കൊച്ചി : എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ. ഉമേഷ് ചുമതയേറ്റു. ഇന്ന് രാവിലെ കാക്കനാട് കളക്ടറേറ്റിലെത്തി ചുമതലയേല്ക്കുകായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എന്‍.എസ്.കെ. ഉമേഷ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അണയ്ക്കാന്‍ കഴിയാതെ വിവാദം കത്തി നില്‍ക്കേയാണ് കളക്ടറെ സ്ഥലം മാറ്റിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ ഡോ. രേണു രാജ് നല്ല ആക്ഷന്‍പ്ലാനാണ് തയാറാക്കിയത്. അതു നടപ്പാക്കുമെന്ന് പുതിയ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മാലിന്യ നിര്‍മാര്‍ജനത്തിനു ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കും. പ്രശ്നപരിഹാരത്തിന് ‘ടീം എറണാകുള’മായി പ്രവര്‍ത്തിക്കുമെന്നും കളക്ടറായി ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു.
ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. വയനാട് ജില്ലാ കളക്ടറായാണ് പുതിയ നിയമനം. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതിനുപിന്നാലെ ചുമതലകളില്‍നിന്ന് രേണുരാജ് ബുധനാഴ്ചതന്നെ ഒഴിഞ്ഞുപോയിരുന്നു. അതിനാല്‍ ചുമതല കൈമാറ്റത്തിന് എത്തിയില്ല. അതേസമയം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധവും രേഖപ്പെടുത്തിയശേഷമാണ് രേണുരാജ് വയാട്ടിലേക്ക് യാത്ര തിരിച്ചത്. ‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. നീ ”വെറും” പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’ എന്നായിരുന്നു വനിതാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രേണുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: