കൊച്ചി : സിബിഐയെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിച്ചെങ്കില്‍ അതിനേക്കാള്‍ ദയനീയമാണ് ഇഡിയുടെ നിലപാട്. ചോദ്യം ചെയ്യാനായി ആരെ വിളിപ്പിച്ചാലും ഭയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രനെ ഇഡി രണ്ടാം ദിവസവും ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് എംവി. ഗോവിന്ദന്റെ പ്രതികരണം.
ഇഡി സത്യത്തില്‍ ഇഴയുകയാണ്. കൂട്ടിലടച്ച തത്തയേക്കാള്‍ ദയനീയമാണ് ഇഡിയുടെ നിലപാട്. ഇഡിക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ്വല്‍ക്കരിക്കുന്നതിനും എതിരെയാണ് സിപിഎമ്മിന്റെ ജാഥ. ജനകീയ പ്രതിരോധ ജാഥയ്ക്കിടെ ഇഡി ആരെ വിളിപ്പിച്ചാലും ഞങ്ങള്‍ക്കു ഭയമില്ല. ഇഡിയെ ഞങ്ങള്‍ക്കു പേടിയില്ല. 2025 ആകുമ്പോഴേക്കും ഇനിയും ഇഡി പലതും ചെയ്യും. ഞങ്ങള്‍ക്ക് ഒരു ബേജാറുമില്ല. തേസമയം ഇ.പി. ജയരാജന്റ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന് പിന്തുണച്ചു. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വസ്ത്രം ധരിച്ച് വരുന്നതുകൊണ്ട് പ്രതിഷേധങ്ങളില്‍ പോലീസിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നുള്ള പ്രശ്നം ചൂണ്ടിക്കാട്ടുക മാത്രമാണ് ജയരാജന് ചെയ്തത്.
ജയരാജന്റേത് സാമാന്യ മര്യാദയ്ക്കുള്ള ചോദ്യമാണ്. അതായത് ആണ്കുട്ടികളെപ്പോലെത്തന്നെ മുടി. ആണ്കുട്ടികളെപ്പോലെത്തന്നെ ഡ്രസ്. ആണ്കുട്ടികളെപ്പോലെത്തന്നെ എല്ലാക്കാര്യങ്ങളും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായിട്ടും എങ്ങനെയാണ് തിരിച്ചറിയുക എന്നൊരു ചോദ്യം ചോദിച്ചു എന്നല്ലേയുള്ളൂ. അങ്ങനെ നടക്കാന്‍ പാടില്ലാന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഡ്രസ് ഇടാന്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. പോലീസിനു തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ വരുന്നു എന്നൊരു കാര്യം ചൂണ്ടിക്കാട്ടിയതാണ് ഇ.പി.ജയരാജന് അതില്‍ വേറെ പ്രശ്നമൊന്നുമില്ല’ ഗോവിന്ദന് പറഞ്ഞു.
ബ്രഹ്മപുരം ബയോ മൈനിങ് കരാര്‍ പാര്‍ട്ടി നേതാവിന്റെ ബന്ധുവിനു നല്‍കിയെന്ന ആരോപണത്തിലും ഗോവിന്ദന് പ്രതികരിച്ചു. വിഷയത്തില്‍ കരാര്‍ നല്‍കുന്നതിന് ആര്‍ക്കും വഴിവിട്ട സഹായം ചെയ്യേണ്ട ആവശ്യം സിപിഎമ്മിനില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാവല്ല, പാര്‍ട്ടി തന്നെയായാലും വിട്ടുവീഴ്ചയില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരായ ബിന്‍ ലാദന് പരാമര്‍ശത്തില്‍ എം.വി. ജയരാജനോട് കാര്യങ്ങള്‍ തിരക്കി.ഇത് വംശീയ പരാമര്‍ശമല്ല.പ്രസംഗത്തിനിടയില്‍ പറഞ്ഞ് പോയതാണ്. പാര്‍ട്ടി ഇത്തരം പരാമര്‍ശങ്ങളെ പിന്തുണക്കുന്നില്ല.
ഇന്ന് വനിതാ ദിനമാണ്. സ്ത്രീ മുന്നേറ്റത്തിന് ഇത്രയേറെ ചെയ്ത മറ്റൊരു സര്‍ക്കാരില്ല. വീട്ടമ്മമാര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. ഉടന്‍ നടപ്പാക്കും. വീട് ഞാനാണു പോറ്റുന്നതെന്ന നിലപാട് പുരുഷന്മാര് മാറ്റണം. ബഹുവചനം ഉപയോഗിക്കാനെങ്കിലും ശ്രമിക്കണം. നമ്മളാണ് കുടുംബം പോറ്റുന്നതെന്നു പറയാന്‍ കഴിയണമെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: