാഭമുണ്ടാക്കേണ്ടതല്ലേ. പൊതുജനങ്ങളില്‍ നിന്നും യാത്രാനിരക്ക് പിരിക്കുന്നതിനാല്‍ പരമാവധി നഷ്ടം കുറയ്ക്കേണ്ടതുണ്ട്. എല്ലാ ആര്‍ടിസികളും നിലനില്‍ക്കുന്നത് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ക്ക് റി-ഇംബേഴ്സ്മെന്റ് നല്‍കിയും, നഷ്ടം നികത്താന്‍ ധനസഹായം ചെയ്തും, സര്‍ക്കാര്‍ ധനത്തില്‍ പുതിയ ബസുകള്‍ നിരത്തിലിറക്കി കൊണ്ടുമാണ്. ലോകത്ത് ഒരു ആര്‍ടിസിയിലും ജീവനക്കാരുടെ ശമ്പളം ടാര്‍ഗറ്റിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും, ഗഡുക്കളായി വിതരണം ചെയ്യുമെന്നും പറഞ്ഞിട്ടില്ല. അതിന്റെ വിചിത്രത കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്. നമുക്ക് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ആനവണ്ടി കേരളീയരുടെ അഭിമാനമാണ്. ഈ ആനവണ്ടി കേരളത്തെ ചലനാത്മകമാക്കുന്നു. ഈ ആനവണ്ടി കേരളീയരുടെ ഒരു വൈകാരിക രൂപമാണ്. അങ്ങനെയുള്ളൊരു സ്ഥാപനത്തില്‍ പണിയെടുക്കുന്നവന്റെ ശമ്പളം ഗഡുക്കളല്ലാതെ നിശ്ചയിക്കപ്പെട്ട തീയതിയില്‍ തന്നെമുഴുവന്‍ ശമ്പളവും കൃത്യമായി കൊടുക്കാന്‍ സര്‍ക്കാരും, മാനേജ്മെന്റും തയ്യാറാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: