കോഴിക്കോട്: ഐഎസ്എല്‍ നോക്കൗട്ടിലെ വിവാദ പോരാട്ടത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും മുഖാമുഖമെത്തുന്നു. സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എയിലാണ് ഈ ടീമുകള്‍. ഏപ്രില്‍ 16ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പിലെ മൂന്നാം ടീം ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയും നാലാമത്തെ ടീം യോഗ്യതാ മത്സരം കളിച്ചെത്തുന്ന ഐ ലീഗ് ടീമുമാണ്.
ഐഎസ്എല്ലിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരും നേരിട്ട് യോഗ്യത നേടി. ഐ ലീഗിലെ രണ്ടു മുതല്‍ ഏഴ് വരെയുള്ള ടീമുകള്‍ യോഗ്യതാ മത്സരം കളിക്കും. ഒമ്പത്, പത്ത് സ്ഥാനക്കാര്‍ ഏറ്റുമുട്ടി അവരും യോഗ്യതാ മത്സരത്തിനെത്തും. ഇതില്‍ നിന്നാണ് നാല് ഐ ലീഗ് ടീമുകള്‍ യോഗ്യത നേടുക.
ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ്ബംഗാള്‍, സിയില്‍ എടികെ, എഫ്സി ഗോവ, ജംഷദ്പൂര്‍ എഫ്സി, ഡിയില്‍ മുംബൈ സിറ്റി എഫ്സി, ചെന്നൈയിന്, നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ടീമുകളാണ് നേരിട്ടെത്തുന്നത്. യോഗ്യതാ മത്സരം വിജയിക്കുന്ന ഓരോ ടീമുകളും ഇതിനൊപ്പം ചേരും. നാല് ഗ്രൂപ്പിലായി 16 ടീമുകള്‍.
ഏപ്രില്‍ മൂന്നിന് യോഗ്യതാ പ്ലേ ഓഫോടെ സൂപ്പര്‍ കപ്പ് തുടങ്ങും. പ്ലേ ഓഫില്‍ ആദ്യം ഒമ്പത്-പത്ത് സ്ഥാനക്കാര്‍ ഏറ്റുമുട്ടും. അഞ്ച്, ആറ് ദിവസങ്ങളിലാണ് യോഗ്യതാ മത്സരങ്ങള്‍. ഐ ലീഗിലെ രണ്ടാം സ്ഥാനക്കാര്‍-പ്ലേ ഓഫ് ജേതാക്കള്‍, മൂന്ന്-എട്ട്, നാല്-ഏഴ്, അഞ്ച്-ആറ് സ്ഥാനക്കാരാണ് യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടുക. കോഴിക്കോടാണ് ഈ മത്സരങ്ങള്‍. മഞ്ചേരിയാണ് രണ്ടാമത്തെ വേദി. ഗ്രൂപ്പ് എ, സി മത്സരങ്ങള്‍ കോഴിക്കോട്ടും, ബി, ഡി മത്സരങ്ങള്‍ മഞ്ചേരിയിലുമാണ്. സെമിഫൈനലുകള്‍ കോഴിക്കോടും മഞ്ചേരിയിലുമായി. ഫൈനല്‍ കോഴിക്കോട്.
ഈ മത്സരത്തിലെ വിജയികള്‍ക്ക് എഎഫ്സി കപ്പിലേക്കു യോഗ്യത ലഭിക്കുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, കോഴിക്കോട് ഡിഎഫ്എ പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് രാജഗോപാല്‍, മുന്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, കെഎഫ്എയുടെ കൊമേഴ്സ്യല്‍ മാര്‍ക്കറ്റിങ് പാര്‍ട്ണര്‍ ആയ സ്കോര്‍ ലൈന്‍ പ്രതിനിധി മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: