തിരുവനന്തപുരം: ബ്രഹ്മപുരം ദുരന്തത്തില്‍ പിണറായി വിജയന്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണ് എന്നും കേന്ദ്രമന്ത്രി ചോദിച്ചു.മാലിന്യസംസ്ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ ദുരന്തമാണ് കൊച്ചിയില്‍ കാണുന്നത്. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്കാന് മുന്‍കയ്യെടുത്തത് പിണറായി വിജയനാണ്.
ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയന്. അദ്ദേഹം എവിടെപ്പോയി എന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തട്ടെ. രണ്ടു ദിവസം കൊണ്ട് തീ കെടുത്തും എന്ന് നിയമസഭയില്‍ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയില്‍ ഒളിച്ചു.
മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് അഴിമതിയുടെ മാലിന്യം കവര്‍ന്നെടുക്കുന്നത് എന്നും വി.മുരളീധരന് പറഞ്ഞു. ആമസോണ്‍ കാടുകളിലെ തീപിടുത്തത്തിനെതിരെ ഡല്‍ഹിയല്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: