സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും അവരെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതികള്‍ കൂടുതല്‍ സ്ത്രീകളിലേക്കെത്തുന്നു. സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിക്കുമ്പോള്‍ ആദ്യം മുന്നില്‍ കാണുന്നത് സ്ത്രീകളെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജന്‍ധന്‍യോജന മുതല്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച ‘മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്’ പദ്ധതി വരെ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള മികച്ച ചുവടുവയ്‌പ്പാണ്. ‘നാരീ തു നാരായണി’ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും 2019-ലെ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായാണിപ്പോള്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. സ്ത്രീകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കി അവരെ സമൂഹത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഇന്ത്യ ഓടിയെത്തുകയാണെന്നു വേണം പറയാന്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ വായ്പയെടുത്തു സംരംഭങ്ങള്‍ ആരംഭിക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കൂടി. മോദി ഭരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ വിശ്വാസത്തോടെ ഏതു സംരംഭവും തുടങ്ങാനുള്ള അവസരമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കുള്ള വായ്പാ ലഭ്യത ഇരട്ടിയായി. 2017ലെ 7 ശതമാനത്തില്‍ നിന്ന് 2022ല്‍ 14 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ കടംവാങ്ങുന്ന സ്ത്രീകള്‍ ആ പണം കൃത്യമായി തിരിച്ചടയ്‌ക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ ബാങ്കുകളില്‍ നിന്നെടുക്കുന്ന കടം കൃത്യമായി തിരിച്ചടയ്‌ക്കുന്നതിനാല്‍ ബാങ്കുകള്‍ അവര്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ തയ്യാറാകുന്നു. സിബില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ വായ്പയെടുക്കുന്ന സ്ത്രീകളുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 15% വര്‍ധിച്ചു. പുരുഷ വായ്പക്കാര്‍ക്ക് ഇത് 11% ആയിരുന്നു. 2017ലെ 25 ശതമാനത്തില്‍ നിന്ന് 2022ല്‍ വായ്പയെടുക്കുന്ന സ്ത്രീകളുടെ വിഹിതം 28 ശതമാനമായാണ് വളര്‍ന്നത്. പല വായ്പാ ദാതാക്കളും സ്ത്രീ വായ്പക്കാര്‍ക്ക് മികച്ച നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കടം വാങ്ങുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് മികച്ച ക്രെഡിറ്റ് പ്രൊഫൈല്‍ ഉള്ളതാണ് പ്രധാന കാരണം. 2022 ല്‍, 51% പുരുഷ വായ്പക്കാരെ അപേക്ഷിച്ച് 57% സ്ത്രീകള്‍ക്ക് പ്രൈം ക്രെഡിറ്റ് സ്‌കോറുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വായ്പയെടുക്കുന്ന സ്ത്രീകള്‍ ആ പണം ദുര്‍വ്യയം ചെയ്യുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അവര്‍ തുടങ്ങുന്ന തൊഴില്‍ സംരംഭങ്ങളിലും ബിസിനസിലും വിജയിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിസിനസ് ലോണുകള്‍ തേടുന്ന സ്ത്രീകളുടെ എണ്ണം മൂന്നിരട്ടിയിലധികം വര്‍ധിച്ചു. ഇത് ഇന്ത്യയിലെ സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കാലയളവില്‍, മൊത്തത്തിലുള്ള ബിസിനസ് വായ്പയില്‍ സ്ത്രീകളുടെ വിഹിതം 12 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6 ശതമാനം വളര്‍ച്ച കൈവരിച്ച ഭവനവായ്പ വിഭാഗത്തിലും സ്ത്രീ വായ്പക്കാരാണ് കൂടുതല്‍. മുമ്പ് ഭവനവായ്പയെടുക്കുന്നത് പുരുഷന്മാരായിരുന്നു കൂടുതല്‍. എന്നാല്‍ സ്വന്തമായി വീടുവെക്കുന്ന സ്ത്രീകളുടെ നിരക്ക് വളരെയധികം കൂടി എന്നതാണ് ഈ മേഖലയില്‍ സ്ത്രീ വായ്പക്കാരുടെ എണ്ണം കൂടിയത് വ്യക്തമാക്കുന്നത്.
വായ്പയെടുത്തു തന്റെതായ തൊഴില്‍മേഖല സൃഷ്ടിച്ച് ജീവിതം സമൃദ്ധമായി മുന്നോട്ടു കൊണ്ടുപോകുന്ന സ്തീകളാണ് കൂടുതലുള്ളത്. അവര്‍ മറ്റു സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ തൊഴിലുറപ്പുപദ്ധതി പോലുള്ള തൊഴില്‍ സേനകളില്‍ ചേരുന്ന സ്ത്രീകള്‍ അതുവഴി സമ്പാദിക്കുകയും വായ്പയെടുത്ത് പലതരത്തിലുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. തൊഴിലെടുത്തുണ്ടാക്കുന്ന പണം കൃത്യമായി വായ്പാ തിരിച്ചടവിനായി അവര്‍ ഉപയോഗിക്കുന്നു. വ്യക്തിഗത, ഉപഭോക്തൃ ഡ്യൂറബിള്‍ ലോണുകള്‍ സ്ത്രീ വായ്പക്കാര്‍ക്കിടയില്‍ പ്രചാരം നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൂടുതല്‍ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായതോടെ, തങ്ങളുടെ ജീവിത ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ അവര്‍ വായ്പാ അവസരങ്ങള്‍ തേടുകയാണ്. കുട്ടികളെ പഠിപ്പിക്കുന്നതിനും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനുമവര്‍ വായ്പാ പദ്ധതികളെ ആശ്രയിക്കുന്നു. സ്ത്രീ വായ്പക്കാരുടെ വര്‍ധിച്ച പങ്കാളിത്തം, സ്ത്രീകളെപ്പോലുള്ള പരമ്പരാഗതമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക അവസരങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരിന്റെ പദ്ധതികളുടെ വിജയമാണ് കാണിക്കുന്നത്.
വായ്പയെടുത്തു തൊഴില്‍ ചെയ്യുന്നതിനൊപ്പം സ്ത്രീകളിലെ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ‘മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്’ പദ്ധതിയാണിതില്‍ ഏറ്റവും പുതിയത്. രണ്ടു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. രണ്ടു ലക്ഷം രൂപവരെ പദ്ധതി പ്രകാരം നിക്ഷേപിക്കാം. 7.5 ശതമാനം പലിശ സമ്പാദ്യത്തിന് നല്‍കും. കൂടാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രത്യേക ചെറുകിട നിക്ഷേപ പദ്ധതിയും ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവധി തീരും മുന്‍പ് നിക്ഷേപ തുക പിന്‍വലിക്കാം എന്ന വ്യവസ്ഥ ഈ പദ്ധതിക്കുണ്ട്. ബജറ്റില്‍ ഗ്രാമീണമേഖലകളിലെ സ്ത്രീകള്‍ക്കു വേണ്ടി വനിതാ സ്വയം സഹായ നിര്‍മ്മാണ സംഘങ്ങള്‍ രൂപീകരിക്കണമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ഇങ്ങനെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിപണിയിയെ ഉത്തോജിപ്പിക്കുന്നതോടെ ഗ്രാമപ്രദേശങ്ങളില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. വലിയ ഉത്പാദക സംരംഭങ്ങള്‍ ആരംഭിക്കുകയും ആയിരക്കണക്കിന് സ്ത്രീകളെ അതില്‍ അംഗങ്ങളാക്കുകയും ചെയ്യും.
വികസനത്തില്‍ സ്ത്രി പങ്കാളിത്തം കൂട്ടുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം. മാത്രമല്ല സ്ത്രികള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കി അവരെ കൂടുതല്‍ സഹായിക്കും. സ്ത്രിക്ഷേമത്തിനായി മുദ്ര പദ്ധതിയിലൂടെ ഓരോ സംഘത്തിലേയും ഒരു വനിതയ്‌ക്ക് ഒരു ലക്ഷം രൂപ വായ്പ ഇപ്പോള്‍ നല്‍കുന്നുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രികള്‍ക്കും ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കുമെന്ന നേരത്തെയുള്ള പ്രഖ്യാപനവും സാധ്യമാക്കി. ഈ പ്രഖ്യാപനങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നും സ്ത്രീശാക്തീകരണം നൂറ് ശതമാനം യാഥാര്‍ത്ഥ്യമാകുകയാണെന്നും സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
(വിവിധ റിപ്പോര്‍ട്ടുകളെ അധികരിച്ച് തയ്യാറാക്കിയത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: