ന്യൂദല്‍ഹി : പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി ഒമ്പത് സംസ്ഥാനങ്ങളില്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നു. കേരളം, ദല്‍ഹി, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്‌ട്ര, ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് ഒരുങ്ങുന്നത്.
ദല്‍ഹിയില്‍ ബിജെപി എംപി മനോജ് തിവാരിയാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. ബംഗാളില്‍ ബിജെപി നേതാവും പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരിയുമാണ് വാര്‍ത്താ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ സഞ്ജയ് ജയ്സ്വാള്‍ (ബീഹാര്‍), ബ്രിജേഷ് പഥക് (ഉത്തര്‍ പ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) എന്നിങ്ങനെ പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം ബിജെപി മറുപടി നല്‍കും. എന്നാല്‍ ബഡ്ജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മൂലം മഹാരാഷ്‌ട്രയില്‍ അടുത്ത ദിവസമായിരിക്കും ബിജെപിയുടെ വാര്‍ത്താ സമ്മേളനം.
മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (കെസിആര്‍), ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: